കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ്
Ernakulam , 18 ഏപ്രില് (H.S.) കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ്. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചതായും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതേസമയം, സുരക്ഷ ആവശ്യ
Kumba mela


Ernakulam , 18 ഏപ്രില് (H.S.)

കുംഭമേള വൈറൽ പെൺകുട്ടിയുടെ അറസ്റ്റ് പാടില്ലെന്ന കോടതി ഉത്തരവുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ്. ഇക്കാര്യം മധ്യപ്രദേശ് പൊലീസിനെ അറിയിച്ചതായും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ പറഞ്ഞു. അതേസമയം, സുരക്ഷ ആവശ്യപ്പെട്ടുള്ള അവരുടെ പരാതി ലഭിച്ചിട്ടുണ്ട്. പെൺകുട്ടിക്ക് പൊലീസ് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല. ഒരു സേന മറ്റൊരു സേനയ്ക്ക് നൽകേണ്ട അടിസ്ഥാന സഹായം മാത്രമാണ് ഈ കാര്യത്തിൽ കൊച്ചി പൊലീസ് മധ്യപ്രദേശ് പൊലീസിന് നൽകിയതെന്നും കമ്മിഷണർ വ്യക്തമാക്കി.

പിതാവിൻ്റെ പരാതിയിൽ അന്വേഷണം

കുംഭമേള വൈറൽ താരത്തെയും ഭർത്താവ് ഫർമാൻഖാനെയും കണ്ടെത്താൻ മധ്യപ്രദേശ് പൊലീസിന് കഴിഞ്ഞിരുന്നില്ല. പ്രായപൂർത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയെന്ന യുവതിയുടെ പിതാവിൻ്റെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസിലാണ് മധ്യപ്രദേശ് പൊലീസ് അന്വേഷണം നടത്തുന്നത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പെൺകുട്ടിയുടെ നീക്കം. തൻ്റെ കുടുംബത്തെ സ്വാധീനിച്ച് ചിലർ തനിക്കെതിരെ വ്യാജ പരാതി നൽകിയിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു. പെൺകുട്ടിയും ഭർത്താവ് ഫർമാനും നിലവിൽ ഒളിവിൽ കഴിയുകയാണ്.

തനിക്ക് പ്രായപൂർത്തിയായെന്നും മധ്യപ്രദേശ് പൊലീസിൻ്റെ നടപടികളിൽ നിന്ന് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടി കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ തുടർനടപടികളൊന്നും കൊച്ചി പൊലീസ് സ്വീകരിച്ചിട്ടില്ല. പെൺകുട്ടിയുടെ ഭർത്താവിന് ഹൈക്കോടതി നൽകിയ ഇടക്കാല മുൻകൂർ ജാമ്യത്തിലെ, തുടർന്നുള്ള കോടതി നടപടികൾ അനുസരിച്ചായിരിക്കും കൊച്ചി പൊലീസ് നടപടികളിലേക്ക് കടക്കുകയെന്നാണ് പൊലിസിൽ നിന്ന് ലഭിക്കുന്ന വിവരം.

മധ്യപ്രദേശ് അന്വേഷണസംഘം കൊച്ചിയിൽ

മധ്യപ്രദേശിലെ മഹേശ്വർ പൊലീസ് സ്റ്റേഷനിലെ സി ഐ ഗണപത് കനയൽ, വനിതാ എസ് ഐ പ്രിയങ്ക എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്. പെൺകുട്ടിയുടെ ഭർത്താവ് ഫർമാൻ ഖാൻ്റെ സുഹൃത്തിൻ്റെ മേൽവിലാസം തേടിയാണ് സംഘം തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നത്. ഇവരെ ഫോണിൽ ബന്ധപ്പെട്ട് പെൺകുട്ടിയുടെയും ഭർത്താവിൻ്റെയും മൊഴിയെടുക്കാൻ തയ്യാറാകണമെന്ന് മധ്യപ്രദേശ് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമപരമായി കേസിനെ നേരിടുമെന്ന മറുപടിയാണ് അവർ നൽകിയത്.

സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് പെൺകുട്ടി

ദേശീയ പട്ടികവർഗ കമ്മിഷൻ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഫർമാൻഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്നാണ് കമ്മിഷൻ്റെ കണ്ടെത്തൽ. ഈ കേസുമായി ബന്ധപ്പെട്ടാണ് നിലവിലെ പൊലീസ് നടപടികൾ തുടരുന്നത്. മധ്യപ്രദേശ് പൊലീസ് തങ്ങളെ കസ്റ്റഡിയിലെടുക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി അധികൃതരെ സമീപിച്ചത്.

തനിക്ക് പ്രായപൂർത്തിയായെന്ന് വ്യക്തമാക്കുന്ന ആധാർ കാർഡിൻ്റെ പകർപ്പ് സഹിതമാണ് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിരിക്കുന്നത്. തങ്ങൾ നിയമപരമായാണ് വിവാഹിതരായതെന്നും കേരളത്തിൽ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് പെൺകുട്ടിയുടെ ആവശ്യം. വിഷയത്തിൽ ഇടപെട്ട കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ, ഫർമാൻഖാൻ്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മധ്യപ്രദേശ് പൊലീസിനെ അറിയിച്ചിരുന്നു.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരം പൂവാറിനടുത്ത് അരുമാനൂർ ശ്രീനൈനാർ ദേവിക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയും ഫർമാൻ ഖാനും വിവാഹിതരായത്. വിവാഹസമയത്ത് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നാണ് കേരള പൊലീസിൻ്റെ മുൻ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ആധാർ കാർഡിലെ വിവരങ്ങൾ വെബ്സൈറ്റ് വഴി പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷമാണ് വിവാഹം നടന്നതെന്നും പൊലീസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു.

എങ്കിലും, പെൺകുട്ടിയുടെ പിതാവിൻ്റെ പരാതിയും ദേശീയ പട്ടികവർഗ കമ്മിഷൻ്റെ ഇടപെടലും കേസിനെ സങ്കീർണമാക്കിയിരിക്കുകയാണ്. മെയ് 20 വരെ ഫർമാൻഖാൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിട്ടുള്ളത് ഇവർക്ക് താത്ക്കാലിക ആശ്വാസമാകുന്നുണ്ട്. മധ്യപ്രദേശ് പൊലീസിൻ്റെ തുടർനടപടികളും കേരള പൊലീസിൻ്റെ നിലപാടും ഈ കേസിൽ നിർണായകമാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News