ചെലവൂർ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം
Kozhikode , 18 ഏപ്രില് (H.S.) ചെലവൂർ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊല്ലപ്പെട്ട നസ്രീനയുടെ മൊബൈൽ ഫോൺ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തി. ഇതോടൊപ്പം, പ്രതിയായ അദ്നാന്റെ ഫോണും ശാസ്ത്
Murder case


Kozhikode , 18 ഏപ്രില് (H.S.)

ചെലവൂർ മൂഴിക്കലിൽ പതിനാറുകാരിയെ കൊലപ്പെടുത്തി ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതം. കൊല്ലപ്പെട്ട നസ്രീനയുടെ മൊബൈൽ ഫോൺ വീട്ടിലെ കിണറ്റിൽ നിന്ന് കണ്ടെത്തി. ഇതോടൊപ്പം, പ്രതിയായ അദ്നാന്റെ ഫോണും ശാസ്ത്രീയ പരിശോധനയ്ക്കായി അയയ്ക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

ഫോൺ തിരച്ചിലിനിടെ കിണറ്റിൽ നിന്ന് മൂന്നാമത് ഒരു മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഈ ഫോൺ ആരുടേതാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

മൂന്ന് ഫോണുകളും ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവയിൽ നിന്ന് കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങളും മറ്റ് ബന്ധങ്ങളും കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്. നസ്രീനയുടെ വീട്ടിലെ കിണറ്റിൽ നിന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകൾ കണ്ടെടുത്തത്.

തെളിവു നശിപ്പിക്കാൻ ശ്രമം നടന്നതായാണ് സൂചന. അദ്നാൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതിയാണ് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു എന്നാണ് നിഗമനം. അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഉള്ളിൽ നിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നതാണ് ദുരൂഹത ഉണർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നാണ് പൊലീസിന്റെ സംശയം.

പതിനാറുകാരിയെ കൊന്നതിന് പിന്നാലെ അദ്നാൻ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബത്തിനുള്ളിലെ തർക്കങ്ങളും വൈരാഗ്യവുമാണ് സംഭവത്തിന് പിന്നിലെ പ്രധാന കാരണമെന്ന് പൊലീസ് സൂചിപ്പിക്കുന്നു. മോഷണശ്രമവും മോശം കൂട്ടുകെട്ടും ആരോപിച്ച് കഴിഞ്ഞ ഡിസംബറിൽ അദ്നാനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് നസ്രീനയാണ് കാരണം എന്ന ധാരണയാണ് അദ്നാനിൽ വൈരാഗ്യം വളർത്തിയതെന്ന് പറയുന്നു.

വീട്ടിലെ സിസിടിവി സംവിധാനം മുമ്പ് അദ്നാന്റെ ഫോണുമായി ബന്ധിപ്പിച്ചിരുന്നതാണ്. എന്നാൽ നസ്രീനയുടെ നിർബന്ധപ്രകാരം ആ ബന്ധം പിന്നീട് വിച്ഛേദിച്ചതും സംഘർഷത്തിന് ഇടയാക്കിയതായി അന്വേഷണത്തിൽ വ്യക്തമായി. സംഭവദിവസം ബന്ധുക്കൾ ഒത്തുകൂടിയ സമയത്ത് അദ്നാൻ ആരും അറിയാതെ വീട്ടിൽ കയറുകയും, പിന്നീട് പുലർച്ചെ നസ്രീനയുടെ മുറിയിൽ കയറി ആക്രമണം നടത്തുകയും ചെയ്തതായി പൊലീസ് കണ്ടെത്തി.

പാക്കിങ് ടേപ്പ് ഉപയോഗിച്ച് വായും മൂക്കും അടച്ച് കഴുത്തുഞെരിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട അദ്നാൻ, ഒടുവിൽ സ്വയം ജീവനൊടുക്കിയെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ മറ്റാരുടെയെങ്കിലും പങ്കുണ്ടോയെന്ന് കണ്ടെത്താൻ അദ്നാന്റെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുകയും ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കുകയും ചെയ്യുന്നു. അന്വേഷണം തുടരുകയാണ്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News