Enter your Email Address to subscribe to our newsletters

Newdelhi , 18 ഏപ്രില് (H.S.)
ലോകത്ത് ഏറ്റവും കൂടുതല് ആപ്രിക്കോട്ട് ഉല്പ്പാദനം നടക്കുന്ന സ്ഥലങ്ങളില് ഒന്നാണ് ലഡാക്ക്. ആപ്പിളും ആപ്രിക്കോട്ടും യഥേഷ്ടമുണ്ടാകുന്ന ലഡാക്കുമായി ലുലു ഗ്രൂപ്പ് പുതിയ ധാരണ പത്രം ഒപ്പുവച്ചു.
1000 മെട്രിക് ടണ് ആപ്രിക്കോട്ട് ലഡാക്കില് നിന്ന് വാങ്ങി ലോക വിപണിയിലെത്തിക്കുന്നതാണ് കരാര്. ഇന്ത്യയില് നിന്നുള്ള പഴങ്ങള് ലോകവിപണിക്ക് കൂടുതല് സുപരിചിതമാകാനുള്ള വഴിയാണ് തെളിയുന്നത്.
ലഫ്. ഗവര്ണര് വികെ സക്സേനയുടെ സാന്നിധ്യത്തില് ലുലു റീട്ടേയ്ല് ഗ്രൂപ്പ് ഡയറക്ടര് സലീം എംഎ, ലഡാക്ക് ഹോര്ട്ടി കള്ച്ചര് സെക്രട്ടറി ഭൂപേഷ് ചൗധരി എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്. വിളവെടുപ്പ് മുതല് പാക്കിങ്, കയറ്റുമതി തുടങ്ങിയ കാര്യങ്ങളിലെല്ലാം ലുലു ഗ്രൂപ്പിന്റെ സഹകരണമുണ്ടാകും. വിളവെടുപ്പ് സമയത്ത് സംഭവിക്കുന്ന നഷ്ടം ഇതോടെ ഇല്ലാതാക്കാമെന്നാണ് ലഡാക്ക് അധികൃതരുടെ പ്രതീക്ഷ.
ചരിത്രപരമായ കരാറാണ് യാഥാര്ഥ്യമായിരിക്കുന്നത് എന്ന് വികെ സക്സേന പറയുന്നു. കര്ഷകര്ക്ക് സാമ്പത്തിക നേട്ടം നേരിട്ട് ലഭിക്കാന് പോകുന്നു എന്നതാണ് പ്രധാന ഗുണം. ലഡാക്കിന്റെ പഴം ലോക വിപണിയില് എത്തുന്നു എന്നതാണ് മറ്റൊരു കാര്യം. വളരെ ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് അപ്രിക്കോട്ട്. ലഡാക്കിലെ ആപ്പിള് കയറ്റുമതിക്കും ഊന്നല് നല്കുമെന്ന് സക്സേന പറഞ്ഞു.
എന്താണ് ആപ്രിക്കോട്ട്, ഗുണങ്ങള് അറിയാം
ഒരൊറ്റ കുരുവുള്ള ചെറു ഓറഞ്ച് പഴമാണ് ആപ്രിക്കോട്ട്. കാഴ്ചയില് ലളിതമെങ്കിലും പോഷകസമൃദ്ധമായ ഇത് ഇന്ന് പല ഡോക്ടര്മാരും ഒരു സൂപ്പര്ഫുഡായി കണക്കാക്കുന്നു. തണുപ്പുള്ള കാലാവസ്ഥയില് വളരുന്ന ഇടത്തരം മരങ്ങളിലാണ് ആപ്രിക്കോട്ട് വിളയുന്നത്. ഇതിന്റെ മാംസള ഭാഗം മൃദലവും നേരിയ മധുരവും ഇളം പുളിരസവുമുള്ളതാണ്. ഇന്ത്യയില്, പുതിയ ആപ്രിക്കോട്ടുകള് പ്രധാനമായും ഹിമാലയന് സംസ്ഥാനങ്ങളില് നിന്നാണ് എത്തുന്നത്. ഉണങ്ങിയ ആപ്രിക്കോട്ടുകള് കേരളത്തിലെ കടകളിലും ബേക്കറികളിലും വര്ഷം മുഴുവന് ലഭ്യമാണ്.
ആപ്രിക്കോട്ടില് പ്രകൃതിദത്ത പഞ്ചസാര, നാരുകള്, സസ്യ സംയുക്തങ്ങള് എന്നിവയുണ്ട്. കണ്ണിനും ചര്മ്മത്തിനും വിറ്റാമിന് എയും പ്രതിരോധശേഷിക്ക് വിറ്റാമിന് സിയും പ്രധാനമാണ്. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥയ്ക്ക് പൊട്ടാസ്യം സഹായിക്കുമ്പോള്, കൊഴുപ്പ് തീരെയില്ല.
ആപ്രിക്കോട്ട് കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. ഇതിലെ വിറ്റാമിന് എയും കരോട്ടിനോയിഡുകളും രാത്രി കാഴ്ചയ്ക്കു സഹായിക്കുന്നു. റെറ്റിനയുടെ പ്രവര്ത്തനങ്ങളെ ശക്തിപ്പെടുത്താനും ഇത് ഉപകരിക്കും. മൊബൈല്, ലാപ്ടോപ്പ് ഉപയോഗിക്കുന്നവര്ക്ക് ഇത് പ്രയോജനകരം.
ആപ്രിക്കോട്ട് ദഹനത്തെ സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ലതാണ്. പൊട്ടാസ്യം രക്തസമ്മര്ദ്ദം നിയന്ത്രിക്കാന് മുതിര്ന്നവരിലും ഉപകരിക്കും. ചര്മ്മ സംരക്ഷണത്തിന് ആപ്രിക്കോട്ട് ഗുണകരമാണ്. ഭാരം നിയന്ത്രിക്കാന് ആപ്രിക്കോട്ട് സഹായിക്കും. തൈരിനോടൊപ്പം അരിഞ്ഞ ആപ്രിക്കോട്ട് മികച്ച ലഘുഭക്ഷണമാണ്.
ആപ്രിക്കോട്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാന് സഹായിക്കും. നാരുകളുള്ളതിനാല് പഞ്ചസാര രക്തത്തിലേക്ക് വേഗത്തിലെത്തുന്നത് ഇത് തടയും. ഉണങ്ങിയ ആപ്രിക്കോട്ടുകള് ഇരുമ്പ് നല്കി ഹീമോഗ്ലോബിന്റെ അളവ് വര്ദ്ധിപ്പിക്കുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR