Enter your Email Address to subscribe to our newsletters

Alappuzha , 18 ഏപ്രില് (H.S.)
ചേർത്തല പള്ളിപ്പുറത്ത് മണൽ കടത്ത് നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികൾ മൂന്ന് ടോറസ് മണൽ ലോറികൾ തടഞ്ഞു. രാവിലെ പത്തരയോടെ ആലപ്പുഴയിലെ ചേന്നം പള്ളിപ്പുറം 8 -ാം വാർഡിലായിരുന്നു സംഭവം. കായലിൽ ഡ്രജ്ജിംഗ് നടത്തി മണൽ ശേഖരിച്ച് ദേശീയ പാത തുറവൂർ മുതൽ പറവൂർ വരെ നിർമ്മാണത്തിനായി കൊണ്ടുപോയ മണലാണ് പ്രദേശവാസികൾക്ക് ദോഷമുണ്ടാക്കുന്നുണ്ടെന്ന് കാട്ടി ലോറികൾ തടഞ്ഞത്.
രാത്രിയും പകലും അനവധി ലോറികളിലായാണ് മണൽ കൊണ്ടുപോകുന്നത്. അമിതവേഗത്തിൽ പോകുന്ന ടോറസ് ലോറികൾ റോഡിൻ്റെ ഇരുവശങ്ങളിലുമുള്ള മതിലുകളും പഴക്കം ചെന്ന കെട്ടിടങ്ങൾക്കുമാണ് പ്രശ്നങ്ങൾ ശൃഷ്ടിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവിടെ ഹൃദയ സംബന്ധമായ അസുഖങ്ങൾ ഏറിവരികയാണ്. ലോറികളിൽ മണൽ കൂന പോലെ നിർത്തി പ്ലാസ്റ്റിക് ഷീറ്റോ , മറ്റോ ഉപാദികൾ ഒന്നും ലോറികൾക്ക് മുകളിൽ ഉറപ്പ് വരുത്താതെയുമാണ് മണൽ കടത്തുന്നതെന്നും വീട്ടിൽ ഇരിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പ്രദേശവാസികളായ വീട്ടമ്മമാർ പറയുന്നു.
കലക്ടർക്ക് പരാതി കൊടുക്കാൻ എന്നും പറഞ്ഞ് ഞങ്ങളിൽ നിന്നും പാർട്ടിക്കാർ പേപ്പറിൽ എഴുതി ഒപ്പിട്ട് കൊണ്ടുപോയിട്ടുണ്ടായിരുന്നു. എന്നാൽ പിന്നീട് കലക്ടറും വന്നിട്ടില്ല അത് എഴുതി ഒപ്പിട്ട് കൊണ്ടുപോയ ആളും ഇവിടെ വന്നിട്ടില്ല. ഇതിലൂടെ ജനങ്ങളെ പാർട്ടിക്കാർ ചതിക്കുകയാണെന്ന് ഞങ്ങൾക്ക് മനസിലായെന്ന് പ്രദേശവാസികൾ പറയുന്നു.
പ്രശ്നം രൂക്ഷമായതോടെ ചേർത്തല - പൂച്ചാക്കൽ എന്നീ സ്ഥലത്ത് നിന്നും പൊലീസ് എത്തി സ്ഥിതി ശാന്തമാക്കി. റോഡിലുണ്ടായ പൊടിശല്യം മാറ്റാൻ ദേശീയപാത അധികൃതർ റോഡ് മുഴുവൻ വെള്ളം പമ്പ് ചെയ്തു. എന്നാൽ എല്ലാ മാനദണ്ഡങ്ങളും കണക്കിലെടുത്താണ് മണൽ ഘനനം ചെയ്യുന്നതെന്ന് ദേശീയ പാത നിർമ്മാണ ട്രാൻസ് പോർട്ടിങ് വിഭാഗം മാനേജർ ടിവിൻ പറഞ്ഞു.
മാറി താമസിക്കേണ്ടവർക്ക് മാറി താമസിക്കാനും, ഹൃദയ സംബന്ധമായ അസുഖമുള്ളവർക്ക് വീടുകളിൽ ശീതികരണ സംവിധാനം ഒരുക്കാനുമുള്ള സൗകാര്യം ഒരുക്കാമെന്നും പ്രദേശവാസികൾക്ക് നേരത്തെ തന്നെ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ടിവിൻ പറഞ്ഞു.
എന്നാൽ ആരുടെയോ താത്പര്യത്തിന് വേണ്ടി ചിലർ ഉണ്ടാക്കുന്ന പ്രശ്നമാണ് ഇന്നത്തെ സംഭവമെന്നും ടിവിൻ കൂട്ടിചേർത്തു. സംഭവത്തെ തുടർന്ന് പ്രതിഷേധിച്ച കണ്ടാൽ തിരിച്ചറിയുന്ന ആളുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എന്നാൽ കേസെടുത്തത് കൊണ്ട് പ്രതിഷേധത്തിൽ നിന്ന് പിന്മാറില്ലെന്ന് നാട്ടുകാർ പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR