വാൽപ്പാറ അപകടം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹങ്ങൾ ഇന്ന് മലപ്പുറത്തെത്തിക്കും
Valpara, 18 ഏപ്രില് (H.S.) വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ വിനോദസഞ്ചാരത്തിന് പോയ മലയാളി സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ
വാൽപ്പാറ അപകടം: പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; മൃതദേഹങ്ങൾ ഇന്ന് മലപ്പുറത്തെത്തിക്കും


Valpara, 18 ഏപ്രില് (H.S.)

വാൽപ്പാറ: തമിഴ്നാട്ടിലെ വാൽപ്പാറയിൽ വിനോദസഞ്ചാരത്തിന് പോയ മലയാളി സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികൾ പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കേരളത്തിൽ നിന്നുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ആശുപത്രിയിൽ ക്യാമ്പ് ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ എട്ടു മണിയോടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിത്തുടങ്ങി. പ്രത്യേക ആംബുലൻസുകളിലായി മൃതദേഹങ്ങൾ മലപ്പുറം ജില്ലയിലെ പാങ്ങിലേക്ക് കൊണ്ടുപോകും. വൈകുന്നേരത്തോടെ നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങൾ അമ്പലപ്പറമ്പ് ഗവൺമെന്റ് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തമായതിനാൽ വൻ ജനവലിയാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തുക എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

മലപ്പുറം പള്ളിപ്പറമ്പ് ജി.എൽ.പി സ്കൂളിലെ അധ്യാപകരും ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ അവധിക്കാലമായതിനാൽ സഹപ്രവർത്തകർ ഒത്തുചേർന്ന് നടത്തിയ യാത്ര ദുരന്തത്തിൽ അവസാനിക്കുകയായിരുന്നു. സ്കൂൾ പ്രധാനാധ്യാപിക അജിത, അധ്യാപകരായ റംല, സുഹറ, ആശ, മജീദ്, അദ്ദേഹത്തിന്റെ ഭാര്യ റുക്കിയ, പാചകത്തൊഴിലാളി സജിത, സുഹറയുടെ മകൻ ഇഷാൻ, പാങ്ങ് സ്കൂളിലെ അധ്യാപിക ഷക്കീന എന്നിവരാണ് മരിച്ച ഒൻപത് പേർ.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ ഒൻപതാം ഹെയർപിൻ വളവിലായിരുന്നു അപകടം. പത്താം വളവ് പിന്നിട്ടപ്പോൾ നിയന്ത്രണം വിട്ട ടെമ്പോ ട്രാവലർ സുരക്ഷാ ഭിത്തി തകർത്ത് 300 അടിയോളം താഴെ ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്നും അതിസാഹസികമായാണ് നാട്ടുകാരും പോലീസും ചേർന്ന് ആളുകളെ പുറത്തെടുത്തത്. ഒൻപത് പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ മുഹമ്മദ് ഫാസിത് ഉൾപ്പെടെയുള്ളവർ കോയമ്പത്തൂരിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. തമിഴ്നാട് സർക്കാരും കേരള സർക്കാരും ഏകോപിപ്പിച്ചാണ് തുടർനടപടികൾ സ്വീകരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർക്ക് എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

---------------

Hindusthan Samachar / Roshith K


Latest News