വാൽപ്പാറ ദുരന്തം: വിടപറഞ്ഞ് നാട്; പൊതുദർശനത്തിന് ശേഷം ഒൻപതുപേരുടെയും സംസ്കാരം ഇന്ന്
Kerala, 18 ഏപ്രില് (H.S.) മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ വെച്ച് ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാവിലെ
വാൽപ്പാറ ദുരന്തം: വിടപറഞ്ഞ് നാട്; പൊതുദർശനത്തിന് ശേഷം ഒൻപതുപേരുടെയും സംസ്കാരം ഇന്ന്


Kerala, 18 ഏപ്രില് (H.S.)

മലപ്പുറം: വിനോദയാത്രയ്ക്കിടെ തമിഴ്നാട്ടിലെ വാൽപ്പാറയിൽ വെച്ച് ടെമ്പോ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ച ഒൻപത് പേരുടെയും സംസ്കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം രാവിലെ തന്നെ ജന്മനാടായ മലപ്പുറത്തേക്ക് എത്തിക്കും. ഒരു ഗ്രാമത്തെയാകെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നാട് വിങ്ങുന്ന ഹൃദയത്തോടെ അന്ത്യോപചാരമർപ്പിക്കും.

പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഒൻപതുപേരുടെയും ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടവും പൂർത്തിയാക്കിയത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ മന്ത്രിമാരായ വി. ശിവൻകുട്ടിയും കെ. കൃഷ്ണൻകുട്ടിയും നേരിട്ട് ആശുപത്രിയിലെത്തി ഏകോപനം നടത്തിയിരുന്നു. ഇന്ന് രാവിലെ ഒൻപത് മണിയോടെ മൃതദേഹങ്ങൾ പാങ്ങ് അമ്പലപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ പൊതുദർശനത്തിന് വെക്കും. സ്കൂളിലെ അധ്യാപകരും ജീവനക്കാരും മരിച്ചവരിൽ ഉൾപ്പെടുന്നതിനാൽ തങ്ങളുടെ പ്രിയപ്പെട്ടവർക്ക് അവസാനമായി ഒരു നോക്ക് കാണാൻ സഹപ്രവർത്തകരും വിദ്യാർത്ഥികളും ഉൾപ്പെടെ വൻ ജനവലി ഇവിടേക്ക് എത്തുമെന്നാണ് കരുതുന്നത്.

ഒരു മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷമായിരിക്കും മൃതദേഹങ്ങൾ വീട്ടുകാർക്ക് വിട്ടുകൊടുക്കുക. പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂൾ പ്രധാനാധ്യാപിക പി. അജിതയുടെ (54) മൃതദേഹം പൊതുദർശനത്തിന് ശേഷം പുലാമന്തോളിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് ഷൊർണ്ണൂരിലായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. മറ്റ് എട്ടുപേരുടെയും സംസ്കാരം അവരവരുടെ കുടുംബാംഗങ്ങളുടെ തീരുമാനപ്രകാരം വിവിധ ഇടങ്ങളിലായി നടക്കും.

മലപ്പുറം പെരിന്തൽമണ്ണ പാങ്ങ് എൽപി സ്കൂളിലെ അധ്യാപകരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെട്ട 14 അംഗ സംഘമാണ് വിനോദയാത്രയ്ക്ക് പോയിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെ വാൽപ്പാറ-പൊള്ളാച്ചി പാതയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ചായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സംരക്ഷണ ഭിത്തി തകർത്ത് 300 അടിയോളം താഴെ ഒൻപതാം വളവിലേക്ക് പതിക്കുകയായിരുന്നു. പൂർണ്ണമായും തകർന്ന വാഹനത്തിൽ നിന്നും അതിസാഹസികമായാണ് രക്ഷാപ്രവർത്തകർ ആളുകളെ പുറത്തെടുത്തത്.

+1

അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 വയസ്സുകാരി മസ്നീനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവർ ഉൾപ്പെടെയുള്ള മറ്റ് പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. കേരളത്തെ നടുക്കിയ ഈ മഹാദുരന്തത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനുശോചനം രേഖപ്പെടുത്തിയിരുന്നു. സ്കൂൾ അവധിക്കാലത്തെ സന്തോഷകരമായ യാത്ര നാടിന്റെ തീരാനോവായി മാറുന്ന കാഴ്ചയാണ് ഇന്ന് മലപ്പുറം സാക്ഷ്യം വഹിക്കുന്നത്.

---------------

Hindusthan Samachar / Roshith K


Latest News