തമിഴ്നാട്ടിലെ വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹങ്ങൾ വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു.
Malappuram , 18 ഏപ്രില് (H.S.) തമിഴ്നാട്ടിലെ വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹങ്ങൾ വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. മലപ്പുറം പാങ്ങ് ഗവൺമെൻ്റ് എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിന് ശ
COIMBATORE POLLACHI ACCIDENT


Malappuram , 18 ഏപ്രില് (H.S.)

തമിഴ്നാട്ടിലെ വാൽപാറയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഒൻപത് പേരുടെ മൃതദേഹങ്ങൾ വിലാപയാത്രയായി ജന്മനാട്ടിലെത്തിച്ചു. മലപ്പുറം പാങ്ങ് ഗവൺമെൻ്റ് എൽപി സ്കൂളിലെ അധ്യാപകർ ഉൾപ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടത്തിന് ശേഷം പ്രത്യേക പൊലീസ് അകമ്പടിയോടെ നാട്ടിലെത്തിച്ചത്.

പാങ്ങ് അമ്പലപ്പറമ്പ് ഗവൺമെൻ്റ് ഹൈസ്കൂളിൽ രാവിലെ ഒൻപത് മുതൽ 10 വരെയാണ് പൊതുദർശനം. മരിച്ച അധ്യാപകർ ജോലി ചെയ്തിരുന്ന എൽപി സ്കൂളിൽ സ്ഥലപരിമിതി ഉള്ളതിനാലാണ് വേദി മാറ്റിയത്. ജനപ്രതിനിധികളും ബന്ധുക്കളും ഉൾപ്പെടെ നിരവധിപേർ വിലാപയാത്രയെ അനുഗമിച്ചു. പൂർവ വിദ്യാർഥികളുമായി അധ്യാപകർ നല്ല ബന്ധം സൂക്ഷിച്ചിരുന്നു. പ്രിയ അധ്യാപകരെ അവസാനമായി കാണാൻ കണ്ണീരോടെയാണ് കുട്ടികൾ എത്തിയത്.

രാവിലെ 8.30ഓടെയാണ് മൃതദേഹങ്ങൾ നാട്ടിലെത്തിയത്. പൊള്ളാച്ചി ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയത്. അർധരാത്രി 12ന് ആരംഭിച്ച പോസ്റ്റ്മോർട്ടം പുലർച്ചെ നാലോടെ അവസാനിച്ചു. പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ട ആംബുലൻസുകൾക്ക് കേരള അതിർത്തിവരെ തമിഴ്നാട് പൊലീസ് അകമ്പടി നൽകി. പൊള്ളാച്ചി വാൽപാറ റോഡിലെ മദ്രസയിൽ മയ്യത്ത് നമസ്കാരം കഴിഞ്ഞാണ് വാഹനങ്ങൾ കേരളത്തിലേക്ക് തിരിച്ചത്.

സംസ്കാരംപൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോകും. തുടർന്ന് അതത് മഹല്ല് പള്ളികളിൽ എത്തിച്ച് ഖബറടക്കം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കും. പ്രധാന അധ്യാപിക പുലാമന്തോൾ സ്വദേശി അജിതയുടെ സംസ്കാരം ഷൊർണൂർ ശാന്തിതീരത്ത് നടക്കും. ആശയുടെ സംസ്കാരം വീട്ടുവളപ്പിലാണ്. മജീദ്, ഭാര്യ റുഖിയ എന്നിവരെ മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരെ പാങ്ങ് ജുമാമസ്ജിദിലും ഖബറടക്കും. സുഹറ, മകൻ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദിലാണ്.

നാല് പേർ ചികിത്സയിൽകോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മൂന്ന് പേർ നിരീക്ഷണത്തിൽ തുടരുകയാണ്. സാജിദയുടെ മകൻ 11കാരനായ ഷഹദിൻ, ട്രാവലർ ഡ്രൈവർ മുഹമ്മദ് ഫായിസ്(22), സ്കൂൾ ബസ് ഡ്രൈവർ നൗഷാദ്(39) എന്നിവരാണ് ചികിത്സയിലുള്ളത്. 48 മണിക്കൂറിന് ശേഷം ഇവരെ മാറ്റുന്ന കാര്യം തീരുമാനിക്കുമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ജില്ല കലക്ടർ നിർദേശിച്ച പ്രകാരം തഹസിൽദാർ ഉൾപ്പെടുന്ന മെഡിക്കൽ സംഘം ആശുപത്രിയിലെത്തിയിരുന്നു. ചികിത്സയിലുള്ള നാല് പേരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നു. അതേസമയം 11കാരി മസ്നീൻ കോട്ടക്കൽ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അദ്ഭുതകരമായി പരിക്കുകളില്ലാതെയാണ് രക്ഷപ്പെട്ടത്.

നാടിൻ്റെ നൊമ്പരംപഠനം പൂർത്തിയാക്കി പോയ പൂർവ വിദ്യാർഥികളുമായി പോലും അധ്യാപകർ നല്ല ബന്ധം സൂക്ഷിച്ചിരുന്നതായി നാട്ടുകാരനായ അഷ്കർ പറഞ്ഞു. സ്കൂളിന് തൊട്ടടുത്ത് താമസിച്ചിരുന്ന സാജിദയ്ക്കും മറ്റ് അധ്യാപകർക്കും നാട്ടുകാരുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇവരുടെ പെട്ടെന്നുള്ള വിയോഗം താങ്ങാനാവുന്നില്ലെന്ന് സുഹൈൽ പി മജീദ് പ്രതികരിച്ചു. അപകടത്തിന് മണിക്കൂറുകൾക്ക് മുൻപ് അജിത ടീച്ചർ ഫോണിൽ വിളിച്ചിരുന്നതായി പാങ്ങ് സ്കൂൾ പ്രധാനാധ്യാപകൻ പറഞ്ഞു. റേഞ്ച് ഇല്ലാത്ത മേഖലയിലേക്ക് വാഹനം കടക്കുകയാണെന്നും മീറ്റിങ്ങിന് എത്താനാകില്ലെന്നുമാണ് അവർ അവസാനമായി അറിയിച്ചത്. പ്രിയ അധ്യാപകരുടെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് എഇഒ രാജേഷും വ്യക്തമാക്കി.

ദുരന്തം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെഇന്നലെ വൈകിട്ട് 5.20നാണ് വാൽപാറയിൽ അപകടം നടന്നത്. മിനിവാൻ വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. 13-ാം ഹെയർപിൻ വളവിൽ വച്ച് വാഹനം നിയന്ത്രണം വിട്ട് പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്ക് പതിച്ചു. പൊള്ളാച്ചിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് അപകടസ്ഥലം. പാങ്ങ് എൽപി സ്കൂളിലെ അധ്യാപകർ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോഴാണ് ദുരന്തമുണ്ടായത്.

ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഏഴ് സ്ത്രീകൾക്കും ഒരു പുരുഷനും ഒരു കുട്ടിക്കും ജീവൻ നഷ്ടമായി. വളവിൽ എതിരെ വന്ന വാഹനത്തിന് കടന്നുപോകാൻ സൗകര്യമൊരുക്കുന്നതിനിടെ 21കാരനായ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാകുകയായിരുന്നു. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തത്ര ഇടുങ്ങിയതായിരുന്നു വളവ്. സുരക്ഷാഭിത്തിക്ക് ആവശ്യത്തിന് ഉയരം ഇല്ലാതിരുന്നതും ദുരന്തത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു.

അനുശോചനം രേഖപ്പെടുത്തിവാൽപാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ ദുഃഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് എക്സിൽ കുറിച്ചു.

വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും അനുശോചിച്ചു. അന്തിമോപചാരം അർപ്പിക്കാൻ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി. തമിഴ്നാട്ടിലെ ഉദ്യോഗസ്ഥരും നാട്ടുകാരും പൊള്ളാച്ചിയിലെ പള്ളി കമ്മിറ്റിയും രക്ഷാപ്രവർത്തനത്തിനും പോസ്റ്റ്മോർട്ടം നടപടികൾക്കും പൂർണ സഹകരണം നൽകി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News