Enter your Email Address to subscribe to our newsletters

Wayanad , 18 ഏപ്രില് (H.S.)
വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ വിശദീകരണവുമായി മന്ത്രി കെ രാജൻ. മേൽക്കൂരയിൽ വെള്ളം കിനിഞ്ഞ് വന്ന പാടുകൾ മാത്രമാണുള്ളതെന്നും വിള്ളൽ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. വീടുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും ദുരന്തബാധിതർക്കായി ഇതുവരെ ഒരു വീടും കൈമാറിയിട്ടില്ലെന്നും, പട്ടയം മാത്രമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടൗൺഷിപ്പ് വീടുകളുടെ നിലവാരം സംബന്ധിച്ച ആരോപണങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രതികരണം.
ഇന്ന് രാവിലെ 10:30 ഓടെ സ്പെഷ്യൽ ഓഫീസറുടെ ഓഫീസിൽ കിഫ്കോൺ, ഊരാളുങ്കൽ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ടൗൺഷിപ്പിലെത്തിയത്. വിള്ളൽ കണ്ടെത്തി ആദ്യ ഘട്ടത്തിൽപ്പെട്ട A8 വീടിൻ്റെ ഉള്ളിലും മേൽക്കൂരയിലും മന്ത്രി പരിശോധന നടത്തി.
വീട് കൈമാറിയ ശേഷം പ്രശ്നങ്ങൾ ഉണ്ടാവുന്നതാണ് ഗൗരവമായ വിഷയമെന്നും മന്ത്രി പറഞ്ഞു. നിലവിൽ വെള്ളം കിനിഞ്ഞ് ഇറങ്ങുന്നത് തടയാനുള്ള പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. വീടുകൾ കൈമാറിയ ശേഷം പ്രശ്നങ്ങൾ ഉണ്ടായാൽ കരാർ പ്രകാരം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പരിഹാരം കാണേണ്ടിവരുമെന്നും, അല്ലെങ്കിൽ പണം അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
വീടിൻ്റെ സാങ്കേതിക കൈമാറ്റം മാത്രമാണ് നടന്നതെന്ന് പറഞ്ഞ മന്ത്രി ഊരാളുങ്കലാണ് ഏപ്രിൽ 15ന് വീട് കൈമാറാമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി ആവർത്തിക്കുക ആയിരുന്നുവെന്നും മന്ത്രി വിശദമാക്കി. കമ്പനി പറഞ്ഞ നിശ്ചയ പരിധിക്കുള്ളിൽ വീട് പണി പണി പൂർത്തിയാകുമെന്നും വേണമെങ്കിൽ പത്ത് ദിവസം കൂടി അധികം നൽകാമെന്നും അദ്ദേഹം പറഞ്ഞു.
ആസാം,ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്യ സംസ്ഥാന തൊഴിലാളികളുടെ പ്രശ്നങ്ങൾ കാരണമാണ് പണി നീണ്ടു പോയതെന്നും അദ്ദേഹം വ്യക്തമാക്കി. കരാർ പ്രകാരം 410 വീടുകളും ഒക്ടോബറിനകം പൂർത്തിയാക്കാത്ത പക്ഷം ബന്ധപ്പെട്ടവർക്ക് അതിൻ്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ടൗൺഷിപ്പ് വിഷയത്തിൽ മാധ്യമങ്ങൾ കാണിക്കുന്ന ശ്രദ്ധയ്ക്ക് നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. പൂർത്തീകരിച്ച വീടുകൾ വെരിഫൈ ചെയ്യുമെന്നും എഫ്ഡിആർ ആണ് റോഡുകൾ പണിയുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കോണ്ഗ്രസ് വീട് പണിയാൻ തറ കല്ലിട്ട സ്ഥലത്ത് വീട് നിർമ്മിച്ചില്ലെന്നും കുറ്റപ്പെടുത്തി. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിൽ വീട് നിർമ്മിക്കാൻ തറക്കല്ലിട്ടത് അനുമതിയില്ലാതെയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം ജില്ലാസെക്രട്ടറി കെ റഫീഖ്, എൽഡിഎഫ് ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അടക്കമുള്ള നേതാക്കളും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR