Enter your Email Address to subscribe to our newsletters

dubai , 18 ഏപ്രില് (H.S.)
ദുബായ്: പ്രവാസലോകത്തെ നടുക്കി സുഹൃത്തുക്കൾക്കിടയിലെ തർക്കം പരിഹരിക്കാൻ ശ്രമിച്ച മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ദാരുണമായ സംഭവം നടന്നത്.
താൻ താമസിക്കുന്ന മുറിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കം രൂക്ഷമായപ്പോൾ അത് പരിഹരിക്കാനും രംഗം ശാന്തമാക്കാനും ജസീൽ ശ്രമിച്ചിരുന്നു. എന്നാൽ ഇതിനിടയിൽ പ്രകോപിതനായ സുഹൃത്ത് ജസീലിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജസീലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറുവണ്ണൂർ മേഖലയിൽ സജീവമായിരുന്ന യുവാവിൻ്റെ അപ്രതീക്ഷിത മരണം നാട്ടുകാരെയും സുഹൃത്തുക്കളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ജോലി ആവശ്യത്തിനായാണ് ജസീൽ ദുബായിൽ എത്തിയത്. സംഭവത്തിൽ ദുബായ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ദുബായിലെ സാമൂഹിക പ്രവർത്തകരും കെ.എം.സി.സി ഭാരവാഹികളും ഇതിനായുള്ള നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. ജസീലിൻ്റെ നിര്യാണത്തിൽ പ്രവാസി മലയാളി സമൂഹം അനുശോചനം രേഖപ്പെടുത്തി.
---------------
Hindusthan Samachar / Roshith K