Enter your Email Address to subscribe to our newsletters

Kozhikode , 18 ഏപ്രില് (H.S.)
ചരിത്രപ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാൽ പള്ളിയിലെ 23-ാമത് മുഖ്യ ഖാസിയായി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി സ്ഥാനമേറ്റു. മിശ്കാൽ പള്ളിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിലാണ് സ്ഥാനാരോഹണം നടന്നത്. പതിനേഴ് വർഷത്തിനുശേഷമാണ് ഇത്തരമൊരു ചടങ്ങിന് പള്ളി സാക്ഷ്യം വഹിക്കുന്നത്.
ചടങ്ങ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം നാഗരികതയുടെ ഭാഗമായ കോഴിക്കോട്ടെ ഖാസി പരമ്പരയാണ് ഈ നാടിനെ വ്യത്യസ്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വലിയ ഖാസിയും ചെറിയ ഖാസിയും കോഴിക്കോടിൻ്റെ സാംസ്കാരിക അടയാളങ്ങളാണ്. പുതിയ ഖാസിക്ക് ദീർഘകാലം ചുമതല ഭംഗിയായി നിർവഹിക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. മിശ്കാൽ പള്ളി ആക്ടിങ് പ്രസിഡൻ്റ് പി ഒ ഹാഷിം അധ്യക്ഷത വഹിച്ചു. മേയർ ഒ. സദാശിവൻ മുഖ്യാതിഥിയായിമുഖ്യാതിഥിയായിരുന്നു.
ഒരു നാടിന് എങ്ങനെ വെളിച്ചമാകാം എന്നതിൻ്റെ സന്ദേശമാണ് മിശ്കാൽ പള്ളി നൽകുന്നതെന്ന് മേയർ പറഞ്ഞു. കോഴിക്കോടിൻ്റെ മനുഷ്യസ്നേഹവും സാഹോദര്യവും നിലനിർത്തുന്നതിൽ മറ്റ് നഗരങ്ങളെക്കാൾ വലിയ പങ്ക് വഹിക്കുന്നത് ഇവിടുത്തെ ആരാധനാലയങ്ങളാണെന്നും അവർ കൂട്ടിച്ചേർത്തു.
പ്രൗഢമായ സ്ഥാനാരോഹണം
ചടങ്ങിന് മുന്നോടിയായി കുറ്റിച്ചിറ പുളിച്ചുവിട് ജംക്ഷനിൽനിന്ന് നിയുക്ത ഖാസിയെ സ്ഥാനാരോഹണം നടക്കുന്ന മിശ്കാൽ പള്ളിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു. മുത്തുക്കുടയുടെയും ദഫ് മുട്ടിൻ്റെയും അകമ്പടി ഘോഷയാത്രക്ക് മിഴിവേകി. തുടർന്ന് മിശ്കാൽ പള്ളി അങ്കണത്തിൽ ഖാസിയെ തലപ്പാവ് അണിയിക്കൽ ചടങ്ങ് പള്ളി ആക്ടിങ് പ്രസിഡൻ്റ് പി ഒ ഹാഷിം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ സി ബി വി സിദ്ദീഖ് ഔദ്യോഗിക വസ്ത്രം കൈമാറി. ഇതിനുപിന്നാലെ സ്ഥാനാരോഹണ പ്രഖ്യാപനമായി തംബേറ് മുഴക്കി.
വിവിധ മതപണ്ഡിതരും സംഘടനാ നേതാക്കളും പുതിയ ഖാസിയെ ഷാളണിയിച്ച് ആദരിച്ചു. ഡോ. മുഹമ്മദ് അബ്ദുൽ ഹഖീം അസ്ഹരി, കോഴിക്കോട് സാമൂതിരി രാജാവിൻ്റെ പ്രതിനിധി കേരള വർമ കെ പി ഏട്ടനുണ്ണി രാജ, സമസ്ത മുശാവറ അംഗം എ വി അബ്ദുറഹിമാൻ മുസ്ലിയാർ, സഫീർ സഖാഫി, ഡോ. ഹുസൈൻ രണ്ടത്താണി, കൗൺസിലർ ടി പി എം നിഷാദ്, മിശ്കാൽ പള്ളി സെക്രട്ടറി എൻ ഉമ്മർ കോയ, കെ മൊയ്തീൻ കോയ, ഡോ. കെ മൊയ്തു, സി എ ഉമ്മർ കോയ, മുഹമ്മദ് അൻസിൽ, എം വി റംസി ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു.
ചടങ്ങിൻ്റെ ഭാഗമായി കാലിക്കറ്റ് മാപ്പിള ഹെറിറ്റേജ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ കോഴിക്കോട്ടെ ഖാസിമാരുടെ ചരിത്രം വ്യക്തമാക്കുന്ന പ്രദർശനവും ഒരുക്കിയിരുന്നു. മന്ത്രി പി എ മുഹമ്മദ് റിയാസും പുതിയ ഖാസിക്ക് ആശംസകളുമായി എത്തി. ഫ്രാൻസിസ് റോഡിലെ ഖാസിയുടെ ഓഫിസിലെത്തിയ മന്ത്രി ജമലുല്ലൈലി തങ്ങളെ പൊന്നാടയണിയിച്ച് ആദരിച്ചു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള പദവിയാണ് അദ്ദേഹം ഏറ്റെടുത്തതെന്നും കോഴിക്കോടിൻ്റെ മതസാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR