അരൂര്-തുറവൂര് എലിവേറ്റഡ് ഹൈവേ; ബൈപ്പാസ് വരെയുള്ള ഭാഗത്ത് ടാറിംഗ് ജോലികള് തുടങ്ങിയതിന് പിന്നാലെ ദുരിതത്തിലായി യാത്രക്കാർ
Ernakulam , 19 ഏപ്രില് (H.S.) എറണാകുളത്തേയും ആലപ്പുഴയിലെയും ജനങ്ങള് ഒരുപോലെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി, അരൂർ ക്ഷേത്ര കവല മുതല് ബൈപ്പാസ് വരെയുള്ള റോഡില് ടാറിംഗ് ജോലികള് തുടങ്ങിയതിന് പിന്നാലെ ദുരിതത്തിലായി യ
Aroor


Ernakulam , 19 ഏപ്രില് (H.S.)

എറണാകുളത്തേയും ആലപ്പുഴയിലെയും ജനങ്ങള് ഒരുപോലെ കാത്തിരിക്കുന്ന അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി, അരൂർ ക്ഷേത്ര കവല മുതല് ബൈപ്പാസ് വരെയുള്ള റോഡില് ടാറിംഗ് ജോലികള് തുടങ്ങിയതിന് പിന്നാലെ ദുരിതത്തിലായി യാത്രക്കാർ.

അരൂർ-കുമ്പളം പാലത്തിലും സംസ്ഥാന പാതയിലും ദിവസങ്ങളായി മണിക്കൂറുകളോളം നീളുന്ന കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്.

കഴിഞ്ഞ ഒരാഴ്ചയായി രാവിലെയും വൈകുന്നേരവും ഉണ്ടായിരുന്ന ഗതാഗത തടസം, ഇന്നലെ ദിവസം മുഴുവൻ തുടരുന്ന സാഹചര്യമായിരുന്നു. കുമ്പളം പാലത്തിലും അരൂർ-തുമ്പുംപടി സംസ്ഥാന പാതയിലും ട്രാഫിക് പോലീസുകാർ ഗതാഗത കുരുക്കൊഴിവാക്കാനും വാഹനങ്ങളെ നിയന്ത്രിക്കാനും ഒക്കെ നിലവില് വലിയ രീതിയില് പ്രയാസപ്പെടുകയാണ്.

മീഡിയൻ ഭിത്തി, പിയർ ശക്തിപ്പെടുത്തല് ജോലികള് നടക്കുന്നിടത്താണ് ടാറിംഗ്. ഓരോ ദിശയിലും ഒരു വരി മാത്രം വാഹനങ്ങള് കടത്തിവിടുകയാണ് ചെയ്യുന്നത്. പെയിന്റിംഗ് ജോലികളും ഇവിടെ തടസമുണ്ടാക്കുന്നുണ്ട്. വരും ദിവസങ്ങളില് ഗതാഗത കുരുക്ക് കൂടുമെന്നാണ് അധികൃതർ മുന്നറിയിപ്പ് നല്കുന്നത്.

അതിനിടെ, വൈദ്യുതി ലൈനുകള് മാറ്റുന്നത് സംബന്ധിച്ച തർക്കങ്ങള് പദ്ധതിയുടെ അന്തിമ പൂർത്തീകരണം വൈകിക്കുകയാണ്. നേരത്തെ 2026 മേയ് മാസത്തോടെ തുറക്കാൻ ലക്ഷ്യമിട്ടിരുന്ന 12.75 കിലോമീറ്റർ നീളമുള്ള ഈ പാതയുടെ ഉദ്ഘാടന തീയതി നിലവിലെ കാലതാമസം കാരണം അനിശ്ചിതത്വത്തിലാണ്.

തുറവൂർ ജംഗ്ഷന് സമീപം, നിലവിലുള്ള ടാറിംഗ് നീക്കം ചെയ്ത് പുതിയ പാത ഒരുക്കുന്ന ജോലികള് അതിവേഗം നടക്കുന്നുണ്ട്. മഴവെള്ളം കെട്ടിക്കിടന്നിരുന്ന ഭാഗങ്ങളില് യന്ത്രങ്ങള് ഉപയോഗിച്ച് റോഡിന്റെ ഉപരിതലം ശക്തിപ്പെടുത്തുന്നു. ഒരുവശം ഉയർന്നുനിന്ന ഒറ്റവരി കോണ്ക്രീറ്റ് പാത കാരണമുണ്ടായ ഉയരവ്യത്യാസങ്ങള് ശ്രദ്ധാപൂർവം പരിഹരിക്കേണ്ടതുണ്ട്.

തുറവൂർ മുതല് കുത്തിയതോട് വരെയുള്ള 3.5 കിലോമീറ്റർ ദൂരത്തിന്റെ ഭാഗമാണ് ഈ പ്രദേശം. തുറവൂർ ജംഗ്ഷനും പട്ടുകുളങ്ങരയ്ക്കും ഇടയിലുള്ള നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ഇവിടെ തൂണുകള്ക്ക് പെയിന്റ് ചെയ്യുകയും ഡെക്കില് നിന്ന് താഴേക്ക് ഓടകള് സ്ഥാപിക്കുകയും മീഡിയൻ ഭിത്തികള് നിർമ്മിക്കുകയും ചെയ്യുന്നുണ്ട്. മീഡിയൻ ഭിത്തികള് പൂർണമായും ഒരുക്കിയ ഭാഗങ്ങളില് മാത്രമാണ് നിലവില് ടാറിംഗ് നടക്കുന്നത്.

രാജ്യത്തെ ഏറ്റവും നീളമേറിയ ആകാശപാതയായ ആറൂർ-തുറവൂർ പാതയുടെ നിർമ്മാണം പൂർത്തിയാക്കാൻ മെയ് വരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില് ഇതിലും വൈകുമെന്നാണ് കരുതുന്നത്. ഏകദേശം 2200 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കുന്നത്. ദേശീയപാത 66-ന് മുകളിലായി നിർമ്മിക്കുന്ന ഈ പാത ആറുവരിയാണ്.

ആലപ്പുഴ ജില്ലയിലെ അരൂരിനും തുറവൂരിനും ഇടയിലായി നിർമ്മിക്കുന്ന ഈ ആകാശപാത, നിലവിലുള്ള നാലുവരിപ്പാതയ്ക്ക് മുകളിലൂടെ ഒറ്റത്തൂണുകളിലാണ് ഉയരുന്നത്. അരൂർ, ചന്തിരൂർ, കുത്തിയതോട് എന്നിവിടങ്ങളില് മൂന്ന് റാമ്പുകള് ഇതിന് പുറമെ ഉള്പ്പെടുന്നു. ദീർഘദൂര യാത്രക്കാരെയും പ്രാദേശിക വാഹനങ്ങളെയും വേർതിരിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

ഈ പദ്ധതിയുടെ ഏകദേശം 90 ശതമാനം ജോലികളും പൂർത്തിയായതായാണ് കണക്കുകള് സൂചിപ്പിക്കുന്നത്. എങ്കിലും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയും (എൻഎച്ച്എഐ) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും (കെഎസ്ഇബി) തമ്മിലുള്ള തർക്കം അന്തിമ സ്പാനുകളുടെ നിർമ്മാണത്തിന് തടസമാകുകയാണ്. അധിക ഹൈടെൻഷൻ വൈദ്യുതി ലൈനുകള് മാറ്റി സ്ഥാപിക്കുന്നതാണ് തർക്കവിഷയം.

ലൈനുകള് മാറ്റി സ്ഥാപിക്കാൻ മൂന്ന് സ്ഥലങ്ങളാണ് തിരിച്ചറിഞ്ഞത്. തുറവൂരിനടുത്തും അരൂർ ജംഗ്ഷനിലും അനുമതി ലഭിച്ചെങ്കിലും, അരൂരിന് സമീപമുള്ള ഒരു നിർണായക ഭാഗത്ത് ഷട്ട്ഡൗണ് അനുമതി ഇപ്പോഴും കാത്തിരിക്കുകയാണ്. ഈ ഭാഗത്തെ നാല് സ്പാനുകളുടെ പണി പൂർത്തിയാകാതെ കിടക്കുകയാണ്. ഇത് ഗർഡറുകള് സ്ഥാപിക്കുന്നതിനെയും മറ്റ് അന്തിമ നിർമ്മാണ ജോലികളെയും തടസപ്പെടുത്തുന്നു.

ഷട്ട്ഡൗണിന് മുൻപ് താല്ക്കാലിക വൈദ്യുതി ലൈനുകള് സ്ഥാപിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. എന്നാല് ഈ വ്യവസ്ഥ യഥാർത്ഥ കരാറില് ഉണ്ടായിരുന്നില്ലെന്ന് എൻഎച്ച്എഐ പറയുന്നു. ഈ ആവശ്യം നിറവേറ്റുന്നതിന് എൻഎച്ച്എഐ അധിക ജോലികള് ഏറ്റെടുത്തുവെങ്കിലും, അനുമതികള് ഇപ്പോഴും ലഭ്യമല്ല. ആകാശപാതയുടെ പുതുക്കിയ ഉദ്ഘാടന തീയതിയും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

പൂർത്തിയാകാത്ത സ്പാനുകളും നിർമ്മാണം തീരാത്ത സർവീസ് റോഡുകളും ദേശീയപാത 66-ല് ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഏകദേശം 24 കിലോമീറ്റർ സർവീസ് റോഡുകളില് 8 കിലോമീറ്റർ മാത്രമാണ് പൂർണമായി പുനഃസ്ഥാപിച്ചത്. കൊച്ചിക്കും ആലപ്പുഴയ്ക്കും ഇടയിലുള്ള യാത്രക്കാരുടെ സ്വപ്നം പദ്ധതി ഇനിയെന്ന് പൂർത്തിയാവുമെന്നാണ് എല്ലാവരും ഒരേ സ്വരത്തില് ചോദിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News