സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യം; പ്രഹ്ലാദ് ജോഷി
Thiruvananthapuram , 19 ഏപ്രില് (H.S.) വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി. സംവരണത്തെ അട്ടിമറിച്ചുള്ള സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യമാ
പ്രഹ്ലാദ് ജോഷി


Thiruvananthapuram , 19 ഏപ്രില് (H.S.)

വനിത ബില്ലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഇൻഡി മുന്നണി രാജ്യത്തെ മുഴുവൻ വനിതകളെയും വഞ്ചിച്ചുവെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി പ്രഹ്ലാദ് ജോഷി. സംവരണത്തെ അട്ടിമറിച്ചുള്ള സ്ത്രീ വഞ്ചന കോൺഗ്രസിന്റെ പാരമ്പര്യമാണ്. ഷാബാനു കേസിൽ സുപ്രീം കോടതി നൽകിയ വിധി അട്ടിമറിക്കാൻ ഭരണഘടനാ ഭേദഗതി കൊണ്ടുവന്ന് മുസ്ലിം സ്ത്രീകൾക്ക് ലഭിക്കേണ്ടിയിരുന്ന നീതി നിഷേധിച്ചവരാണ് കോൺഗ്രസുകാരെന്നും പ്രഹ്ലാദ് ജോഷി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

കോൺഗ്രസ് വനിതകളോട് കാണിച്ച വഞ്ചന മറയ്ക്കാനായി മണ്ഡല പുനർനിർണയത്തിലൂടെ ദക്ഷിണേന്ത്യയിലെ സീറ്റുകളുടെ എണ്ണം കുറയുമെന്ന വ്യാജ പ്രചാരണം നടത്തുകയാണെന്നും പ്രൾഹാദ്ജോഷി കുറ്റപ്പെടുത്തി. നിലവിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർദ്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബിൽ പാസായാൽ ലോക്സഭയിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം 23.76ശതമാനത്തിൽ നിന്നും ഏകദേശം 24ശതമാനമായി ഉയരും. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഇത് ബില്ലിന്റെ ഭാഗമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അത് സമ്മതിച്ചതാണ്. ഇതെല്ലാം മറച്ചുവെച്ചുവച്ചാണ് കോൺഗ്രസ് വ്യാജപ്രചാരണം നടത്തുന്നത്.

1996ൽ കോൺഗ്രസ് പിന്തുണയിൽ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡ ആദ്യമായി ഈ ബിൽ അവതരിപ്പിച്ചപ്പോൾ പോലും കോൺഗ്രസ് അനുകൂലിച്ചില്ല. 1998 , 1999 മുതലുള്ള വാജ്പേയി സർക്കാരുകൾക്കും ഈ ബില്ലിനായി കോൺഗ്രസിന്റെ സഹകരണം ലഭിച്ചില്ല. 2008ൽ യുപിഎ സർക്കാരിന് വനിതാ സംവരണ ബിൽ കൊണ്ടുവരേണ്ട ഭരണഘടനാ ബാധ്യതയുണ്ടായി. അന്ന് രാജ്യസഭയിൽ ബിജെപി പിന്തുണ നൽകി ബിൽ പാസാക്കിയിട്ടും നിയമമാക്കുന്നതിനായി ലോക്സഭയിലെത്തിക്കാൻ കോൺഗ്രസ് തയാറായില്ല. 2014 വരെ ബിജെപി പിന്തുണ വാഗ്ദാനം ചെയ്തിട്ടും കോൺഗ്രസ് ബിൽ കൊണ്ടുവന്നില്ല.

സ്ത്രീകൾക്കോ ഒബിസി വിഭാഗങ്ങൾക്കോ ഒപ്പമല്ല തങ്ങളെന്ന് വീണ്ടും കോൺഗ്രസ് തെളിയിച്ചിരിക്കുകയാണ്.

പിന്നാക്ക വിഭാഗങ്ങൾക്കായി 1953ലെ കാക കലേൽക്കർ കമ്മീഷൻ റിപ്പോർട്ടും ഒബിസി വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും കോൺഗ്രസ് നടപ്പാക്കാൻ തയാറായില്ല. മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെ എതിർത്തുള്ള രാജീവ് ഗാന്ധിയുടെ പ്രസംഗം സഭാ രേഖകയിലുണ്ട്. ജവഹർലാൽ നെഹ്റുവിന്റെ കാലം മുതൽ എസ്സി, എസ്ടി സംവരണങ്ങളെയും കോൺഗ്രസ് എതിർത്തിരുന്നുവെന്നും കോൺഗ്രസിന് എന്നും താത്പര്യം സ്വന്തം കുടുംബത്തിന്റെ വളർച്ച മാത്രമാണെന്നും പ്രൾഹാദ് ജോഷി പരിഹസിച്ചു.

മണ്ഡലം പുനർനിർണയിക്കാതെ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കില്ല. ഏത് മണ്ഡലം സംവരണം ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഡിലിമിറ്റേഷൻ കമ്മീഷനാണ്. ബിജെപി എപ്പോഴും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ബില്ലിന് പിന്തുണ അറിയിച്ചു കഴിഞ്ഞു. കേരളത്തിൽ ഗുസ്തി പിടിക്കുന്ന കോൺഗ്രസും സിപിഎമ്മും ദൽഹിയിൽ എത്തുമ്പോൾ ദേസ്തുമാരാണ്. വോട്ടുകൾ നേടാനുള്ള അഭിനയം മാത്രമാണ് ഇവിടത്തെ ഗുസ്തി. വനിതാ സംവരണ ബില്ലിനെ ഒരുമിച്ച് എതിർത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും പ്രൾഹാദ് ജോഷി പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷ ആർ. ശ്രീലേഖ, തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ്, ബിജെപി സംസ്ഥാന സെക്രട്ടറി എം.പി.അഞ്ജന, മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആർ.സി.ബീന, ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ.വി.ടി.രമ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News