Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ഏപ്രില് (H.S.)
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 4-ന് ശേഷം മാത്രമേ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് തൻ്റെ അഭിപ്രായം വ്യക്തമാക്കൂ എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പറഞ്ഞു. ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള ചർച്ചകൾ നടക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഫലം വന്നതിന് ശേഷം ഇത്തരം തീരുമാനങ്ങൾ എടുക്കാൻ ആവശ്യത്തിന് സമയമുണ്ടെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ എം.എൽ.എമാരുടെയും എം.പിമാരുടെയും അഭിപ്രായം തേടിയായിരിക്കും പാർലമെൻ്ററി പാർട്ടി നേതാവിനെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
24 മണിക്കൂറിനുള്ളിൽ തീരുമാനം എടുക്കേണ്ട സാഹചര്യം നിലവിലില്ല. മറ്റുള്ളവരെപ്പോലെ എനിക്കും ഈ കാര്യത്തിൽ ഒരു അഭിപ്രായമുണ്ട്. എന്നാൽ അത് മെയ് 4-ന് ശേഷമേ പറയൂ. ഇപ്പോൾ അതിനുള്ള സമയമല്ല, മുരളീധരൻ പറഞ്ഞു. പാർട്ടി തെരഞ്ഞെടുക്കുന്ന വ്യക്തി കേരളത്തിൽ അഞ്ച് വർഷം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി.എഫിൻ്റെ വിജയത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച മുരളീധരൻ, ഇത്തവണ മുന്നണിക്ക് പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കേണ്ടി വരില്ലെന്നും ആ ഉത്തരവാദിത്തം സി.പി.എമ്മിനായിരിക്കുമെന്നും പരിഹസിച്ചു. കഴിഞ്ഞ രണ്ട് തവണയായി തങ്ങൾ ആ റോളിലായിരുന്നു, ഇനി സി.പി..എമ്മിൻ്റെ ഊഴമാണെന്നും അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ ബംഗാളിൽ പ്രചാരണത്തിന് പോകാത്തതിനെയും അദ്ദേഹം വിമർശിച്ചു. ബംഗാളിൽ സി.പി.എമ്മുമായി കോൺഗ്രസിന് സഖ്യമില്ല. മോദിക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണോ പിണറായി അവിടെ പോകാത്തതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ മുരളീധരൻ നിലവിൽ മണ്ഡല പര്യടനത്തിലാണെന്നും അറിയിച്ചു.
നേരത്തെ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ച് പല നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തരം പരസ്യപ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ മോശം പ്രതിച്ഛായ ഉണ്ടാക്കുമെന്ന് മുരളീധരൻ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, കെ.സി. വേണുഗോപാലിനെ പിന്തുണച്ച് ചില നേതാക്കൾ രംഗത്തെത്തിയത് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഫലം വരുന്നതിന് മുൻപ് തന്നെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പരസ്യമായി പ്രതികരിക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലും ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഘട്ടത്തിൽ ഇത്തരം ചർച്ചകൾ ഒഴിവാക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും കർശന നിർദേശം നൽകിയിട്ടുണ്ട്.
സഖ്യകക്ഷികളാ മുസ്ലിം ലീഗ് ഈ ഘട്ടത്തിലെ പരസ്യ തർക്കങ്ങൾ ദൗർഭാഗ്യകരമാണെന്ന് പ്രതികരിച്ചു. ലീഗ് നേതാക്കളായ പി.എം.എ. സലാം തുടങ്ങിയവർ ഇത്തരം ചർച്ചകൾ ഇപ്പോൾ വേണ്ടെന്ന നിലപാടിലാണ്. അതേസമയം, സംവിധായകൻ ഒമർ ലുലു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പേര് നിർദ്ദേശിച്ചത് ചർച്ചയായിരുന്നു.ശശി തരൂർ, ബിന്നി ബെഹനാൻ തുടങ്ങിയവരും ഹൈക്കമാൻഡ് പറയുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്നും ഫലം വരുന്നത് വരെ ക്ഷമയോടെ കാത്തിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR