ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം പുറത്തുവന്നു.
Thiruvananthapuram , 19 ഏപ്രില് (H.S.) ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം പുറത്തുവന്നു. അപകടം നടന്ന സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നതായി പൊലീസ് ഞായറ
Maniyanpillai Raju


Thiruvananthapuram , 19 ഏപ്രില് (H.S.)

ഹിറ്റ് ആൻഡ് റൺ കേസിൽ പ്രതിയായ പ്രമുഖ നടൻ മണിയൻപിള്ള രാജുവിന് ആശ്വാസമായി രക്തപരിശോധനാ ഫലം പുറത്തുവന്നു. അപകടം നടന്ന സമയത്ത് അദ്ദേഹം മദ്യപിച്ചിരുന്നില്ലെന്ന് പരിശോധനാ റിപ്പോർട്ട് വ്യക്തമാക്കുന്നതായി പൊലീസ് ഞായറാഴ്ച അറിയിച്ചു.

കഴിഞ്ഞ ഫെബ്രുവരി 5-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരത്ത് വെച്ച് മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാർ ഒരു ഇരുചക്ര വാഹനത്തിൽ ഇടിക്കുകയും, പരിക്കേറ്റ രണ്ട് യുവാക്കളെ സഹായിക്കാതെ വാഹനം നിർത്താതെ പോവുകയും ചെയ്തു എന്നാണ് കേസ്. അപകടത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

വെള്ളയമ്പലം വഴുതക്കാട് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന യുവാക്കളുടെ റോയൽ എൻഫീൽഡ് ബുള്ളറ്റും ട്രിവാൻഡ്രം ക്ലബിൽ നിന്നും പുറത്തേക്ക് വരികയായിരുന്ന മണിയൻപിള്ള രാജുവിൻ്റെ കാറും തമ്മില് കൂട്ടിയിടിച്ചത്. ക്ലബിൻ്റെ കവാടത്തിന് മുന്നിൽ വച്ചായിരുന്നു അപകടം. അശ്രദ്ധമായും അമിതവേഗത്തിലും വന്ന കെഎൽ 01 സിജെ 0004 എന്ന നമ്പറിലുള്ള കാർ ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നായിരുന്നു പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുകയും വാഹനങ്ങളുടെ ഭാഗങ്ങൾ അപകടസ്ഥലത്ത് ചിതറിക്കിടക്കുന്ന അവസ്ഥയിലുമായിരുന്നു.

അപകടത്തിന് പിന്നാലെ ഫെബ്രുവരി 6-നാണ് നടൻ്റെ രക്തസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. മ്യൂസിയം പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞയാഴ്ച ലഭിച്ച പരിശോധനാ ഫലത്തിൽ മദ്യത്തിൻ്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതോടെ കേസിൽ ചുമത്തിയിരുന്ന മദ്യപിച്ചു വാഹനമോടിച്ചു എന്ന ഗുരുതരമായ ആരോപണം ഒഴിവായിട്ടുണ്ട്.

വഞ്ചിയൂർ വിഷ്ണു ഭവനിൽ സൂരജ് (20), സുഹൃത്ത് ശ്രീവരാഹം സ്വദേശി നിദേവ് (നിവേദിത് കൃഷ്ണ 20) എന്നിവർ സഞ്ചരിച്ചിരുന്ന കെഎൽ 01 സിവൈ 0046 നമ്പർ എൻഫീൽഡ് ബൈക്കിലാണ് കാർ ഇടിച്ചത്. അപകടത്തിൽ ബൈക്കിൻ്റെ പിന്നിലിരുന്ന സൂരജിൻ്റെ നട്ടെല്ലിനും ഇടത് കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ചിരുന്ന നിദേവിൻ്റെ കഴുത്തിനും കാലിനും ഒടിവുണ്ടായി.

ഭാരതീയ ന്യായ സംഹിതയിലെയും മോട്ടോർ വാഹന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം അശ്രദ്ധമായി വാഹനമോടിക്കൽ, മനുഷ്യജീവന് അപകടമുണ്ടാക്കൽ, അപകടത്തിൽപ്പെട്ടവരെ സഹായിക്കാതെ സ്ഥലംവിടൽ തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്. രക്തപരിശോധനാ ഫലം കൂടി ലഭ്യമായ സാഹചര്യത്തിൽ കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു.

അപകടസമയത്ത് പരിഭ്രാന്തനായതിനാലാണ് താൻ വണ്ടി നിർത്താതെ വീട്ടിലേക്ക് പോയതെന്ന് മണിയൻപിള്ള രാജു നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News