ഔദ്യോഗികമായ ഒരു ദേശീയ പ്രസംഗത്തെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രചാരണമാക്കി മാറ്റിയെന്ന് പ്രതിപക്ഷം
Newdelhi , 19 ഏപ്രില് (H.S.) ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് ആരോപിച്ച് സിപിഐ എംപി പി സന്തോഷ് കുമാർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണ
P Santhosh Kumar


Newdelhi , 19 ഏപ്രില് (H.S.)

ലോക്സഭയിൽ ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൻ്റെ ലംഘനമാണെന്ന് ആരോപിച്ച് സിപിഐ എംപി പി സന്തോഷ് കുമാർ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു.

അഞ്ച് സംസ്ഥാനങ്ങളിൽ പെരുമാറ്റ ചട്ടം നിലവിലുള്ള സമയത്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം തികച്ചും രാഷ്ട്രീയപരമാണെന്ന് കത്തില് ചൂണ്ടിക്കാണിക്കുന്നു. ഇത് രാഷ്ട്രത്തോടുള്ള ഒരു അഭിസംബോധനയല്ല, മറിച്ച് വാചാടോപത്തിലൂടെ ഉത്തരവാദിത്തം വഴിതിരിച്ചുവിടാനുള്ള ശ്രമമായിരുന്നു. ദൂരദർശൻ, സൻസദ് ടിവി തുടങ്ങിയ പൊതു സംവിധാനങ്ങള് രാഷ്ട്രീയ പ്രസംഗത്തിനായി ഉപയോഗിച്ചത് സര്ക്കാര് വിഭവങ്ങളുടെ ദുരുപയോഗമാണെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയമായി തര്ക്കം നിലനില്ക്കുന്ന ഒരു വിഷയത്തില് പൊതുജനങ്ങളെ സ്വാധീനിക്കാന് ലക്ഷ്യമിട്ടുള്ളതായിരുന്നു പ്രസംഗം. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ പാര്ട്ടികള്ക്കും ലഭിക്കേണ്ട തുല്യമായ അവസരങ്ങളെ തകര്ക്കുന്നതാണ് ഇത്തരം നീക്കങ്ങളെന്ന് സന്തോഷ് കുമാര് പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി എടുക്കാത്ത പക്ഷം കമ്മിഷൻ്റെ നിഷ്പക്ഷതയിലുള്ള ജനവിശ്വാസം നഷ്ടപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

സംഭവത്തില് ത്വരിതവും ആത്മാർത്ഥവുമായ നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം വിഷയത്തിൽ അന്വേഷണം ആരംഭിക്കാനും, തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പവിത്രത സംരക്ഷിക്കുന്നതിന് ഉത്തരവാദിത്തം ഉറപ്പാക്കാനും കുമാർ കമ്മീഷനോട് ആവശ്യപ്പെട്ടു.

രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി

വനിതാ ബില് പാസാകാത്തതില് സ്ത്രീകളോട് മാപ്പ് ചോദിക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്. എല്ലാ മേഖലകളിലും വനിതാ പങ്കാളിത്തമായിരുന്നു ലക്ഷ്യമിട്ടിരുന്നതെന്നും ആ ബില്ലിൻ്റെ ഭ്രൂണഹത്യയാണ് പ്രതിപക്ഷം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിന് വോട്ട് നഷ്ടപ്പെട്ടിരിക്കാം, പക്ഷേ സ്ത്രീകളെ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ബിൽ പരാജയപ്പെട്ടതിൽ സ്ത്രീകൾക്ക് നൽകിയ ഉറപ്പ് പാലിക്കാൻ കഴിയാത്തതിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വോട്ട് നഷ്ടപ്പെട്ടാലും സ്ത്രീ ശാക്തീകരണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

രാജ്യം മുഴുവൻ സഭയിൽ സത്യസന്ധമായി നടത്തിയ ശ്രമത്തിന്റെ ഭ്രൂണഹത്യയാണ് കോൺഗ്രസും സഖ്യകക്ഷികളും നടത്തിയത്. കോൺഗ്രസ്, ഡിഎംകെ, ടിഎംസി, എസ്പി തുടങ്ങിയ പാർട്ടികൾ ഈ ഭ്രൂണഹത്യയ്ക്ക് കുറ്റക്കാരാണ്, അദ്ദേഹം പറഞ്ഞു.

ലോക്സഭ, നിയമസഭാ സീറ്റുകൾ 50 ശതമാനം വർധിപ്പിക്കാനും വനിതാ സംവരണം നടപ്പിലാക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് കഴിഞ്ഞ ദിവസം സഭയിൽ പരാജയപ്പെട്ടത്. ഇതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ പോരാണ് ഇപ്പോൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിലെത്തിയിരിക്കുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News