Enter your Email Address to subscribe to our newsletters

Kottayam 19 ഏപ്രില് (H.S.)
ജില്ലയിലെ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ. മികച്ച നെല്ല് ഉത്പ്പാദനം ഉണ്ടായിട്ടും കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ നെല്ല് സംഭരണം മുടങ്ങിക്കിടക്കുന്നു. മില്ലുടമകളുടെ ചൂഷണവും സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥയും മൂലമാണ് നെല്ല് സംഭരണം നിലച്ചതെന്നാണ് കർഷകർ പറയുന്നത്. വേനൽ മഴ എത്തിയതോടെ നെല്ല് നശിക്കുമെന്ന ഭീതിയിലാണ് ഇവിടുത്തെ കർഷകർ.
ജില്ലയിൽ ചെറുതും വലുതുമായ 420 പാടങ്ങളിലാണ് ഇത്തവണ കർഷകർ പുഞ്ചകൃഷി ഇറക്കിയത്. എന്നാൽ മില്ലുകളുടെ നിസഹകരണം മൂലം പലയിടത്തും സംഭരണം നിലച്ചിരിക്കുകയാണ്. ഉടൻ നെല്ല് സംഭരിച്ചില്ലെങ്കിൽ വലിയ നഷ്ടം സംഭവിക്കുമെന്നാണ് കർഷകർ പറയുന്നത്. നെല്ല് സംഭരണം നിലച്ചിരിക്കെ നെൽ കർഷക സംരക്ഷണ സമിതി പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
പ്രതിഷേധിച്ച് സംഘടനകൾ
കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽ കാർഷിക മേഖല വലിയ പ്രതിസന്ധിയിലാണ് നിൽക്കുന്നത്. നെല്ലെടുക്കാൻ ആളില്ലാത്ത അവസ്ഥയാണ് നിലവില്. നെല്ല് സംഭരിക്കേണ്ട ഗവൺമെൻ്റ് സംഭരിക്കുന്നുമില്ല. സർക്കാരും മില്ലുകാരും പാഡി ഉദ്യോഗസ്ഥരും ചേർന്ന് ഒരു വലിയ കൊള്ളയ്ക്ക് വേണ്ടിയുള്ള പരിശ്രമത്തിൻ്റെ ഭാഗമായാണ് കർഷകരുടെ നെല്ല് എടുക്കാത്തതെന്നാണ് ഉയരുന്ന ആരോപണം.
മഴ വരുമെന്ന ഭയം കാരണം എത്ര രൂപ കിഴിവ് കൊടുത്താണെങ്കിലും മില്ലുകാർ നെല്ല് എടുത്തുകൊണ്ട് പോകട്ടെ എന്നാണ് കർഷകർ വിചാരിക്കുന്നത്. അതുകൊണ്ട് കർഷകരെ ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപയുടെ നെല്ല് കൊള്ളയടിക്കുന്ന മില്ലുകാർക്കും പാഡി ഓഫിസർമാർക്കുമെതിരായി ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നാണ് കര്ഷകര് പറയുന്നത്.
കൊള്ളയ്ക്കെതിരെയും നെല്ല് സംഭരിക്കാത്ത സർക്കാരിനെതിരെയും ഉള്ള പോരാട്ടത്തിൽ എല്ലാവരും പങ്കെടുക്കണം. ഇത് അന്നം ഉത്പ്പാദിപ്പിക്കുന്നവന് വേണ്ടിയുള്ള സമരമാണ്. അടിസ്ഥാന ഉത്പ്പാദന മേഖലയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ്. കേരളത്തിൻ്റെ സാമ്പത്തിക വ്യവസ്ഥിതി നിലനിൽക്കേണ്ടതിൻ്റെ ആവശ്യത്തിന് വേണ്ടിയുള്ള സമരമാണ്. അടിയന്തരമായി നെല്ല് സംഭരിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേയ്ക്ക് പോകുമെന്ന്, നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വിജെ ലാലി പറയുന്നു.
അതേസമയം, 58,323 ടൺ നെല്ല് ഈ വർഷം സംഭരിക്കാനാകുമെന്നാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത് 46,893 ടൺ നെല്ല് ശേഖരിക്കാനുള്ള അനുമതി 28 മില്ലുകാർക്ക് നൽകിയിട്ടുണ്ട്. ഈ വർഷം പകുതിയോടെ സംഭരണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ പാടത്ത് കൊയ്ത് കൂട്ടിയിട്ട നെല്ല് സമയബന്ധിതമായി സംഭരിച്ചില്ലെങ്കിൽ മഴ വന്ന് നെല്ല് നശിക്കുന്നത് മൂലം അധ്വാനം വെറുതെയാകും എന്ന് കർഷകർ പറയുന്നു.
മുഖം തിരിക്കുന്ന കേന്ദ്ര സർക്കാർ
മാർച്ച് 18 വരെ പിആർഎസ് കൈപ്പറ്റ് രസീത് നൽകിയ കർഷകരുടെ പണം സപ്ലൈകോ നൽകിയിട്ടുണ്ട്. കാനറാ ബാങ്കും എസ്ബിഐയും മുഖേനയാണ് സംഭരിച്ച നെല്ലിൻ്റെ പണം നൽകുന്നത്. പിആർഎസ് വായ്പാ പദ്ധതിയിലൂടെ നെല്ലിൻ്റെ വില ബാങ്കിൽ നിന്ന് ലഭ്യമാക്കുന്നത് കേരളത്തിൽ മാത്രമാണ്. പലിശയും മുതലും ചേർത്തുള്ള വായ്പ തിരിച്ചടയ്ക്കുന്നത് സംസ്ഥാന സർക്കാരാണ്.
ബാങ്കുകൾക്ക് പണം നൽകിയാൽ ബാങ്കുകൾ നെല്ലിൻ്റെ പണം കർഷകർക്ക് ലഭ്യമാക്കും. ഇതിന് കേന്ദ്രസർക്കാരിൽ നിന്നും 1300 കോടി രൂപ കേരളത്തിന് ലഭിക്കാനുണ്ട്. കഴിഞ്ഞ മൂന്നു മാസത്തെ കണക്കുപ്രകാരം 300 കോടി രൂപ കേന്ദ്രത്തിൽ നിന്നും സംസ്ഥാന സർക്കാരിന് കിട്ടാനുണ്ടെന്ന് വ്യക്തം. എന്നാൽ പല കാരണങ്ങളും പറഞ്ഞ് കേന്ദ്രം പണം നൽകുന്നില്ലെന്നാണ് സംസ്ഥാന സർക്കാരിൻ്റെ ആരോപണം.
ഈ പണം ലഭിച്ചാൽ മാത്രമേ പ്രതിസന്ധി പരിഹരിക്കാൻ ആകൂ. സംഭരിച്ച നെല്ലിൻ്റെ പണം വൈകുന്നത് വായ്പ എടുത്ത് കൃഷിക്ക് ഇറങ്ങിയ കർഷകരെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. അതേസമയം, കേന്ദ്രം പ്രഖ്യാപിച്ച 23 രൂപ 20 പൈസയ്ക്ക് പുറമേ ആറു രൂപ 80 പൈസ അധികം നൽകിയാണ് സംസ്ഥാന സർക്കാർ നെല്ല് സംഭരിക്കുന്നത്.
മില്ലുടമകളുടെ ചൂഷണം
കിഴിവിൻ്റെ പേരിലുള്ള ചൂഷണം മില്ലുകൾ തുടരുകയാണെന്ന് കർഷകർ പറയുന്നു. ഗുണനിലവാരമുള്ള നെല്ലിന് പോലും നാല് മുതൽ 20 കിലോ വരെ കിഴിവാണ് മില്ലുകൾ ആവശ്യപ്പെടുന്നത്. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ അമിത ചൂട് മൂലം പല പാടശേഖരങ്ങളിലും വിളവ് കുറവുണ്ടായിട്ടുണ്ട്. ഇതിന് പുറമെ മില്ലുകാർ ആവശ്യപ്പെടുന്ന കിഴിവ് നൽകിയാൽ വലിയ നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. വേനൽ മഴ വന്നാൽ നെല്ല് മുളച്ചു പൊങ്ങും. കർഷകരുടെ ദുരവസ്ഥയെ സ്വകാര്യ മില്ലുകൾ ചൂഷണം ചെയുകയാണ്. സംഭരിച്ച നെല്ലിൻ്റെ പണമെങ്കിലും കർഷകർക്ക് ഉടൻ കിട്ടാൻ നടപടി വേണമെന്നാണ് കർഷക സംഘടനകൾ ആവശ്യപ്പെടുന്നത്. എന്നാൽ നടപടികൾ വൈകുന്നത് ഇവരെ ആശങ്കയിലാക്കുകയാണ്. ജില്ലയിലെ പാഡി ഓഫിസിന് മുൻപിൽ നെൽ കർഷകർ സമരങ്ങൾ നടത്തിയിട്ടും നടപടികൾ വൈകുന്ന സ്ഥിതിയാണുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR