Enter your Email Address to subscribe to our newsletters

Chennai , 19 ഏപ്രില് (H.S.)
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്, തമിഴക വെട്രിക്കഴകം (ടി.വി.കെ) നേതാവ് വിജയ് മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലും പ്രചാരണം താളംതെറ്റിയത് ചർച്ചയാകുന്നു.
വിജയ്യെ നിഴല്പോലെ പിന്തുടരുന്ന മൂന്ന് പ്രമുഖ വ്യക്തികള് ഇതിന് പിന്നിലെ കാര്യങ്ങള് മറച്ചുവെക്കുന്നുണ്ടെന്നാണ് പുതിയ വിവരം. തമിഴ്നാട് രാഷ്ട്രീയത്തില് ഇത് പുതിയ അഭ്യൂഹങ്ങള്ക്ക് വഴിവെച്ചിരിക്കുകയാണ്.
ചെന്നൈയിലെ പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് നടൻ വിജയ് മത്സരിക്കുന്നത്. സംസ്ഥാനത്തുടനീളം പ്രചാരണം നടത്താൻ അദ്ദേഹത്തിന് പല തടസ്സങ്ങളും നേരിടേണ്ടി വന്നു. തങ്ങളുടെ മണ്ഡലങ്ങളിലെ പ്രചാരണം വിജയ് റദ്ദാക്കിയതിന്റെ യഥാർത്ഥ കാരണം ടി.വി.കെയുടെ ജില്ലാ, സംസ്ഥാന നേതാക്കള്ക്ക് പോലും അറിയില്ലെന്നാണ് റിപ്പോർട്ടുകള്. വിജയ്ക്ക് ചുറ്റുമുള്ള ഈ മൂന്ന് പേർക്കാണ് കാര്യങ്ങള് അറിയുന്നതെങ്കിലും അവർക്ക് ഇത് പുറത്തുപറയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
പ്രചാരണത്തിലുണ്ടായ പ്രശ്നങ്ങളെ തുടർന്ന് വിജയ് അടുത്തിടെ മണ്ഡലം ചുമതലക്കാരെ വിളിച്ച് ചർച്ച നടത്തിയിരുന്നു. പല മണ്ഡലങ്ങളിലും പ്രചാരണത്തിന് എത്താൻ കഴിയാത്തതിന് അദ്ദേഹം ഭാരവാഹികളോട് ക്ഷമ ചോദിച്ചു. തുടർന്ന്, ഓരോ മണ്ഡലത്തിലെയും നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. ഇത് വിജയ്യുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടമാണ്.
നിങ്ങള്ക്ക് വലിയ ജനസ്വാധീനമുണ്ട്; അത് മാത്രമാണ് ഞങ്ങളെ വിജയിപ്പിക്കുക. സ്ഥാനാർത്ഥികളെ ജനങ്ങള്ക്ക് വേണ്ടത്ര അറിയില്ല. അവരെ ജനങ്ങളിലേക്ക് പരിചയപ്പെടുത്താൻ പല വഴികളിലൂടെയും ഞങ്ങള് ശ്രമിക്കുന്നു. എന്നാല് ഭരണകക്ഷി വലിയ രീതിയില് തടസ്സങ്ങള് സൃഷ്ടിക്കുകയാണ്. ഭരണകക്ഷിക്കായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങള് ഉണ്ടാക്കുന്നത്, എന്നായിരുന്നു ഭൂരിഭാഗം ചുമതലക്കാരുടെയും പ്രതികരണം.
നിങ്ങളുടെ കഠിനാധ്വാനം തുടരുക. തീർച്ചയായും നമ്മള് വിജയിക്കും. ബൂത്തുകളില് ശക്തരായ ആളുകളെ നിയമിക്കുക. ഭരണകക്ഷിയെ എതിർത്തത് ഇതുവരെ പ്രശ്നമായിരുന്നില്ല. ഇനി രണ്ട് വലിയ കാര്യങ്ങളെ നമ്മള് നേരിടേണ്ടി വരും. ഒന്ന്, വോട്ടെടുപ്പ് ദിവസം ബൂത്തുകളില് ഭരണകക്ഷി നടത്തുന്ന രാഷ്ട്രീയത്തെ നേരിടണം. രണ്ടാമതായി, വോട്ടെണ്ണല് സമയത്ത് ഇതിലും വലിയ വെല്ലുവിളികള് ഉണ്ടാകും. അതിനാല് ശക്തരായിരിക്കുക, നമ്മുക്കത് നേരിടാൻ കഴിയും, മണ്ഡലങ്ങളിലെ ചുമതലയുള്ളവരോട് വിജയ് പറഞ്ഞു.
ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ വിജയ്, താൻ മത്സരിക്കുന്ന രണ്ട് മണ്ഡലങ്ങളിലെ അവസാനഘട്ട സാഹചര്യം വിലയിരുത്തി ഒരു സർവേ റിപ്പോർട്ട് നല്കാൻ ആദവ് അർജുനയോട് നിർദേശിച്ചു എന്നാണ് പുറത്തുവരുന്ന വിവരങ്ങള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR