Enter your Email Address to subscribe to our newsletters

Thiruvananthapuram , 19 ഏപ്രില് (H.S.)
വടക്കൻ സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്കെതിരെ നടക്കുന്ന അവകാശ ലംഘനങ്ങളെ അപലപിച്ച് വി ശിവന്കുട്ടി. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി-എൻസിആർ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കേരളത്തിൻ്റെ ശക്തമായ പ്രതിഷേധം അറിയിക്കുന്നെന്നും ശിവന് കുട്ടി പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുള്ള പ്രശ്നങ്ങൾ വളരെ ഗൗരവമുള്ളതാണെന്നും അടിയന്തര ശ്രദ്ധ അർഹിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
ഡൽഹി-എൻസിആർ മേഖലയിലെ തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. ഇതാണ് അവരെ പ്രക്ഷോഭത്തിലേക്ക് നയിക്കാന് നിര്ബന്ധിതരാക്കുന്നത്. പണപ്പെരുപ്പവും പാചകവാതക ക്ഷാമവും കാരണം സാധാരണക്കാരുടെ ജീവിതം ദുരിതത്തിലായിരിക്കുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലും നിലവിലുള്ള തുച്ഛമായ മിനിമം വേതനം കൊണ്ട് ഒരു കുടുംബത്തിന് അന്തസോടെ ജീവിക്കാൻ പര്യാപ്തമല്ലെന്നും ശിവന്കുട്ടി പറഞ്ഞു.
അതിഥി തൊഴിലാളികള്ക്ക് കേരളത്തില് മിനിമം വേതനം
85 മേഖലകളിൽ മിനിമം വേതനം നടപ്പിലാക്കി കേരളം ഇതിനകം ഒരു മാതൃക സൃഷ്ടിച്ചു. ഡൽഹി-എൻസിആർ മേഖലയിലെ മിനിമം വേതനം പ്രതിമാസം 26,000 രൂപയായി ഏകീകരിക്കണമെന്നും ശിവൻകുട്ടി പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനു പകരം ഉത്തർപ്രദേശിലെയും ഹരിയാനയിലെയും സർക്കാരുകൾ പൊലീസ് അടിച്ചമർത്തലിന് വിധേയരാകുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഗർഭിണികളായ സ്ത്രീകളെപ്പോലും ക്രൂരമായി മർദിക്കുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രമസമാധാന പ്രശ്നമായി കണ്ട് തൊഴിലാളി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ല. നോയിഡ സന്ദർശിച്ച എംപിമാരുടെ ഒരു സംഘത്തെ കാണാൻ അധികാരികൾ വിസമ്മതിച്ചത് ധാർഷ്ട്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ നിഷേധിക്കുന്ന പുതിയ ലേബർ കോഡുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. തൊഴിലാളികളുടെ അവകാശങ്ങള് നിഷേധിക്കുന്ന വിഷയത്തില് അടിയന്തരമായി പ്രധാനമന്ത്രി ഇടപെടണമെന്നും, അറസ്റ്റ് ചെയ്ത തൊഴിലാളികളെ മോചിപ്പിക്കണമെന്നും, കുടിയേറ്റ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കണമെന്നും ശിവൻകുട്ടി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന നിലപാടുകൾക്കെതിരെയുള്ള ഈ പോരാട്ടത്തിൽ കേരളത്തിൻ്റെ എല്ലാ വിധ പിന്തുണയും ശിവന് കുട്ടി പ്രഖ്യാപിച്ചു.
അതേസമയം മിനിമം വേതനവും സുരക്ഷിതമായ തൊഴിലിടവും മറ്റ് ആനുകൂല്യങ്ങളും ആവശ്യപ്പെട്ടുള്ള നോയിഡയിലെ തൊഴിലാളികളുടെ സമരം ശക്തമാകുകയാണ്. സമരത്തെ അടിച്ചമർത്താൻ, സമരം ചെയ്ത 350ലധികം തൊഴിലാളികളെയാണ് യുപി പൊലീസ് കസ്റ്റഡിൽ എടുത്തത്. സമരത്തിന് നേതൃത്വം നൽകുന്ന സിഐടിയു നേതാക്കൾ പലരും ഇപ്പോഴും പൊലീസിൻ്റെ കരുതൽ തടങ്കലിലാണ്. ഇതിനിടെ സമരം ആളിക്കത്തുന്ന സാഹചര്യത്തിൽ, കമ്പനികൾക്ക് തൊഴിലാളികളെ നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയുമായി മുന്നോട്ടുപോകുകയാണ് തൊഴിൽ വകുപ്പ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR