പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യയന വർഷം മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ
Thiruvananthapuram , 19 ഏപ്രില് (H.S.) പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യയന വർഷം മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ.. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരടക്കമുള്ള ഒമ്പത് പേരുടെ ദാരുണാന്ത്യം ഞെട്ടിക്കുന്ന
V SIVANKUTTY


Thiruvananthapuram , 19 ഏപ്രില് (H.S.)

പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യയന വർഷം മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ..

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരടക്കമുള്ള ഒമ്പത് പേരുടെ ദാരുണാന്ത്യം ഞെട്ടിക്കുന്നതും

ഹൃദയഭേദകവുമാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു .

നമ്മെ വിട്ടുപിരിഞ്ഞവർക്ക് കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചിരുന്നു.

അദ്ധ്യയനത്തിലും കുട്ടികളുടെ എണ്ണത്തിലും ഏറെ പുറകിൽ നിന്ന ഈ സ്കൂളിനെ മികച്ച സ്കൂളായി മാറ്റുന്നതിൽ ഈ അധ്യാപകർ വഹിച്ച പങ്കിനെ ഞാൻ എടുത്തു പറയുന്നു.

ജി.എൽ.പി.എസ് പാങ്ങിലെ ഹെഡ്മിസ്ട്രസ് അജിത അധ്യാപകരായ മജീദ്, ആശ, റംല സുഹ്റ, പാചകത്തൊഴിലാളി സാജിത ജി.യു.പി.എസ്. പാങ്ങിലെ അധ്യാപികയായ ഷക്കീല മജീദിന്റെ ഭാര്യ റുഖിയ സുഹ്റയുടെ മകൻ ഹിഷാം എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നിയമപ്രകാരമുള്ള എല്ലാവിധ സഹായങ്ങളും സർക്കാർ നൽകും.

വേനലവധിക്കാലമാണെങ്കിൽ സ്കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്.

ജി.യു.പി.എസ്. പാങ്ങിലെ പ്രധാനാധ്യാപകൻ ശ്രീ. അഹമ്മദ് കുട്ടിയ്ക്ക് ജി.എൽ.പി.എസിന്റെ താൽക്കാലിക ചുമതല കൂടി നൽകും.

ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.

മലപ്പുറം ഡി.ഡി. യുടെ ചുമതല വഹിക്കുന്ന മലപ്പുറം ഡി.ഇ.ഒ. ശ്രീമതി. സുനിതയ്ക്കായിരിക്കും ഇതിന്റെ ചുമതല.

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ശ്രീ. സന്തോഷ് ഇതിന്റെ മേൽനോട്ടം വഹിക്കും.

കുട്ടികൾക്ക് സൈക്കോളജിയ്ക്കൽ കൗൺസിലിംഗ് നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും.

ഇതിനായി ആരോഗ്യവകുപ്പുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.

വനിതാ - ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസർ ശ്രീ. ഗോപകുമാറിനായിരിക്കും കൗൺസിലിംഗ് സംവിധാനം ഒരുക്കുന്നതിന്റെ ചുമതല.

സ്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പ് കൗൺസിലിംഗ് പ്രവർത്തനം ആരംഭിക്കും.

*തൊഴിലാളി പ്രക്ഷോഭം*

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് ഡൽഹി-എൻ.സി.ആർ മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് തൊഴിലാളികൾ നേരിടുന്ന ഞെട്ടിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ കേരളത്തിന്റെ ശക്തമായ പ്രതിഷേധം ഞാൻ അറിയിക്കുകയാണ്. സി.പി.ഐ.എം ജനറൽ സെക്രട്ടറി സഖാവ് എം.എ ബേബി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങൾ അതീവ ഗൗരവകരമാണ്.

അവിടെ തൊഴിലാളികൾ മാന്യമായ കൂലിക്കോ മെച്ചപ്പെട്ട സേവന വ്യവസ്ഥകൾക്കോ വേണ്ടിയല്ല സമരം ചെയ്യുന്നത്, മറിച്ച് ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ്. പണപ്പെരുപ്പവും പാചകവാതക ക്ഷാമവും കാരണം സാധാരണക്കാരുടെ ജീവിതം നരകതുല്യമായിരിക്കുന്നു. ഡൽഹിയിലും ഉത്തർപ്രദേശിലും ഹരിയാനയിലും നിലവിലുള്ള തുച്ഛമായ മിനിമം വേതനം കൊണ്ട് ഇന്നത്തെ കാലത്ത് ഒരു കുടുംബത്തിന് അന്തസ്സായി ജീവിക്കാനാകില്ല. അതുകൊണ്ടാണ് ഡൽഹി-എൻ.സി.ആർ മേഖലയിൽ മിനിമം കൂലി പ്രതിമാസം 26,000 രൂപയായി ഏകീകരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നത്. 85 തൊഴിൽ മേഖലകളിൽ മിനിമം വേതനം നടപ്പാക്കിയ കേരള മാതൃക കേന്ദ്ര സർക്കാരിനും മറ്റ് സംസ്ഥാനങ്ങൾക്കും മുന്നിലുണ്ട്.

ഏറ്റവും നിർഭാഗ്യകരമായ കാര്യം, തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം ഉത്തർപ്രദേശ്, ഹരിയാന സർക്കാരുകൾ ക്രൂരമായ പോലീസ് അടിച്ചമർത്തലിലൂടെ അവരെ നേരിടുന്നു എന്നതാണ്. ഗർഭിണികളായ സ്ത്രീകളെപ്പോലും ക്രൂരമായി മർദ്ദിക്കുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രമസമാധാന പ്രശ്നമായി കണ്ട് തൊഴിലാളി നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുന്ന രീതി അംഗീകരിക്കാനാവില്ല. നോയിഡ സന്ദർശിച്ച എം.പിമാരടങ്ങുന്ന പ്രതിനിധി സംഘത്തെ കാണാൻ പോലും അവിടുത്തെ ഭരണകൂടം തയ്യാറായില്ല എന്നത് അഹങ്കാരമാണ്.

തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന പുതിയ ലേബർ കോഡുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അടിയന്തരമായി പ്രധാനമന്ത്രി ഈ വിഷയത്തിൽ ഇടപെടണമെന്നും, അറസ്റ്റ് ചെയ്ത തൊഴിലാളികളെ മോചിപ്പിക്കണമെന്നും, കുടിയേറ്റ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ പാചകവാതകം ലഭ്യമാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. തൊഴിലാളി വിരുദ്ധ നയങ്ങളുമായി മുന്നോട്ട് പോകുന്ന നിലപാടുകൾക്കെതിരെയുള്ള ഈ പോരാട്ടത്തിൽ കേരളത്തിന്റെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതയും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു .

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News