വയനാട് ടൗണ്ഷിപ്പില് സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷം.
Thiruvananthapuram , 19 ഏപ്രില് (H.S.) വയനാട് ടൗണ്ഷിപ്പില് സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷം. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതർക്കായി ഒരു ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ടൗണ്ഷിപ്പില്
V Shivankutti


Thiruvananthapuram , 19 ഏപ്രില് (H.S.)

വയനാട് ടൗണ്ഷിപ്പില് സർക്കാരിനെതിരെ വീണ്ടും പ്രതിപക്ഷം. വയനാട്ടിലെ ഉരുൾപൊട്ടൽ ബാധിതർക്കായി ഒരു ടൗൺഷിപ്പ് ഉദ്ഘാടനം ചെയ്തത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. ടൗണ്ഷിപ്പില് നിർമ്മിച്ച വീടുകളില് വിള്ളല് ഉണ്ടെന്ന സമീപകാല റിപ്പോർട്ടിന് പിന്നാലെ സ്ഥിതിഗതികള് വിലയിരുത്താൻ റവന്യൂ മന്ത്രി കെ രാജൻ നടത്തിയ സന്ദർശനത്തോട് പ്രതികരിക്കുകയായിരുന്നു വിഡി സതീശൻ.

നിർമ്മാണ പ്രശ്നങ്ങൾ പരിശോധിക്കാൻ മന്ത്രി ഒരു വിദഗ്ധനല്ലെന്നും അത്തരം വിലയിരുത്തലുകൾ എഞ്ചിനീയർമാർ നടത്തണമെന്നും വിഡി സതീശൻ പറഞ്ഞു. ടൗണ്ഷിപ്പിലെ വീടുകള് ഇതുവരെ വാസയോഗ്യമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

'ശിലാസ്ഥാപനം നടത്തിയിട്ടും ഞങ്ങളുടെ ഭവന പദ്ധതി ആരംഭിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഞങ്ങൾക്കെതിരായ ആരോപണം. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത വീടുകള് പൂർത്തിയാകാത്തതിനാല് ആരും അവിടെ താമസിക്കുന്നില്ല. തെരഞ്ഞെടുപ്പിന് മുമ്പ് ആളുകളെ കബളിപ്പിക്കാനാണ് ഉദ്ഘാടനം നടത്തിയത്,' -വിഡി സതീശൻ പറഞ്ഞു.

പണി പൂർത്തിയാകാതെയാണ് വീടുകൾ ഉദ്ഘാടനം ചെയ്തതെന്നും തെരഞ്ഞെടുപ്പ് കാലത്ത് പദ്ധതിക്ക് വ്യാപകമായ പ്രചാരണം ലഭിച്ചെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രിയും സർക്കാരും പൊതുജനങ്ങളോട് മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വയനാട് ദുരന്തബാധിതർക്കായി കല്പ്പറ്റയില് നിർമ്മിച്ച ടൗണ്ഷിപ്പിലെ വീടുകളില് വിള്ളലുകള് ഉണ്ടെന്ന റിപ്പോർട്ടുകള് പൂർണമായും അടിസ്ഥാന രഹിതമെന്ന് മന്ത്രി വി ശിവൻകുട്ടി. റവന്യൂ മന്ത്രി കെ രാജൻ നേരിട്ട് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീടുകളുടെ വാട്ടർപ്രൂഫിങ് ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ലെന്നും ചെറിയ തോതിൽ വെള്ളം ഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥലങ്ങളിൽ പെൻസിൽ മാർക്കിങ് നടത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഈ പെൻസില് മാർക്കിങ് ആണ് ചിലർ വിള്ളലായി ചിത്രീകരിച്ചത് എന്നും ശിവൻകുട്ടി അവകാശപ്പെട്ടു. സർക്കാർ അതീവ ജാഗ്രത പാലിക്കുന്നുണ്ടെന്നും 100 ശതമാനം ഗുണനിലവാരം ഉറപ്പാക്കാതെ ഒരു വീട് പോലും ഗുണഭോക്താക്കൾക്ക് കൈമാറില്ലെന്നും അദ്ദേഹം പറഞ്ഞു. നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയെ അഞ്ച് വർഷത്തേക്ക് അറ്റകുറ്റപ്പണികൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ശിവൻകുട്ടി അറിയിച്ചു.

'സുതാര്യത ഉറപ്പാക്കുന്നതിനായി, മൊത്തം പേമെന്റിന്റെ ഒരു ഭാഗം സർക്കാർ തടഞ്ഞുവച്ചിട്ടുണ്ട്, ഈ കാലയളവിൽ പരാതികളൊന്നും ഉണ്ടായില്ലെങ്കിൽ മാത്രമേ അത് അനുവദിക്കൂ,' -മാധ്യമങ്ങളോട് സംസാരിക്കവെ വി ശിവൻകുട്ടി വ്യക്തമാക്കി. ഗുണഭോക്താക്കൾ നേരിട്ട് പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയതിനുശേഷം മാത്രമേ വീടുകൾ കൈമാറുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

'ഏപ്രിൽ 15 ന് വീടുകൾ കൈമാറാനായിരുന്നു പ്രാരംഭ പദ്ധതി. എന്നാല് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ അവരുടെ ജന്മനാട്ടിലേക്ക് മടങ്ങിയതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചെറിയ കാലതാമസം നേരിട്ടു. എന്നിരുന്നാലും 102 വീടുകൾ ഉടൻ പൂർത്തിയാകും. മെയ് ആദ്യ വാരത്തോടെ ഏകദേശം 178 വീടുകൾ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നു. ഫർണിച്ചർ വാങ്ങുന്നതിനായി ഒരു വീടിന് ഒരു ലക്ഷം രൂപ വരെ സർക്കാർ അനുവദിച്ചിട്ടുണ്ട്.' -ശിവൻകുട്ടി പറഞ്ഞു.

കഴിഞ്ഞ 20 മാസമായി ദുരിതബാധിത കുടുംബങ്ങൾക്ക് സർക്കാർ തുടർച്ചയായി വാടകയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസും യൂത്ത് കോണ്ഗ്രസും തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുകയാണെന്ന് വി ശിവൻകുട്ടി വിമർശിച്ചു.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News