Enter your Email Address to subscribe to our newsletters

Kottayam , 19 ഏപ്രില് (H.S.)
ബോട്ട് സർവീസിന് വില്ലനായി കായലിലെ പോളശല്യം. കോടിമതയിലെ ബോട്ടുജെട്ടി ഭാഗത്ത് കായലിലെ പോള കോട്ടയം-ആലപ്പുഴ ബോട്ട് സര്വീസിനെ സാരമായി ബാധിച്ചിരിക്കുകയാണ്. കൊടൂരാറില് നിന്ന് ഒഴുകിയെത്തുന്ന പോളയാണ് ഇവിടെയാകെ നിറഞ്ഞിരിക്കുന്നത്. പോള നിറഞ്ഞതിനാല് കായലിലൂടെയുള്ള യാത്ര ബുദ്ധിമുട്ടാണെന്ന് ബോട്ടുജെട്ടി അധികൃതർ പറയുന്നു. ബോട്ടിന്റെ പ്രൊപ്പല്ലറില് പോള കുടുങ്ങി തകരാര് ഉണ്ടാകുന്നതും പതിവാണ്.
പോള നിറഞ്ഞുകിടക്കുമ്പോള് വെള്ളത്തില് തടിയോ മറ്റെന്തെങ്കിലും വസ്തുക്കളോ ഉണ്ടോയെന്ന് അറിയാനും കഴിയില്ല. യാത്രയ്ക്കിടെ ഇങ്ങനെ തടസം നേരിടുമ്പോള് ജീവനക്കാര് കായയിലിറങ്ങി തടസം നീക്കി യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടാകാറുണ്ട്. ദിവസത്തില് നിരവധി തവണയാണ് പോളയും പുല്ലും ബോട്ടിന്റെ പ്രൊപ്പല്ലറില് കുടുങ്ങി ബോട്ട് നിന്നുപോകുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ബോട്ടുജെട്ടിയുടെ മുന്ഭാഗത്താണ് പോള നിറഞ്ഞിരിക്കുന്നത്. അതിനാല് ബോട്ടുകള് തിരിക്കാനും ബുദ്ധിമുട്ടാണ്.
നിലവിൽ പോള ശല്യം രൂക്ഷമാണ്. കോട്ടയം മുതൽ കാഞ്ഞിരം വരെയാണ് ഏറ്റവുമധികം പോള നിറഞ്ഞിരിക്കുന്നത്. ചാക്ക്, പടുത, പഴയ വലകൾ തുടങ്ങിയവയൊക്കെ ആളുകൾ ആറ്റിൽ ഉപേക്ഷിക്കുന്നു. വെള്ളത്തിലൂടെ ഒഴുകിവരുന്ന തടികളും ബോട്ടിന് കേടുപാടുകൾ ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം തന്നെ കേടുപാട് ഉണ്ടായിട്ട് നാല് ദിവസത്തോളം ട്രിപ്പ് മുടങ്ങിയ അവസ്ഥയായിരുന്നു. ജലത്തിൽ കിടക്കുന്ന തടികൾ ബോട്ടിൽ വന്ന് ശക്തമായി ഇടിക്കുകയും കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു.
ബോട്ടിൻ്റെ പ്രൊപ്പല്ലറിനും ഇത് നാശം വരുത്തുന്നു. ഇത്തരം കേടുപാടുകൾ സംഭവിക്കുന്നതുകൊണ്ട് ബോട്ട് ട്രിപ്പ് തടസപ്പെടുന്നു. പിന്നീട് മറ്റൊരു ബോട്ടിൻ്റെ സഹായത്തോടെയാണ് സർവീസ് നടത്തിയത്. ചില സാഹചര്യത്തിൽ ഇവിടെനിന്നും കോട്ടയത്തേക്ക് പോകാൻ ബോട്ട് ഇല്ലാത്ത സാഹചര്യമാണുള്ളത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പോളകൾ വർധിക്കുന്നത്. എല്ലാവർഷവും ഇത്തരം പ്രശ്നങ്ങൾ വരാറുമുണ്ട്, സ്രാങ്ക് അനൂപ് കെ എസ് പറയുന്നു.
ബോട്ടിൽ കോട്ടയത്ത് നിന്ന് ആലപ്പുഴ വരെ എത്താൻ രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ വേണം. കൈനകരിയുടെ ഭാഗത്തുകൂടിയാണ് പോകുന്നത്. എന്നാൽ പതിനൊന്നരയ്ക്ക് പോകുന്ന ബോട്ട് ആണെങ്കിൽ രണ്ടേകാൽ മണിക്കൂറുകൊണ്ട് ആലപ്പുഴയിൽ എത്തും. പക്ഷേ പോള നിറയുന്ന സമയങ്ങളിൽ ചിലപ്പോൾ മൂന്നര മണിക്കൂർ എടുക്കും ആലപ്പുഴ എത്താൻ. പോളയുള്ളയുള്ള സമയത്ത് ബോട്ടിൻ്റെ പ്രൊപ്പല്ലർ വൃത്തിയാക്കിവേണം പോകാൻ. ഇതിന് കൂടുതൽ സമയം എടുക്കേണ്ടി വരുന്നതിനാൽ ബോട്ട് വൈകുകയും ചിലപ്പോൾ ട്രിപ്പ് തന്നെ മുടങ്ങുന്ന അവസ്ഥയും വരുന്നു, എന്നും അനൂപ് കൂട്ടിച്ചേർക്കുന്നു.
ഗതാഗത തടസമുണ്ടാക്കിയതോടെ പോള നീക്കം ചെയ്യല് ആരംഭിച്ചിരുന്നു. ചിലസമയങ്ങളില് രണ്ട് യന്ത്രങ്ങള് പോള നീക്കാനുണ്ടാകും. കഴിഞ്ഞ ദിവസം ഒരു യന്ത്രം മാത്രമാണ് പോള നീക്കാനുണ്ടായിരുന്നതെന്നും ബോട്ടുജെട്ടി ജീവനക്കാര് പറഞ്ഞു. വാരിമാറ്റുന്നതിനനുസരിച്ച് വീണ്ടും പോള വന്നുനിറയുന്ന അവസ്ഥയാണുള്ളത്. തണ്ണീർ മുക്കം ബണ്ട് തുറക്കാതെ പോള ശല്യം തീരില്ല എന്നാണ് ജീവനക്കാർ പറയുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR