Enter your Email Address to subscribe to our newsletters

Palakkad, 02 ഏപ്രില് (H.S.)
ചിറ്റൂർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ. സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിന് നേരെ ആക്രമണം. സംഭവത്തിൽ സിപിഎം പ്രവർത്തകരായ അപ്പു, തുളസീദാസ്, സതീഷ്, പ്രവീൺ എന്നിവർക്കെതിരെ പുതുനഗരം പൊലീസ് കേസെടുത്തു. പെരുവെമ്പ് വാഴക്കോട് വെച്ചായിരുന്നു സംഭവം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനം വാഹനത്തിൽ നിന്ന് കേൾപ്പിച്ചത് പ്രകോപനത്തിന് കാരണമായതായാണ് റിപ്പോർട്ട്.
'പോറ്റിയെ കേറ്റിയെ സ്വർണ്ണം ചെമ്പായ് മാറ്റിയെ' എന്ന പാരഡി ഗാനം പ്രചാരണ വാഹനത്തിൽ വെച്ചതിനെത്തുടർന്ന് വണ്ടി തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ കേരളത്തിൽ ഏറെ ചർച്ചയായ പാരഡി ഗാനമായിരുന്നു ഇത്. തെരഞ്ഞെടുപ്പ് കാലത്ത് വിവിധ മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കുമായി പലവിധ പാരഡി ഗാനങ്ങൾ പുറത്തിറങ്ങാറുണ്ടെങ്കിലും കോടതി കയറിയ ഗാനമാണ് ഇത്. പാട്ട് നിരോധിക്കണമെന്നാവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചെങ്കിലും അതിന് കോടതി തയ്യാറായിരുന്നില്ല.
പ്രചാരണ വാഹനത്തെ ആക്രമിച്ചതിന് പിന്നിൽ എൽഡിഎഫിന്റെ പരാജയഭീതിയാണെന്നും ഇത്തരം അക്രമങ്ങൾ ഭയന്ന് പ്രചാരണത്തിൽ നിന്ന് പിന്മാറില്ലെന്നും പെരുവെമ്പ് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. വൈകുന്നേരം 5:30-ന് വാഴക്കാട് പ്രദേശത്തുകൂടി പോവുകയായിരുന്നു തെരഞ്ഞെടുപ്പ് വാഹനം. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനമാണ് വാഹനത്തിൽ വെച്ചിരുന്നത്. ഇത് ഇടതുപക്ഷ പ്രവർത്തകരെ പ്രകോപിപ്പിച്ചു. വിറളിപൂണ്ട പ്രവർത്തകർ വാഹനത്തിന് നേരെ ആക്രമണം നടത്തി. വാഹനത്തിലെ ജീവനക്കാരന്റെ ചെവിക്കല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
പരിക്കേറ്റതിനെ തുടര്ന്ന് വാഹനത്തിലെ ജീവനക്കാരനായ മോഹനനെ ചിറ്റൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സുഗമമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.
ചിറ്റൂർ നിയോജക മണ്ഡലത്തിന്റെ സവിശേഷതകൾ:
പാലക്കാട് ജില്ലയിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് ചിറ്റൂർ. പരമ്പരാഗതമായി എൽഡിഎഫിനും യുഡിഎഫിനും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണിത്. പാലക്കാട് ജില്ലയുടെ തെക്ക്-കിഴക്ക് ഭാഗത്തായി തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഈ മണ്ഡലം കൃഷി, ജലസേചനം തുടങ്ങിയ കാര്യങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.
ചിറ്റൂർ-തത്തമംഗലം നഗരസഭയും പെരുമാട്ടി, പട്ടഞ്ചേരി, നല്ലേപ്പിള്ളി, എലപ്പുള്ളി, മുതലമട, വടകരപ്പതി, എരുത്തേമ്പതി എന്നീ പഞ്ചായത്തുകളും ചിറ്റൂർ മണ്ഡലത്തിന്റെ ഭാഗമാണ്. പ്രധാനമായും കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ഇവിടെ തെങ്ങ്, മാങ്ങ, നെല്ല് എന്നിവയാണ് പ്രധാന കൃഷികൾ. ചിറ്റൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടം ഇത്തവണയും അതിശക്തമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR