Enter your Email Address to subscribe to our newsletters

Thiruvananthapuram , 02 ഏപ്രില് (H.S.)
ഇരട്ടവോട്ട് ചേർത്ത് സിപിഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നുവെന്ന് രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ വോട്ട് ചോരിപോലെയാണ് കേരളത്തിൽ സിപിഎം നടത്തുന്ന ഇത്തരം നടപടികൾ. ബിജെപിയുടെയും സിപിഎമ്മിൻ്റെയും ജനാധിപത്യ വിരുദ്ധമുഖമാണ് ഇതിലൂടെ തെളിയുന്നത്. പരാജയഭീതി കാരണമാണ് ഇത്തരത്തിൽ വ്യാജ രേഖകൾ ഉണ്ടാക്കി ഇരട്ടവോട്ടിന് ശ്രമിക്കുന്നതെന്നും ഗെഹ്ലോട്ട് പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിനായി സിപിഎമ്മിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ, കല്ല്യാശേരി എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ഇരട്ടവോട്ടുകൾ ചേർക്കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി വൈസ് പ്രസിഡൻ്റ് പാലോട് രവി, കെപിസിസി തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി കൺവീനർ എം കെ റഹ്മാൻ എന്നിവർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണർക്ക് നേരിട്ട് പരാതി നൽകി.
സംസ്ഥാനത്തിൻ്റെ വിവിധ മണ്ഡലങ്ങളിൽ ഇത്തരത്തിലുള്ള പ്രവർത്തനം സിപിഎമ്മിൻ്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ ഇതുസംബന്ധിച്ച് രേഖാമൂലം റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകിയിരിക്കുകയാണ്. ഇത് ഗൗരവമുള്ളതാണ്. പയ്യന്നൂർ, കല്യാശേരി ഉൾപ്പെടെ നിരവധി മണ്ഡലങ്ങളിലെ ഇരട്ട വോട്ട് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയുടെയും വോട്ടർ പട്ടികയുടെയും വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടിയാണിതെന്നും അശോക് ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഇത് അന്വേഷിച്ച് നടപടി സ്വീകരിക്കാത്ത പക്ഷം അത് യഥാർഥ വോട്ടർമാരുടെ അവകാശം നിഷേധിക്കുന്നതിന് ഇടയാക്കും. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. വോട്ടർപട്ടികയുടെ ഡാറ്റ കൈകാര്യം ചെയ്യുന്നവരുടെ പങ്ക് ഇതിന് പിന്നിലുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
ഇതിനിടെ സിപിഎം രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പു നടത്തിയെന്നതിന് കൂടുതൽ തെളിവുകൾ പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ രണ്ട് ദിവസം മുമ്പ് പുറത്തുവിട്ടിരുന്നു. ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിൻ്റെ തെളിവുകളാണ് താൻ പുറത്ത് വിട്ടതെന്നാണ് അവകാശവാദം. ബാങ്കിൻ്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റ്, ധനരാജ് രക്തസാക്ഷി ഫണ്ട് ചെലവഴിച്ചതിൻ്റെ കണക്ക്, പാർട്ടി കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിൻ്റെ പകർപ്പ് തുടങ്ങിയവയാണ് അദ്ദേഹം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR