സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി വി.പി.എസ്. ലേക്ഷോർ ആശുപത്രി വീണ്ടും വിവാഹ വേദിയായി
Ernakulam , 02 ഏപ്രില് (H.S.) സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി വി.പി.എസ്. ലേക്ഷോർ ആശുപത്രി വീണ്ടും വിവാഹ വേദിയായി. മുൻ നിശ്ചയിച്ച വിവാഹ തീയതിക്ക് തൊട്ടുമുമ്പ് വധുവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് ആശുപത്രി അങ്കണം വിവാഹവേദിയായി മാ
LAKESHORE HOSPITAL WEDDING


Ernakulam , 02 ഏപ്രില് (H.S.)

സ്നേഹത്തിന്റെയും കരുതലിന്റെയും മാതൃകയായി വി.പി.എസ്. ലേക്ഷോർ ആശുപത്രി വീണ്ടും വിവാഹ വേദിയായി. മുൻ നിശ്ചയിച്ച വിവാഹ തീയതിക്ക് തൊട്ടുമുമ്പ് വധുവിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നതോടെയാണ് ആശുപത്രി അങ്കണം വിവാഹവേദിയായി മാറിയത്. നാല് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ ആശുപത്രി ഇത്തരമൊരു അപൂർb ചടങ്ങിന് വേദിയൊരുക്കുന്നത്.

ഓച്ചിറ സ്വദേശിനിയായ ദിയയും കായംകുളം സ്വദേശിയായ ജിതിനും തമ്മിലുള്ള വിവാഹം ഏപ്രിൽ രണ്ടിന് നടത്താൻ മാസങ്ങൾക്ക് മുമ്പേ നിശ്ചയിച്ചിരുന്നു. എന്നാൽ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വധുവിന് അനുഭവപ്പെട്ട ശക്തമായ വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിൽ, അടിയന്തരമായി ഗാസ്ട്രോ ശസ്ത്രക്രിയ ആവശ്യമാണെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയക്ക് ശേഷം ദിയ ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടി വന്നതോടെ വിവാഹം മുടങ്ങുമെന്ന സാഹചര്യമായി.

യാത്ര ചെയ്യാൻ പോലും സാധിക്കാത്ത നിലയിലായിരുന്ന വധുവിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച്, നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിവാഹം നടത്താൻ ഇരു കുടുംബങ്ങളും തീരുമാനിച്ചു. ഇതിനായി ആശുപത്രി മാനേജ്മെന്റിന്റെയും ഡോക്ടർമാരുടെയും പൂർണ പിന്തുണ ലഭിച്ചതോടെ ആശുപത്രി വിവാഹമണ്ഡപമായി. വ്യാഴാഴ്ച രാവിലെ 10.30-നും 11-നും ഇടയിലുള്ള മുഹൂർത്തത്തിൽ ബന്ധുക്കളുടെയും ആശുപത്രി ജീവനക്കാരുടെയും സാന്നിധ്യത്തിൽ വരൻ വധുവിനെ താലി ചാർത്തി. ഇരുവരും പരസ്പരം വരണമാല്യം അണിയിച്ച് ചടങ്ങുകൾ പൂർത്തിയാക്കി.

ആശുപത്രിയിൽ വിവാഹം, ഓഡിറ്റോറിയത്തിൽ സൽക്കാരം

വരനും വധുവും ഏതാനും ബന്ധുക്കളും ആശുപത്രിയിലെ ചടങ്ങുകളിൽ പങ്കെടുത്തപ്പോൾ, നിശ്ചയിച്ച പ്രകാരം കായംകുളത്തെ ഓഡിറ്റോറിയത്തിൽ നാട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി വിപുലമായ വിവാഹ സൽക്കാരം നടന്നു. വധൂവരന്മാർക്ക് ഓഡിറ്റോറിയത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും ആധുനിക സാങ്കേതിക സൗകര്യങ്ങളിലൂടെയും അതിഥികളുടെ സ്നേഹത്തിലൂടെയും ആ കുറവ് പരിഹരിക്കപ്പെട്ടു. ചികിത്സയിൽ തുടരുന്ന വധുവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ഡോക്ടർമാർ അറിയിച്ചു.

ആശുപത്രിയിലെ മുതിർന്ന ഡോക്ടർമാരും മാനേജ്മെന്റ് പ്രതിനിധികളും നഴ്സുമാരും ചടങ്ങുകളിൽ പങ്കെടുത്തു. ശാരീരിക പരിമിതികൾക്കിടയിലും വധുവിന്റെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം നൽകുന്നതിനും ജീവനക്കാർ നൽകിയ പിന്തുണ വളരെ വലുതാണ്. സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വരനും ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വധുവിനും ആശുപത്രി അധികൃതരും നാട്ടുകാരും ഹൃദ്യമായ ആശംസകൾ നേർന്നു. വധുവിന്റെ തുടർ ചികിത്സയ്ക്കും പൂർണ ആരോഗ്യത്തോടെയുള്ള മടക്കയാത്രയ്ക്കും വേണ്ടിയുള്ള പ്രാർത്ഥനകളോടെയാണ് ചടങ്ങുകൾ അവസാനിച്ചത്.

മുൻപ് നവംബറിൽ, വാഹനാപകടത്തിൽ പരിക്കേറ്റ വധുവിനെ അത്യാഹിത വിഭാഗത്തിൽ വെച്ച് വിവാഹം ചെയ്ത സംഭവത്തിന് ശേഷമുള്ള ഈ ചടങ്ങ് ആശുപത്രിയുടെ മാനുഷിക പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. തടസ്സങ്ങൾ എന്തുതന്നെയായാലും ചേരേണ്ടവർ ഒന്നിക്കുക തന്നെ ചെയ്യുമെന്ന സന്ദേശമാണ് ഈ അപൂർവ്വ വിവാഹത്തിലൂടെ ദൃഢമാകുന്നത്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News