Enter your Email Address to subscribe to our newsletters

Idukki , 02 ഏപ്രില് (H.S.)
ത്യാഗത്തിൻ്റെയും സഹനത്തിൻ്റെയും ഓർമകൾ നിറയുന്ന വിശുദ്ധ വാരാചരണത്തിൽ ക്രൈസ്തവ വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കുന്നു. യേശുക്രിസ്തുവിൻ്റെ അന്ത്യത്താഴത്തിൻ്റെ സ്മരണ പുതുക്കുന്ന ദിനമാണിത്. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങളിൽ വലിയ ഭക്തിയോടെയാണ് ഈ ദിനം ആചരിക്കുന്നത്. വലിയ നോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നായ പെസഹയോടുകൂടി വിശുദ്ധ വാരാചരണം കൂടുതൽ തീവ്രമാകും.
അന്ത്യത്താഴ സ്മരണ
യേശു തൻ്റെ 12 ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചതിൻ്റെയും അവർക്കൊപ്പം അത്താഴം കഴിച്ചതിൻ്റെയും ഓർമയാണ് ഈ ദിനം നൽകുന്നത്. ഇതിൻ്റെ മാതൃക പിന്തുടർന്ന് എല്ലാ ദേവാലയങ്ങളിലും കാൽകഴുകൽ ശുശ്രൂഷ നടന്നു. വിശുദ്ധ കുർബാന സ്ഥാപിച്ചതിൻ്റെ സ്മരണ കൂടിയാണിത്. അപ്പവും വീഞ്ഞും യേശുവിൻ്റെ ശരീരവും രക്തവുമായി നൽകുന്ന ചടങ്ങിന് തുടക്കമായത് പെസഹ വ്യാഴാഴ്ചയാണ്. ദേവാലയങ്ങളിൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയുടെ ആരംഭമായും പെസഹയെ കണക്കാക്കുന്നു. സ്നേഹത്തിൻ്റെയും എളിമയുടെയും വലിയ സന്ദേശമാണ് ഈ ദിനം ലോകത്തിന് നൽകുന്നത്. സഹജീവികളെ സ്നേഹിക്കാനും സേവിക്കാനുമുള്ള ആഹ്വാനമാണ് കാൽകഴുകൽ ശുശ്രൂഷയിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്.
അപ്പം മുറിക്കൽ ചടങ്ങ്50 നോമ്പിലെ അവസാനത്തെ ആഴ്ചയിലെ അഞ്ചാം ദിവസമാണ് പെസഹ വ്യാഴം. കടന്നുപോകൽ എന്നാണ് പെസഹ എന്ന വാക്കിൻ്റെ അർഥം. ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വ്യാഴാഴ്ചയാണ് ഈ വിശുദ്ധദിനം ക്രൈസ്തവർ ആചരിക്കുന്നത്. അന്ത്യത്താഴത്തിൻ്റെ സ്മരണയിൽ ക്രൈസ്തവ ഭവനങ്ങളിൽ ഇന്ന് വൈകിട്ട് അപ്പം മുറിക്കുന്ന ചടങ്ങുണ്ടാകും. വീടുകളിൽ പെസഹ അപ്പം അഥവാ ഇണ്ട്രിയപ്പം തയാറാക്കിയാണ് ഇത് നടത്തുന്നത്. പുളിപ്പില്ലാത്ത മാവ് ഉപയോഗിച്ചാണ് പരമ്പരാഗതമായി ഈ അപ്പം തയാറാക്കുന്നത്. ഓശാനയ്ക്ക് പള്ളികളിൽ നിന്ന് നൽകുന്ന കുരുത്തോല കീറിമുറിച്ച് കുരിശുരൂപത്തിലാക്കി അപ്പത്തിന് മുകളിൽ വയ്ക്കും. തുടർന്ന് കുടുംബത്തിലെ കാരണവർ ഈ അപ്പം മുറിച്ച് പെസഹ പാലിൽ മുക്കി നൽകും. ഏറ്റവും പ്രായം കൂടിയ വ്യക്തി മുതൽ താഴോട്ട് കുടുംബത്തിലെ എല്ലാവർക്കുമായി ഇത് നൽകുന്നതാണ് പരമ്പരാഗത ആചാരം. നോമ്പുകാലത്തെ വ്രതാനുഷ്ഠാനങ്ങളുടെ പൂർണത കൂടിയാണ് ഈ കൂട്ടായ്മ.
ദുഃഖവെള്ളിയും ഈസ്റ്ററുംയേശുക്രിസ്തു കുരിശുമരണം വരിച്ചതിൻ്റെ ഓർമ പുതുക്കി നാളെ ദുഃഖവെള്ളി ആചരിക്കും. സകല ജനതയുടെയും പാപങ്ങൾ പേറി ക്രിസ്തു മരണം വരിച്ചതിൻ്റെയും മനുഷ്യസ്നേഹത്തിൻ്റെ അത്യപൂർവ തലങ്ങളുടെയും ഓർമപ്പെടുത്തലാണ് ദുഃഖവെള്ളി. ഉപവാസത്തോടെയും പ്രാർഥനയോടെയുമാണ് വിശ്വാസികൾ ഈ ദിനം ആചരിക്കുന്നത്. പെസഹ വ്യാഴവും ദുഃഖവെള്ളിയും ആചരിക്കുന്നതിനായുള്ള ഒരുക്കങ്ങൾ ദേവാലയങ്ങളിലും വീടുകളിലും പൂർത്തിയായി. പള്ളികളിൽ നാളെ കുരിശിൻ്റെ വഴിയും പ്രത്യേക പ്രാർഥനകളും നടക്കും. യേശു അനുഭവിച്ച പീഡാനുഭവങ്ങളുടെ ഓർമയിൽ വിശ്വാസികൾ കുരിശുമേന്തി മലകയറുന്ന ചടങ്ങുകളും വിവിധ പള്ളികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. കുരിശുമരണത്തിൻ്റെ മൂന്നാം ദിവസമായ ഞായറാഴ്ച യേശുവിൻ്റെ ഉയിർത്തെഴുന്നേൽപ്പിനെ അനുസ്മരിച്ച് ഈസ്റ്റർ ആഘോഷിക്കും. ഏറെ നാളത്തെ പ്രാർഥനകൾക്കും വ്രതാനുഷ്ഠാനങ്ങൾക്കും ശേഷമാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിലേക്ക് കടക്കുന്നത്. ഇതോടെ 50 ദിനം നീണ്ടുനിന്ന വലിയ നോമ്പിനും സമാപനമാകും.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR