Enter your Email Address to subscribe to our newsletters

Wayanad, 02 ഏപ്രില് (H.S.)
'മിസ്റ്റി ലൈറ്റ്സ്' വനിതാ ഇൻഫ്ലുവൻസർ മീറ്റിന് വർണ്ണാഭമായ സമാപനം. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകസമാധാനത്തിനായി വയനാട് ചുരത്തിന് മുകളിലേക്ക് നടന്ന് തൂവെള്ള പതാക വീശിയും വയനാടിന്റെ ടൂറിസം മേഖലയ്ക്ക് കരുത്തുപകരുന്ന മനോഹര ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുമാണ് ഇൻഫ്ലുവൻസർമാർ മടങ്ങിയത്. കൽപ്പറ്റ ബൈപ്പാസിലെ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന മലബാർ ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായാണ് 'മിസ്റ്റി ലൈറ്റ്സ്' എന്ന പേരിൽ വനിതാ ഇൻഫ്ലുവൻസർ മീറ്റ് സംഘടിപ്പിച്ചത്.
മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ 'മീഡിയ വിങ്സ്' 2020 മുതൽ വനിതാദിനത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയുടെ ആറാമത് എഡിഷനാണ് ഇത്തവണ നടന്നത്. ഇന്നലെ രാവിലെ വൈത്തിരി പാർക്കിലെത്തിയ വനിതാ ഇൻഫ്ലുവൻസർമാർ ഏറെനേരം അവിടെ ചെലവഴിച്ച ശേഷം ഉച്ചകഴിഞ്ഞ് വയനാടിന്റെ ഗോത്ര പൈതൃക ഗ്രാമമായ 'എൻ ഊരി'ലെത്തി.
വശ്യമനോഹര ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സംഘടിപ്പിച്ച 'എന്റെ വോട്ട് എന്റെ അവകാശം' എന്ന പ്രത്യേക പരിപാടിയിലും ഇവർ പങ്കെടുത്തു. 'ടീ ചാറ്റ് വിത്ത് കലക്ടർ' എന്ന പേരിൽ സംഘടിപ്പിച്ച സംവാദപരിപാടിയിൽ വയനാട് ജില്ലാ കലക്ടർ ഡി.ആർ. മേഘശ്രീ, അസിസ്റ്റന്റ് കലക്ടർ പി.പി. അർച്ചന എന്നിവർ ഇൻഫ്ലുവൻസർമാരുമായി സംവദിച്ചു.
അരാഷ്ട്രീയവാദം, ജനാധിപത്യ പ്രക്രിയയിൽ നിന്ന് മാറിനിൽക്കൽ, വോട്ട് ബഹിഷ്കരണം, തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ വിഷയങ്ങളിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. ഇന്ത്യയിൽ ഏറ്റവും ഉയർന്ന ജനാധിപത്യ ബോധവും പങ്കാളിത്തവുമുള്ള സംസ്ഥാനമാണ് കേരളമെന്ന് കലക്ടർ പറഞ്ഞു. വോട്ടവകാശം വിനിയോഗിക്കാൻ പൊതുജനങ്ങളെ ആഹ്വാനം ചെയ്തുകൊണ്ട് എല്ലാവരും പ്രതിജ്ഞയെടുത്തു.
എൻ ഊരിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടികളായ കളരിപ്പയറ്റ്, നാടൻപാട്ട്, തെയ്യം എന്നിവ ആസ്വദിക്കാൻ തിരഞ്ഞെടുപ്പ് നിരീക്ഷകരായി വയനാട്ടിലെത്തിയ ഡൽഹിയിൽ നിന്നുള്ള ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. കലക്ടർ ഡി.ആർ. മേഘശ്രീ കുടുംബസമേതമാണ് പരിപാടിക്കെത്തിയത്. താമരശേരി ചുരത്തിലൂടെ നടത്തിയ വാക്കത്തോൺ ആയിരുന്നു മിസ്റ്റി ലൈറ്റ്സിന്റെ ഏറ്റവും ആകർഷകമായ ഇനം. ചുരം വ്യൂ പോയിന്റ് മുതൽ ചങ്ങലമരം (ലക്കിടി) വരെ കൈക്കുഞ്ഞുങ്ങളുമായി പോലും വനിതാ ഇൻഫ്ലുവൻസർമാർ പങ്കെടുത്തു. സംഘാടകർ ഉൾപ്പെടെ 102 പേർ വാക്കത്തോണിൽ പങ്കാളികളായി.
കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ നാനൂറോളം വനിതാ ഇൻഫ്ലുവൻസർമാരാണ് മിസ്റ്റി ലൈറ്റ്സിന്റെ ഭാഗമായത്. ഈ വർഷത്തെ പരിപാടിയോടെ സംഗമവും ചുരം യാത്രയും 'ബെസ്റ്റ് ഓഫ് ഇന്ത്യ' റെക്കോർഡും നേടി. രാത്രി കൽപ്പറ്റ ബൈപ്പാസിലെ മലബാർ ഗ്രാൻഡ് ഫെസ്റ്റിൽ നടന്ന ചടങ്ങിൽ ടി. സിദ്ദിഖ് എം.എൽ.എ സംഘാടകർക്ക് സർട്ടിഫിക്കറ്റ് കൈമാറി.
കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ പ്രചാരണാർഥം 'വയനാട്ടിലേക്കൊരു ആനവണ്ടി യാത്ര' എന്ന പേരിൽ കെ.എസ്.ആർ.ടി.സി ബസിലായിരുന്നു ഇത്തവണ വനിതാ ഇൻഫ്ലുവൻസർമാരുടെ യാത്ര. പുൽപ്പള്ളി, ബാണാസുര, വൈത്തിരി എന്നിവിടങ്ങളിൽ താമസിച്ച് പുലർകാല കാഴ്ചകളും പകർത്തിയാണ് ഇന്ന് ഉച്ചയോടെ സംഘം ചുരമിറങ്ങിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR