Enter your Email Address to subscribe to our newsletters

Kasaragod , 02 ഏപ്രില് (H.S.)
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര മന്ത്രിമാർക്കും പിന്നാലെ ആർ എസ് എസ് മേധാവി മോഹൻ ഭാഗവതും കേരളത്തിൽ എത്തുന്നു. അഞ്ചിന് ഉച്ചയ്ക്ക് കൊച്ചിയിൽ എത്തി ആറിന് വൈകിട്ട് തന്നെ മടങ്ങും. ബാല ഗോകുലത്തിൻ്റെ അമ്പതാം വാർഷികത്തിനാണ് എത്തുന്നതെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ആർഎസ്എസ്-ബിജെപി നേതൃത്വങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നാണ് വിശ്വസ്ത കേന്ദ്രങ്ങളില്നിന്ന് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പ് തന്ത്രങ്ങളും പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് വിലയിരുത്തുമെന്നാണ് വിവരം.
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് എത്തുന്നത്തിൻ്റെ തൊട്ടടുത്ത ദിവസമാണ് മോഹൻ ഭാഗവതും എത്തുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിനായെത്തുന്നത്. ഏപ്രിൽ 4-ന് എത്തുന്ന അദ്ദേഹം തലസ്ഥാന നഗരിയിലും തിരുവല്ലയിലുമാണ് പ്രധാനമായും സന്ദർശനം നടത്തുന്നത്.
തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലാണ് പ്രധാനമന്ത്രിയുടെ റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന ഈ പരിപാടിയിൽ ജില്ലയിലെ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കും.
വൈകിട്ട് മൂന്ന് മണിക്ക് തിരുവല്ല നഗരസഭാ മൈതാനത്ത് നടക്കുന്ന എൻഡിഎയുടെ വൻ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി സംസാരിക്കും. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങുന്ന പ്രധാനമന്ത്രി, അവിടെനിന്ന് എംസി റോഡ് മാർഗം കാറിലാകും തിരുവല്ലയിലേക്ക് എത്തുക.
നേരത്തെ പാലക്കാട്ടെ പൊതുപരിപാടിയിലും തൃശൂരിലെ റോഡ് ഷോയിലും പങ്കെടുത്ത പ്രധാനമന്ത്രിയുടെ ഈ സന്ദർശനം തെക്കൻ കേരളത്തിലെ വോട്ടർമാരെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. കേരളത്തിൽ മാറ്റത്തിന് തുടക്കമായെന്നും ഇത്തവണ കേരളം മാറ്റത്തിൻ്റെ സന്ദേശം നൽകുമെന്നും പാലക്കാട് എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ മോദി പറഞ്ഞിരുന്നു. കേരളത്തിലെ യുവാക്കളുടെ വിശ്വാസവും സ്ത്രീകളുടെ സ്നേഹവും എൻഡിഎയ്ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികസനം മോദിയുടെ ഗ്യാരൻ്റിയാണെന്നും മാറാത്തത് ഇനി മാറും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയും ആർഎസ്എസ് മേധാവിയും ഒരേസമയം കേരളത്തിൽ കേന്ദ്രീകരിക്കുന്നത് ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദേശീയ നേതാക്കളുടെ ഈ നിരന്തര സന്ദർശനം കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിർണായക മാറ്റങ്ങൾ ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ നേതൃത്വം.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR