Enter your Email Address to subscribe to our newsletters

Kozhikode , 02 ഏപ്രില് (H.S.)
ഒളവണ്ണ പാലാഴിക്ക് സമീപം തലാഞ്ചേരിയിൽ എട്ട്പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമാണ് ഇത്രയും പേർക്ക് കടിയേറ്റത്. ഇതിൽ മൂന്നു വയസുള്ള കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
വീട്ടുമുറ്റത്ത് നിൽക്കുന്നവർക്കും റോഡിലൂടെ നടന്നു പോകുന്നവർക്കുമാണ് കടിയേറ്റത്. കടിയേറ്റ മിക്കവർക്കും കാലുകൾക്കും കൈകൾക്കുമാണ് പരിക്കേറ്റത്.
മുന്നിൽ കാണുന്നവരെയൊക്കെ ഓടിയെത്തി കടിച്ച തെരുവ് നായക്ക് പേ ഇളകിയിട്ടുണ്ടോ എന്ന സംശയമാണ് നാട്ടുകാർക്ക് ഉള്ളത്. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി. മൃഗക്ഷേമ വകുപ്പിനെ വിവരം അറിയിച്ചിട്ടുണ്ട്. കൂടാതെ തെരുവ് നാക്കളെ പിടികൂടുന്ന ഡോഗ് ക്യാച്ചേഴ്സിനെയും വിവരമറിയിച്ചിട്ടുണ്ട്.
ഇവർ നാളെ സ്ഥലത്തെത്തുമെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചത്.
നായയുടെ ആക്രമണം ഉണ്ടായതിന് തൊട്ട് സമീപത്താണ് പാലാഴി ഹയർ സെക്കൻഡറി സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികൾ ഉൾപ്പെടെ നിരവധി പേരാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്.
നായയെ എത്രയും പെട്ടെന്ന് പിടികൂടിയില്ലെങ്കിൽ ഇനിയും കടിയേൽക്കുമോ എന്ന ഭീതിയിലാണ് നാട്ടുകാർ.
അതേസമയം ഒളവണ്ണ കൊടിനാട്ടുമുക്കിൽ തെരുവ് പൂച്ചയുടെ കടിയും മാന്തലുമേറ്റ് അഞ്ച് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. ഇവർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസത്തിനിടെ നിരവധി പേർക്കാണ് ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ തെരുവുനായകളുടെ കടിയേറ്റത്.
നേരത്തെ പാലാഴി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് തെരുവ് നായയുടെ കടിയേറ്റിരുന്നു. ഈ നായ പിന്നീട് ചത്തു പോയതിനെത്തുടർന്ന് ജഡം പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പേ വിഷബാധ സ്ഥിരീകരിച്ചു. ഇതും പ്രദേശത്ത് വലിയ ആശങ്കക്ക് ഇടയാക്കി.
പിന്നീട് പന്തീരാങ്കാവ്, ഒടുമ്പ്ര, കുന്നത്ത്പാലം ഭാഗങ്ങളിൽ വച്ചും നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റു.
ജനസാന്ദ്രത ഏറിയ ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ തെരുവു നായകളുടെ സാന്നിധ്യം വർദ്ധിച്ചതോടെ ജനജീവിതം തന്നെ ദുസ്സഹം ആയി.
തെരുവ്നായകൾ ജനങ്ങൾക്ക് നേരെ തിരിയുമ്പോൾ ഉടൻ തന്നെ വാക്സിനേഷനുമായി തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ട് വരും. എന്നാൽ പേരിനുമാത്രം വാക്സിനേഷൻ തെരുവ് നായകൾക്ക് നൽകി പിന്നീട് ജനശ്രദ്ധ തിരിയുന്നതോടെ ഇത് അവസാനിപ്പിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. അതുകൊണ്ടുതന്നെ
തെരുവുനായ്ക്കൾക്കായി നടത്തുന്ന വാക്സിനേഷൻ കാര്യക്ഷമമല്ല എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഇപ്പോൾ എട്ടുപേർക്ക് കൂടി കടിയേറ്റത്തോടെ കടുത്ത ആശങ്കയിലാണ് ഒളവണ്ണക്കാർ.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR