Enter your Email Address to subscribe to our newsletters

Kasaragod , 02 ഏപ്രില് (H.S.)
രഞ്ജിത്തിനെതിരായ ലൈംഗീകാരോപണത്തിൽ പ്രതികരിച്ച് സാമൂഹിക പ്രവർത്തക കെ അജിത. മുൻപും സമാന ആരോപണങ്ങൾ ഉണ്ടായിട്ടുള്ളയാളാണ് രഞ്ജിത്തെന്നും പഴയ പോലെ തമ്പുരാൻ രക്ഷിക്കും എന്ന് കരുതിക്കാണുമെന്നും അജിത പ്രതികരിച്ചു. അറസ്റ്റ് വേഗം നടന്നതിൽ സന്തോഷമെന്നും അതിജീവിതയ്ക്ക് അഭിനന്ദനങ്ങളെന്നും അജിത മാധ്യമങ്ങളോട് പ്രതികരിച്ചു.
പൊലീസ് നടപടികൾ കൃതമായി നടന്നു. പെൺകുട്ടികൾ അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കാൻ തയാറാകുന്നതിലാണ് പ്രതീക്ഷ. അതിക്രമം നടന്നയുടനെ തന്നെ പെണ്കുട്ടി പ്രതികരിക്കാൻ തയാറായത് വലിയ മാറ്റമാണ്. പലരും പേടിച്ച് ഒന്നും പുറത്ത് പറയാതെ ഇരിക്കാറാണുള്ളത്. എന്നാൽ കാലം മാറിവരുന്നതിൽ സന്തോഷമുണ്ടെന്നും അജിത വ്യക്തമാക്കി.
രഞ്ജിത്തിനെ പോലെയുള്ളവരെ ഒറ്റപ്പെടുത്തണം. ഒരിക്കൽ രക്ഷപ്പെട്ടു, വീണ്ടും അയാളുടെ സ്വഭാവം കാണിച്ചു. ഇത്തരക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഇടതുപക്ഷത്തിനില്ല. ദിലീപ്, മുകേഷ്, പി ടി കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് ഇങ്ങനെ പേരുകൾ കൂടുകയാണ്. ഇത്തരക്കാർ ഒരു പാർട്ടിയിലും ഉണ്ടാകരുതെന്നും അവർ പറഞ്ഞു.
അതേസമയം ലൈംഗികാതിക്രമം നടന്ന കാരവന് ഉടന് കസ്റ്റഡിയിലെടുത്തേക്കും. കാരവനുള്ളില് വച്ച് രഞ്ജിത്ത് കടന്നുപിടിച്ചെന്നാണ് യുവതിയുടെ പരാതി. സിനിമ ലൊക്കേഷനിലേക്ക് കാരവന് വാടകയ്ക്ക് എത്തിച്ചതാണെന്നാണ് വിവരം. ലൊക്കേഷനില് ഉണ്ടായിരുന്നവരുടെ വിശദമായ മൊഴി ഉടന് രേഖപ്പെടുത്തും. അതിക്രമം ഉണ്ടായപ്പോള് കാരവനില് നിന്ന് ഇറങ്ങിയോടിയ നടി വിവരം സെറ്റിലുള്ളവരോട് പറയുകയും അവര് സമാധാനിപ്പിക്കാന് ശ്രമിക്കുകയും ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ രഞ്ജിത്തിനെതിരെ നടപടിയുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത്തിനെ ഫെഫ്കയിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. കേസിൽ വിധി വരുന്നത് വരെ ഡയറക്ടേഴ്സ് യൂണിയനിൽ നിന്നും റൈറ്റേഴ്സ് യൂണിയനിൽ നിന്നും രഞ്ജിത്തിനെ മാറ്റിനിർത്തുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
സമാനമായ രീതിയിൽ ആരോപണവിധേയരായ സിനിമാ പ്രവർത്തകർക്കെതിരെ ഇത്തരത്തിലുള്ള നടപടി തന്നെയാണ് നേരത്തെയും സംഘടന എടുത്തിട്ടുള്ളതെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. നിലവിൽ പരാതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകാശ് വർമ നായകനായെത്തുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് യുവനടിക്കെതിരേ അതിക്രമമുണ്ടായതെന്നാണ് പരാതി. ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സംവിധായകൻ രഞ്ജിത്ത് അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞിരുന്നു. പരാതിക്കാരിയെ സ്വാധീനിക്കുന്നുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. സാക്ഷികളുണ്ടോ എന്നകാര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR