Enter your Email Address to subscribe to our newsletters

Ernakulam, 02 ഏപ്രില് (H.S.)
തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിനെ ജനങ്ങൾ അധികാരത്തിൽ നിന്ന് പുറത്താക്കിയത് പോലെ, കേരളത്തിൽ പിണറായി വിജയന്റെ ഭരണത്തിനും അന്ത്യമുണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കൊച്ചിയിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെയും എൽഡിഎഫ് സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് രേവന്ത് റെഡ്ഡി വിമർശിച്ചത്.
ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ദൈവത്തിന്റെ സ്വത്തിനു പോലും സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് രേവന്ത് റെഡ്ഡി ആരോപിച്ചു. കേരളത്തിൽ യുഡിഎഫിനെ നേരിടുന്നത് 'മോദി ബ്രദേഴ്സ്' ആണെന്നും ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ ഡൽഹിയിലാണെന്നും അദ്ദേഹം പരിഹസിച്ചു. തെലങ്കാനയിൽ കോൺഗ്രസ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ എങ്ങനെയാണ് നടപ്പാക്കുന്നതെന്ന് നേരിട്ട് കണ്ട് ബോധ്യപ്പെടാൻ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിയോടെ ക്ഷണിക്കുകയും ചെയ്തു. ഇതിനായി പ്രത്യേക വിമാനം അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും തെലങ്കാനയിലെ ഗ്യാരന്റികളുടെ ചുമതല ഉണ്ടായിരുന്ന ധനമന്ത്രി ശ്രീധർ ബാബുവിനെ മുഖ്യമന്ത്രിയെ അനുഗമിക്കാൻ അയക്കാമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
തെലങ്കാനയിൽ നടപ്പിലാക്കാൻ സാധിച്ച ജനക്ഷേമ പദ്ധതികൾ എന്തുകൊണ്ട് കേരളത്തിൽ സാധ്യമാകുന്നില്ല എന്ന ചോദ്യവും അദ്ദേഹം ഉയർത്തി. തന്റെ സർക്കാരിന്റെ 14 മാസത്തെ ഭരണ നേട്ടങ്ങൾ അക്കമിട്ട് നിരത്തിയാണ് രേവന്ത് റെഡ്ഡി സംസാരിച്ചത്. കാർഷിക കടം എഴുതിത്തള്ളിയതിലൂടെ 25 ലക്ഷത്തിലധികം കർഷകർക്ക് ഗുണം ലഭിച്ചുവെന്നും, അധികാരമേറ്റ് ചുരുങ്ങിയ കാലയളവിനുള്ളിൽ 67,173 സർക്കാർ നിയമനങ്ങൾ നടത്തി എന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂടാതെ, ഗൃഹജ്യോതി പദ്ധതിയിലൂടെ 50 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് സൗജന്യ വൈദ്യുതിയുടെ പ്രയോജനം ലഭിക്കുന്നുണ്ട്. നികുതി വർധിപ്പിക്കാതെ തന്നെ സാമ്പത്തിക അച്ചടക്കം കൊണ്ടുവരാൻ കഴിഞ്ഞു എന്നും, അഴിമതിയിൽ മുങ്ങിയിരുന്ന തെലങ്കാനയെ വ്യവസായ സൗഹൃദവും സാമ്പത്തിക അടിത്തറയുള്ളതുമായ സംസ്ഥാനമാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ഇന്ദിര ഗ്യാരന്റികൾ നടപ്പാക്കാൻ കഴിയുമോ എന്ന് സംശയിക്കുന്നവർക്ക് താൻ തന്നെ ഉറപ്പ് നൽകുന്നുവെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
കേരളത്തിന്റെ ഏത് ആവശ്യത്തിനും തെലങ്കാന സർക്കാർ ഒപ്പമുണ്ടാകുമെന്നും, വികസനവും ക്ഷേമവും ഒരുമിച്ച് കൊണ്ടുപോകുന്ന നയമാണ് കോൺഗ്രസിന്റേതെന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി. പ്രകടനപത്രിക പ്രകാശന ചടങ്ങിൽ നിരവധി യുഡിഎഫ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. രേവന്ത് റെഡ്ഡി പ്രകാശനം ചെയ്ത പത്രികയില് ക്ഷേമ പെൻഷൻ 3000 ആക്കി വർധിപ്പിക്കുന്നതടക്കം നിരവധി വാഗ്ദാനങ്ങളാണ് ഉള്ളത്. സ്ത്രീകള്ക്ക് കെഎസ്ആർടിസി ബസുകളില് സൗജന്യ യാത്ര, കോളേജ് വിദ്യാർഥിനികള്ക്ക് പ്രതിമാസം 1000 രൂപ ധനസഹായം, എല്ലാ കുടുംബങ്ങള്ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്', യുവജനങ്ങള്ക്ക് ബിസിനിസ് ആരംഭിക്കുന്നതിനായി 5,00,000 രൂപ പലിശ രഹിത വായ്പ, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ മറ്റ് പ്രധാന വാഗ്ദാനങ്ങള്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR