Enter your Email Address to subscribe to our newsletters

New delhi, 02 ഏപ്രില്‍ (H.S.)
ന്യൂഡല്‍ഹി: രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി നേതൃത്വത്തില്‍ മാറ്റം. എഎപി ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് രാഘവ് ഛദ്ദയെ നീക്കി പഞ്ചാബില്‍ നിന്നുള്ള എംപി അശോക് കുമാര്‍ മിത്തലിനെ നിയമിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക കത്ത് പാര്‍ട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കൈമാറി. ഉപരിസഭയില്‍ എഎപിയുടെ ക്വാട്ടയില്‍ സംസാരിക്കാനുള്ള സമയം ഇനി മുതല്‍ ഛദ്ദയ്ക്ക് അനുവദിക്കരുതെന്നും അശോക് മിത്തലിന്റെ നിയമനം എത്രയും വേഗം ഔദ്യോഗികമാക്കണമെന്നും പാര്‍ട്ടി കത്തിലൂടെ ആവശ്യപ്പെട്ടു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് കഴിഞ്ഞ ആഴ്ച രാഘവ് ഛദ്ദയെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ലമെന്ററി പാര്‍ട്ടിയിലെ ഈ നിര്‍ണ്ണായക മാറ്റം വ്യാഴാഴ്ച പാര്‍ട്ടി ഔദ്യോഗികമായി അറിയിച്ചത്. ഈ നീക്കം ഛദ്ദയ്‌ക്കെതിരെയുള്ള അച്ചടക്ക നടപടിയാണോ അതോ നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമാണോ എന്ന കാര്യത്തില്‍ എഎപി ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും അരവിന്ദ് കെജ്രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന നേതാവിനെ പ്രധാന ചുമതലകളില്‍ നിന്ന് മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.
പുതിയ ഡെപ്യൂട്ടി ലീഡറായ അശോക് കുമാര് മിത്തല്‍ 2022 ഏപ്രിലിലാണ് പഞ്ചാബില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സഭയിലെ പ്രതിരോധ സമിതി, ധനകാര്യ സമിതി എന്നിവയില്‍ അംഗമായിരുന്ന അദ്ദേഹം, 2026 ഫെബ്രുവരിയില്‍ ഇന്ത്യ-യുഎസ് പാര്‍ലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിലും അംഗമായി നിയമിതനായിരുന്നു. നിലവില്‍ പഞ്ചാബില്‍ നിന്നുള്ള ഏഴ് പേരും ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് പേരും ഉള്‍പ്പെടെ പത്ത് അംഗങ്ങളാണ് എഎപിക്ക് രാജ്യസഭയിലുള്ളത്.
ആം ആദ്മി പാര്‍ട്ടിയുടെ തുടക്കം മുതല്‍ സജീവമായിരുന്ന രാഘവ് ഛദ്ദ, 2012-ല്‍ ഡല്‍ഹി ലോക്പാല്‍ ബില്ലിനായി അരവിന്ദ് കെജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചുകൊണ്ടാണ് പൊതുരംഗത്ത് ശ്രദ്ധേയനായത്. 2015-ലെ ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ദേശീയ വക്താവായും ഏറ്റവും പ്രായം കുറഞ്ഞ ട്രഷററായും അദ്ദേഹം തിളങ്ങി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും 2020-ല്‍ രാജേന്ദ്ര നഗറില്‍ നിന്ന് നിയമസഭയിലേക്ക് വിജയിച്ചു.
തുടര്‍ന്ന് ഡല്‍ഹി ജല്‍ ബോര്‍ഡ് വൈസ് ചെയര്‍മാനായി സേവനമനുഷ്ഠിച്ച അദ്ദേഹം, 2022-ല്‍ 33-ാം വയസ്സില്‍ രാജ്യസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി മാറി. മനീഷ് സിസോദിയ, ഭഗവന്ത് മാന്‍ തുടങ്ങിയ പ്രമുഖ നേതാക്കള്‍ക്കൊപ്പം പാര്‍ട്ടി കാര്യങ്ങളില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഛദ്ദയെ 2023-ല്‍ സഞ്ജയ് സിങ്ങിന് പകരമായാണ് രാജ്യസഭാ നേതാവായി പാര്‍ട്ടി നിയമിച്ചിരുന്നത്. ഇത്രയും സുപ്രധാന പദവികളില്‍ ഇരുന്ന നേതാവിനെയാണ് ഇപ്പോള്‍ പെട്ടെന്ന് സ്ഥാനത്തുനിന്ന് നീക്കിയിരിക്കുന്നത്.
---------------
Hindusthan Samachar / Sreejith S