Enter your Email Address to subscribe to our newsletters

Thiruvanathapuram, 02 ഏപ്രില്‍ (H.S.)
പശ്ചിമേഷ്യയില്‍ ഗുരുതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും പ്രതിസന്ധി നേരിടാന്‍ എല്ലാ രീതിയിലും രാജ്യം സജ്ജമാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി രാജനാഥ് സിങ്. നമ്മുടെ പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചു.
നിലവില്‍ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ജനങ്ങള്‍ ഭയക്കേണ്ട സാഹചര്യമില്ല. ഏതു പ്രതിസന്ധിയെ നേരിടാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍, ഈ സാഹചര്യത്തിലും പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുകയാണെന്നും ബിജെപി എക്സ് സര്‍വീസ് സെല്‍ കേരളം സംഘടിപ്പിച്ച ധീരജവാന്മാര്‍ക്ക് ആദരം, ഭാരത സര്‍ക്കാര്‍ സൈനികര്‍ക്കൊപ്പം പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഏതു പ്രതിസന്ധിയിലും ബിജെപി രാജ്യത്തിനൊപ്പം നിന്നിട്ടുണ്ടെന്നും രാജ്യത്തിന്റെ ഹിതത്തിനു വേണ്ടി ആരെ തെരഞ്ഞെടുക്കണമെന്നു ജനങ്ങള്‍ക്കറിയാമെന്നും രാജ്നാഥ് സിങ് കൂട്ടിചേര്‍ത്തു. കേരളത്തില്‍നിന്ന് അനവധി സൈനികരാണ് സേനകളില്‍ സേവനമനുഷ്ഠിക്കുന്നതെന്ന് മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പേരെടുത്ത് അദ്ദേഹം ചൂണ്ടിക്കാട്ടി.
2014-ല്‍ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 600 കോടിയായിരുന്നു, ഇന്ന് അത് 38,500 കോടിയായി ഉയര്‍ന്നു. നല്‍കിയ വാഗ്ദാനങ്ങള്‍ എന്‍ഡിഎ സര്‍ക്കാര്‍ എപ്പോഴും നടപ്പാക്കും. സൈന്യത്തില്‍ ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കി. മുന്‍പ് രാജ്യം ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരിനു വിപരീതമായി എന്‍ഡിഎ സര്‍ക്കാര്‍ സൈനികരെ വേണ്ട രീതിയില്‍ ആദരിക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ യുദ്ധ സ്മാരകങ്ങളൊന്നും ഉണ്ടാക്കിയില്ല. എന്നാല്‍ തങ്ങളുടെ സര്‍ക്കാര്‍ രാജ്യത്തിന്റെ പല ഭാഗത്തും യുദ്ധസ്മാരകങ്ങള്‍ നിര്‍മ്മിച്ചു. സേനയില്‍നിന്നു വിരമിക്കുന്നവരെ എല്ലാ രീതിയിലും സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണ്. വായ്പ അടക്കമുൂള്ള സൗകര്യങ്ങള്‍ വിരമിച്ച സൈനികര്‍ക്കു ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
---------------
Hindusthan Samachar / Sreejith S