രഞ്ജിത്തിന് എതിരായ ലൈഗികാതിക്രമക്കേസ് : നടന് ബോബി കുര്യന്, അസിസ്റ്റന്റ് ഡയറക്ടര് ശാലിനി എന്നിവരെ ചോദ്യം ചെയ്യും
Kochi, 02 ഏപ്രില്‍ (H.S.) സംവിധായകന്‍ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമക്കേസില്‍ അതിവേഗ നടപടികളുമായി പോലീസ്. പ്രതി അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍് നടത്തിയ ശ്രമത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ അന്വേഷണസംഘം ക
Renjith


Kochi, 02 ഏപ്രില്‍ (H.S.)

സംവിധായകന്‍ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമക്കേസില്‍ അതിവേഗ നടപടികളുമായി പോലീസ്. പ്രതി അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍് നടത്തിയ ശ്രമത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും. സംഭവം നടന്നുവെന്ന് പറയപ്പെടുന്ന കാരവന്‍ അന്വേഷണസംഘം കണ്ടെത്തി. കാരവനില്‍ സിസിടിവി ഇല്ലെന്നും പുറത്തുള്ള ദൃശ്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.

നടന്‍ ബോബി കുര്യന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനി എന്നിവരെ പ്രത്യേക അന്വേഷണസംഘം ചോദ്യംചെയ്യും. അറസ്റ്റില്‍നിന്ന് രക്ഷപ്പെടാന്‍ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചെന്നാണ് സംശയം. അറസ്റ്റ് മുന്‍കൂട്ടിക്കണ്ട് രഞ്ജിത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. രണ്ട് അവധി ദിവസങ്ങളാണ് വരുന്നത്. അതുകൊണ്ടുതന്നെ അറസ്റ്റിലേക്ക് പോയിക്കഴിഞ്ഞാല്‍ വേഗത്തില്‍ ജാമ്യം കിട്ടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബുദ്ധിമുട്ടാണ്. അക്കാരണത്താല്‍ അറസ്റ്റില്‍നിന്ന് ഒഴിവാകുന്നതിനായുള്ള നീക്കം രഞ്ജിത് നടത്തിയെന്നാണ് അന്വേഷണസംഘം പറയുന്നത്. രക്ഷപ്പെടാന്‍ രഞ്ജിത്തിനെ ആരോ സഹായിച്ചിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടന്‍ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടര്‍ ശാലിനിയേയും ചോദ്യം ചെയ്യാന്‍ പോലീസ് ഒരുങ്ങുന്നത്.

സിനിമാസെറ്റിലെ കാരവനില്‍വെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ സംവിധായന്‍ രഞ്ജിത്ത് റിമാന്‍ഡിലാണിപ്പോള്‍. ജനുവരി 19-നാണ് സംഭവം. തൊടുപുഴയില്‍നിന്ന് ചൊവ്വാഴ്ച രാത്രി പോലീസ് അറസ്റ്റുചെയ്ത രഞ്ജിത്തിനെ ബുധനാഴ്ച എട്ടരയോടെ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എല്‍. ഉഷയ്ക്കുമുന്‍പാകെ വീട്ടില്‍ ഹാജരാക്കി. പ്രതി സ്ത്രീസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ജാമ്യം നല്‍കരുതെന്നുമുള്ള പോലീസിന്റെ വാദത്തെത്തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

എറണാകുളം സബ്ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികച്ചുവയോടെ സംസാരിക്കല്‍, തടഞ്ഞുവെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പീഡനപരാതി വ്യാജമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശാരീരിക അവശതകളുണ്ടെന്നും പറഞ്ഞ് രഞ്ജിത്ത് ജാമ്യാപേക്ഷ നല്‍കി. ശനിയാഴ്ച പരിഗണിക്കും. കള്ളക്കേസാണെന്നും വ്യാജപരാതിയാണെന്നുമായിരുന്നു അറസ്റ്റിനുശേഷമുള്ള രഞ്ജിത്തിന്റെ പ്രതികരണം. അറസ്റ്റിനെത്തുടര്‍ന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനില്‍നിന്നും റൈറ്റേഴ്സ് യൂണിയനില്‍നിന്നും പുറത്താക്കിയിട്ടുണ്ട്.

---------------

Hindusthan Samachar / Sreejith S


Latest News