Enter your Email Address to subscribe to our newsletters

Kalpatta, 20 ഏപ്രില്‍ (H.S.)
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയതിൽ ഇന്ന് പരിശോധന. ആദ്യഘട്ടം ഗുണഭോക്താക്കൾക്ക് നൽകിയ 178 വീടുകളിലെ 102 വീടുകളിലാണ് പരിശോധന. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി അധികൃതരുടെയും കിഫ്‌കോൺ അധികൃതരുടെയും സംയുക്തപരിശോധനയാണ് തുടങ്ങുന്നത്.
പൂർണമായും നിർമാണപ്രവൃത്തികൾ പൂർത്തിയായ വീടുകളിലാണ് സംയുക്ത പരിശോധന നടത്തുന്നത്. വീട് ഗുണഭോക്താവിന് താമസിക്കാനായി കൈമാറുന്നതിന് മുൻപ് വീട്ടുകാരെയും ഉൾപ്പെടുത്തിക്കൊണ്ട് വീണ്ടും പരിശോധന നടത്തും. വീടുകൾക്ക് ഒരുതരത്തിലുമുള്ള നിർമാണഅപാകവും ഇല്ലെന്ന് ഉറപ്പിക്കാനാണ് ഇത്തരത്തിൽ മൂന്നുഘട്ടമായി പരിശോധന നടത്തുന്നത്.
ആദ്യം യു.എൽ.സി.സി.എസ്. അധികൃതർ പരിശോധന നടത്തും. ശേഷമാണ് കിഫ്‌കോൺ അധികൃതരുമായി ചേർന്നുള്ള പരിശോധന.
മൂന്നാംഘട്ട പരിശോധനയിലാണ് വീടിന്റെ ഗുണഭോക്താക്കളായവരെയും ഉൾപ്പെടുത്തുന്നത്. യു.എൽ.സി.സി.എസ്. അധികൃതർ നടത്തിയ പരിശോധനയിൽ വെള്ളം കിനിഞ്ഞിറങ്ങുന്നതായി കണ്ടെത്തിയ വീടുകളിൽ അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗം അടയാളപ്പെടുത്തി അപ്രോക്‌സി പ്രഷർ ഗ്രൗട്ടിങ് നടത്തിയിട്ടുണ്ട്. ശേഷം വാട്ടർപ്രൂഫും സ്‌ക്രീഡ് കോൺക്രീറ്റിങ്ങും നടത്തും.
ടൗൺഷിപ്പിൽ ഇതുവരെ 308 വീടുകളുടെ വാർപ്പ് പൂർത്തിയായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് താമസസജ്ജമായ 178 വീടുകൾക്കൊപ്പംതന്നെ ബാക്കിയുള്ള വീടുകളുടെ അനുബന്ധപ്രവൃത്തികളും പുരോഗമിക്കുകയാണ്.
ഒൻപതരലക്ഷം ലിറ്ററിന്റെ ജലസംഭരണിയിലേക്ക് പൈപ്പ് കണക്ഷൻ നൽകുന്ന പ്രവൃത്തി അന്തിമഘട്ടത്തിലാണ്. ജലസംഭരണിയിലേക്കുള്ള ജലഅതോറിറ്റിയുടെ പൈപ്പും വീടുകളിലേക്കുള്ള പൈപ്പ് കണക്ഷൻ നൽകുന്ന പ്രവൃത്തിയുമാണ് അവസാനഘട്ടത്തിലുള്ളത്.
ടൗൺഷിപ്പിനുള്ളിലെ ക്ലസ്റ്റർറോഡുകളുടെ സിമന്റ് ട്രീറ്റഡ് ബേസ് പ്രവൃത്തിയാണ് നടക്കുന്നത്. അഞ്ചുസോണുകളിലായി ആകെ 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്.
---------------
Hindusthan Samachar / Sreejith S