കേരളത്തിൽ മഴ മുന്നറിയിപ്പ്: അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
Thiruvananthapuram , 20 ഏപ്രില് (H.S.) തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ
കേരളത്തിൽ മഴ മുന്നറിയിപ്പ്: അടുത്ത മൂന്ന് മണിക്കൂറിൽ ആറ് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം


Thiruvananthapuram , 20 ഏപ്രില് (H.S.)

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ ചൂടിന് ആശ്വാസമായി വരും മണിക്കൂറുകളിൽ വിവിധ ജില്ലകളിൽ മഴയെത്തുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ ആറ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

മഴയും കാറ്റും

ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ ഇടത്തരമോ ആയ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇതിനൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈകിട്ട് അഞ്ച് മണിക്ക് ശേഷം മഴ ആരംഭിച്ചിട്ടുണ്ട്. നഗരത്തിൽ ഇത് രണ്ടാം ദിവസമാണ് വേനൽ മഴ ലഭിക്കുന്നത്. ഇന്നലെ പെയ്ത മഴയിൽ ജില്ലയുടെ ഗ്രാമീണ മേഖലകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിരുന്നു.

ഇടിമിന്നൽ ജാഗ്രത

ഇന്ന് (20/04/2026) മുതൽ ഏപ്രിൽ 22 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇടിമിന്നൽ അതീവ അപകടകാരിയായതിനാൽ പൊതുജനങ്ങൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും അപകട സാധ്യത നിലനിൽക്കുന്നതിനാൽ തുറസായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണം.

പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ:

-

ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.

-

ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക.

-

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക. (മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല).

-

വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനോ പാടില്ല.

-

തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കുക.

-

വാഹനത്തിനകത്ത് ഇരിക്കുന്നവർ കൈകാലുകൾ പുറത്തിടാതിരിക്കാൻ ശ്രദ്ധിക്കണം. സൈക്കിൾ, ബൈക്ക് യാത്രക്കാർ ഇടിമിന്നൽ സമയത്ത് യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം.

സംസ്ഥാനത്ത് ഉയർന്ന താപനില തുടരുന്നതിനിടെ ലഭിക്കുന്ന ഈ വേനൽ മഴ ചൂടിന് ചെറിയ ആശ്വാസം പകരുമെങ്കിലും, ഇടിമിന്നലും കാറ്റും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ അതീവ ശ്രദ്ധ വേണമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു. വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണം.

---------------

Hindusthan Samachar / Roshith K


Latest News