Enter your Email Address to subscribe to our newsletters

Kozhikode , 21 ഏപ്രില് (H.S.)
വ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകാൻ ഡോക്ടർമാർക്ക് സർക്കാർ മാർഗനിർദ്ദേശം നൽകണം : മനുഷ്യാവകാശ കമ്മീഷൻ.വ്യക്തവും വായിക്കാൻ കഴിയുന്നതുമായ പ്രിസ്ക്രിപ്ഷൻ നൽകുന്നതിനായി ഡോക്ടർമാർക്ക് മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
മാർഗനിർദ്ദേശം ലംഘിക്കുന്ന ഡോക്ടർമാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ ചെറൂപ്പ ഹെൽത്ത് യൂണിറ്റിൽ വ്യക്തമല്ലാത്ത പ്രിസ്ക്രിപ്ഷൻ കാരണം മരുന്ന് മാറി നൽകി വയോധികൻ അപകടാവസ്ഥയിലായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.സംഭവത്തിൽ ഡി.എം.ഒ. യുടെ നേതൃത്വത്തിൽ വിദഗ്ദ്ധ സമിതി രൂപീകരിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. പരാതിക്കാർക്കുണ്ടായ കഷ്ടനഷ്ടങ്ങൾക്കും ചികിത്സാചെലവുകൾക്കും മതിയായതും നീതിപൂർവ്വമായതുമായ നഷ്ടപരിഹാരം അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞു. പരാതിക്കാരന് തുടർചികിത്സ ആവശ്യമാണെങ്കിൽ അത് സൗജന്യമായി നൽകണം. ഇല്ലെങ്കിൽ അത് പരാതിക്കാരനെതിരെയുള്ള കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്.
പ്രിസ്ക്രിപ്ഷൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ചട്ടങ്ങൾ പാലിച്ച് വലിയ അക്ഷരത്തിൽ വ്യക്തമായി എഴുതേണ്ടത് രോഗിയുടെ സുരക്ഷക്ക് അത്യന്താപേക്ഷിതമാണ്. അവ്യക്തമായ പ്രിസ്ക്രിപ്ഷൻ നൽകുന്നത് ഗുരുതര നിയമലംഘനമാണ്. ഡോക്ടറുടെയും ഫാർമസിസ്റ്റിന്റെയും ആശുപത്രിയുടെയും ഭാഗത്ത് ശ്രദ്ധക്കുറവുണ്ടായതായി ഉത്തരവിൽ പറഞ്ഞു. രക്തസമ്മർദ്ദത്തിനുള്ള CILNIDIPINE 10 mg എന്നമരുന്നിന് പകരം GLIMEPRIRIDE എന്ന മരുന്നാണ് നൽകിയത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിലെ അവ്യക്തതയാണ് മരുന്ന് മാറി നൽകാൻ കാരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR