ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയ വിലക്ക് തുടരും; കമ്പനികൾക്ക് നഷ്ടം കോടികൾ
New delhi, 21 ഏപ്രില്‍ (H.S.) ന്യൂഡൽഹി ∙ ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണ
AIR INDIA


New delhi, 21 ഏപ്രില്‍ (H.S.)

ന്യൂഡൽഹി ∙ ഇന്ത്യൻ വിമാനങ്ങൾക്കും വിമാനക്കമ്പനികൾക്കും ഏർപ്പെടുത്തിയ വ്യോമപാത വിലക്ക് ഒരു മാസത്തേക്ക് കൂടി നീട്ടി പാക്കിസ്ഥാൻ. പാക് വ്യോമയാന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം മേയ് 24 പുലർച്ചെ വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പാക്കിസ്ഥാൻ വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യയും ഉടൻ നീട്ടിയേക്കും. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമപാത അടച്ചിടൽ ഒന്നാം വർഷത്തിലേക്ക് കടക്കുകയാണ്.

2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായതാണ് വ്യോമപാത അടച്ചിടാൻ കാരണമായത്. 2025 ഏപ്രിൽ 24നാണ് പാക്കിസ്ഥാൻ ആദ്യം വിലക്ക് ഏർപ്പെടുത്തിയത്. വിലക്ക് ആഴ്ചയിൽ, ഇന്ത്യൻ വിമാനക്കമ്പനികളുടെ 800 ഓളം സർവീസുകളെയാണ് ബാധിക്കുന്നത്. വടക്കേ ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ, യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് പാക്കിസ്ഥാനു മുകളിലൂടെയുള്ള എളുപ്പവഴി നഷ്ടമായി.

വിമാനങ്ങൾ ചുറ്റിക്കറങ്ങി പോകേണ്ടി വരുന്നതിനാൽ യാത്രാസമയം 15 മിനിറ്റ് മുതൽ മണിക്കൂറുകൾ വരെ വർധിച്ചു. ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നത് വിമാനക്കമ്പനികൾക്ക് വലിയ പ്രതിസന്ധിയാണ്. എയർ ഇന്ത്യയ്ക്ക് മാത്രം പ്രതിവർഷം ഏകദേശം 4,000 കോടി രൂപയുടെ നഷ്ടം ഈ വിലക്ക് മൂലം ഉണ്ടാകുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

നിലവിൽ പശ്ചിമേഷ്യയിൽ നടക്കുന്ന യുദ്ധ സാഹചര്യങ്ങളും വിമാനക്കമ്പനികൾക്ക് തിരിച്ചടിയാണ്. വിദേശ വിമാനക്കമ്പനികൾക്ക് ഇരുരാജ്യങ്ങളുടെയും വ്യോമപാതയിലൂടെ പറക്കാൻ അനുമതിയുണ്ടെങ്കിലും, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും വിമാനക്കമ്പനികൾക്ക് പരസ്പരം ഈ സൗകര്യം ഉപയോഗിക്കാനാവില്ല. മേയ് 24ന് ശേഷം വിലക്ക് വീണ്ടും നീട്ടുമോ അതോ ചർച്ചകളിലൂടെ പരിഹാരമുണ്ടാകുമോ എന്നാണ് വ്യോമയാന മേഖല ഉറ്റുനോക്കുന്നത്.

---------------

Hindusthan Samachar / Sreejith S


Latest News