Enter your Email Address to subscribe to our newsletters

Kannur , 21 ഏപ്രില് (H.S.)
വേനൽച്ചൂടിൽ ഉരുകിത്തിളയ്ക്കുന്ന കണ്ണൂരിൽ താപനില 38 ഡിഗ്രി പിന്നിട്ടു. കണ്ണൂർ വിമാനത്താവളത്തിൽ 38.1 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. കണ്ണൂരിൽ ഇൗയാഴ്ച ചൂട് 37 ഡിഗ്രി തൊട്ടിരുന്നു. പ്രാദേശികമായി ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും അതൊന്നും ചൂടിന് ശമനമുണ്ടാക്കുന്നില്ല.
ഏപ്രിൽ തീരും വരെ 37 – 38 ഡിഗ്രി ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. സാധാരണ ലഭിക്കേണ്ട വേനൽ മഴയേക്കാൾ നാല് ശതമാനം കൂടുതൽ ഇത്തവണ ലഭിച്ചിട്ടുണ്ട്. എങ്കിലും ഇവ വൈകിട്ടും രാത്രിയിലും ആയതിനാൽ ചൂട് കുറയ്ക്കുന്നതിൽ നിർണായകമായില്ല. ജില്ലയിൽ പകൽ താപനില 32 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നിട്ടുണ്ട്.
പകൽ 11 മുതൽ മൂന്നുവരെ ചൂട് ഏറ്റവും ശക്തമായതിനാൽ ഈ സമയങ്ങളിൽ പുറത്തിറങ്ങുന്നത് പരമാവധി പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. നിർമാണ മേഖലയിൽ ജോലിചെയ്യുന്നവർ, ചുമട്ടുതൊഴിലാളികള്, മത്സ്യത്തൊഴിലാളികൾ, ഓൺലൈൻ ഡെലിവറി ജീവനക്കാർ തുടങ്ങിയവരെയാണ് കടുത്ത ചൂട് കാര്യമായി ബാധിച്ചത്.
വേനൽ ചൂടിന്റെ നേർസാക്ഷ്യമായി കണ്ണാടിപൊയിൽ ഗ്രാമം
കണ്ണൂർ മാതമംഗലം കണ്ണാടിപൊയിൽ ഗ്രാമത്തില് വേനൽ തുടങ്ങി കഴിഞ്ഞാൽ ജീവിക്കുക എന്നത് അതിസാഹസമാണ്. പ്രദേശ വാസിയായ മനോജ് ജോർജ് താമസിക്കുന്ന കാലം തുടങ്ങിയതാണ് പ്രദേശത്തെ കുടിവെള്ള ക്ഷാമം. ഏതാണ്ട് 20 വർഷമായി ഇവിടെ താമസിക്കുന്നു. മഴക്കാലത്ത് കിണറിൽ ഏതാണ്ട് രണ്ടോ മൂന്നോ പട വെള്ളം ഉണ്ടാകും. വേനൽ തുടങ്ങിയാൽ അത് പൂർണമായും വറ്റും.
ജപ്പാൻ കുടിവെള്ള പദ്ധതിയിൽ വെള്ളം നൽകാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പദ്ധതി നാല് വർഷമായി എങ്ങും എത്തിയിട്ടില്ല. 2024ൽ പൂർത്തിയാകും എന്നായിരുന്നു പഞ്ചായത്ത് അറിയിച്ചത്. എന്നാൽ 20 വീടുകളിൽ പൈപ്പ് ഘടിപ്പിച്ചത് അല്ലാതെ വെള്ളം ഇത് വരെയും എത്തിയില്ല. നിലവിൽ ആഴ്ചയിൽ ഒരു ദിവസം പഞ്ചായത്തിന്റെ വാഹനം വീട്ടിൽ വെള്ളം എത്തിക്കും. വീട്ടുമുറ്റത്ത് എത്ര പാത്രം ഉണ്ടോ അതിന് കണക്കായി മാത്രം വെള്ളം കിട്ടും. കുളിയും ഭക്ഷണം പാകം ചെയ്യലും നനയ്ക്കലും എല്ലാം ഒരാഴ്ച ഈ വെള്ളം കൊണ്ട് തീർക്കണം. കൂടുതൽ വേണം എങ്കിൽ ഒരു ടാങ്കിനു 800 രൂപ നൽകണം മനോജ് പറയുന്നു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR