Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 ഏപ്രില് (H.S.)
നിതിൻ രാജിന്റെ മരണം; വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്സില്, 28ന് സംസ്ഥാന ഹര്ത്താലിന് ആഹ്വാനം.
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല് കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില് പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗണ്സില്.
പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗണ്സില് വാര്ത്താസമ്മേളനത്തില് ആരോപിച്ചു. സമരപ്രഖ്യാപന കണ്വെൻഷൻ ഇന്ന് നടക്കും. ഏപ്രില് 28ന് സംസ്ഥാന ഹര്ത്താലും നടത്തുമെന്നും ഭാരവാഹികള് അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാർട്ടികളും ചേര്ന്നാണ് ആക്ഷൻ കൗണ്സില് രൂപീകരിച്ചത്. മുഴുവൻ പ്രതികളെയും നിയമത്തിന്റെ മുന്നില് കൊണ്ടുവരണമെന്നും ഡോ. റാം, ഡോ. സംഗീത എന്നിവർ മാത്രമല്ല കുറ്റക്കാരെന്നും പ്രിൻസിപ്പാല് അടക്കം പ്രതി പട്ടികയില് വരുമെന്നും ആക്ഷൻ കൗണ്സില് ആരോപിച്ചു.
നാളെ ഒരു ഡോക്ടറാവേണ്ട കുട്ടിയെയാണ് കൊന്നത്, അല്ലെങ്കില് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച് കൊന്നതെന്നും 10 കോടി രൂപ നഷ്ട പരിഹാരം കുടുംബത്തിന് നല്കണമെന്നും ആക്ഷൻ കൗണ്സില് വ്യക്തമാക്കി. അതേസമയം, കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് കോളേജിലേക്ക് ദളിത് ലീഗ് നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് കോളേജ് മാനേജ്മെന്റ് നിയോഗിച്ച ബൗണ്സര്മാര് സമരക്കാരെ തടഞ്ഞതാണ് സംഘര്ഷത്തില് കലാശിച്ചത്.
അതേസമയം, നിതിന്റെ മരണത്തില് പിതാവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. മൊഴി രേഖപ്പെടുത്തുന്നതിന് കണ്ണൂരിലെത്തിയ നിതിൻ രാജിന്റെ പിതാവടക്കമുള്ള കുടുംബാംഗങ്ങള് അഞ്ചരക്കണ്ടി ഡെന്റല് കോളേജിലെത്തി. അപകടം നടന്ന സ്ഥലം സന്ദർശിച്ച ശേഷം മാനേജ്മെന്റുമായും കൂടിക്കാഴ്ച നടത്തും. മരണത്തില് അഞ്ചരക്കണ്ടി മെഡിക്കല് കോളേജിലെ ചികിത്സാപിഴവ് അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. കണ്ണൂരിലെത്തി സിറ്റി പോലീസ് കമ്മീഷണറെ നേരിട്ട് കണ്ടാണ് കുടുംബം ആവശ്യം ഉന്നയിച്ചത്. റിമാൻഡിലായ ലോണ് ആപ്പ് നടത്തിപ്പുകാർക്കായി പൊലീസ് നല്കിയ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. കേസിലെ പ്രതികളായ വകുപ്പ് മേധാവി ഡോക്ടർ എം കെ റാമും സംഗീത നമ്പ്യാരും ഒളിവില് തുടരുകയാണ്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR