Enter your Email Address to subscribe to our newsletters

Thiruvananthapuram , 21 ഏപ്രില് (H.S.)
തലസ്ഥാന നഗരത്തിൻ്റെ കുടി നീരുറവയായ പേപ്പാറ അണക്കെട്ടില് ജലനിരപ്പ് അപകടകരമാം വിധം താഴുന്നതായി ജല അതോറിട്ടി. വേനല് അതിരൂക്ഷമായി കത്തിക്കയറുകയും വേനല്മഴ ശക്തമാകാതിരിക്കുകയും ചെയ്തതോടെയാണ് അണക്കെട്ടിലെ ജല നിരപ്പ് താഴ്ന്നത്.
107.05 മീറ്റര് സംഭരണ ശേഷിയുള്ള പേപ്പാറ അണക്കെട്ടിലെ ജല നിരപ്പ് ഏപ്രില് 21-ന് 97.75 മീറ്ററായി താഴ്ന്നു. 20-ന് ഏകദേശം 98 മീറ്ററായിരുന്നു. നിലവിലെ സ്ഥിതി അനുസരിച്ച് മേയ് 15 വരെയുള്ള വെള്ളം പേപ്പാറയിലുണ്ടെന്ന് അരുവിക്കര എക്സിക്യൂട്ടീവ് എന്ജിനീയര് എം. മനോജ് ഇ ടിവി ഭാരതിനോടു പറഞ്ഞു.
വേനല്മഴ ലഭിക്കാതെ 88 മീറ്ററോളം ജലനിരപ്പു താഴ്ന്നാല് അരുവിക്കരയിലേക്കുള്ള ജല വിതരണത്തില് താത്കാലികമായി തടസപ്പെട്ടേക്കാം. ജലനിരപ്പ് കുറയുന്നത് സംബന്ധിച്ചുള്ള സ്ഥിഗതികതികള് ചര്ച്ച ചെയ്യുന്നതിനുള്ള യോഗം ജല അതോറിറ്റി അടുത്ത ദിവസം യോഗം ചേരാനിരിക്കുകയാണ്.
വേനല് ഇനിയും രൂക്ഷമായാല് കുടിവെള്ള ക്ഷാമം പരിഹരിക്കാനായി നെയ്യാറില് നിന്ന് വെള്ളം കൊണ്ടുവരണമെന്ന ആവശ്യം പല ഭാഗത്തു നിന്നും ഉയരുന്നുണ്ട്. എന്നാല്, നിലവില് നെയ്യാറില് നിന്ന് വെള്ളം കൊണ്ടുവരുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് ജല അതോറിറ്റി അധികൃതര് പറഞ്ഞു.
നെയ്യാറില് നിന്ന് വെള്ളം കൊണ്ടുവരാന് ചെലവ് കൂടുതലാണ്. മാത്രമല്ല, കടുത്ത ചൂടില് ഭൂമി വരണ്ട് കിടക്കുന്നത് അധികം വെള്ളം മണ്ണിലേക്കു താഴാന് കാരണമാവും. ജലസേചന വകുപ്പുമായി ചേര്ന്ന് നെയ്യാറില് നിന്ന് വെള്ളം കൊണ്ടുവരാനുള്ള തയാറെടുപ്പുകള് പൂര്ത്തിയാക്കാന് ഏകദേശം ഒരു മാസത്തോളം സമയമെടുക്കും.
2017-ലെ വേനല് കാലത്താണ് മുന്പ് നെയ്യാറില് നിന്ന് വെള്ളം കൊണ്ടുവന്നത്. എന്നാല്, അന്ന് വെള്ളം കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകള് പൂര്ത്തിയായപ്പോഴേക്കും മഴക്കാലമെത്തിയെന്നും അന്ന് കൊണ്ടുവന്ന ജലം വേണ്ട രീതിയില് പ്രയോജനപ്പെടുത്താന് സാധിച്ചില്ലെന്നും ജല അതോറിറ്റി അധികൃതര് പറഞ്ഞു.
പ്രതിദിനം ഏകദേശം 343 മില്യണ് ലിറ്റര് വെള്ളം പമ്പ് ചെയ്യാന് സാധിക്കുന്ന അരുവിക്കരയില് നിന്നാണ് ജില്ലയില് കുടിവെള്ള ക്ഷാമമുള്ള പല പ്രദേശങ്ങളിലേക്കും ടാങ്കറുകളില് വെള്ളം കൊണ്ടുപോകുന്നത്. പേപ്പാറ അണക്കെട്ടില് ജലനിരപ്പ് താഴുന്നുണ്ടെങ്കിലും നിലവില് അരുവിക്കരയില് ജലക്ഷാമം ഇല്ലെന്നാണ് ജല അതോറിറ്റി അധികൃതര് പറയുന്നത്. അരുവിക്കരയിലെ ജലനിരപ്പായ 46.2 മീറ്റര് കൃത്യമായി നിലനിര്ത്താന് സാധിക്കുന്നുണ്ട്. 35 മുതല് 40 ദിവസത്തേക്കുള്ള വെള്ളം അരുവിക്കരയിലുണ്ടെന്നും ജല അതോറിറ്റി അധികൃതര് പറഞ്ഞു.
ഏകദേശം 150 ടാങ്കറുകളാണ് വെള്ളവുമായി ദിവസേന അരുവിക്കരയില് നിന്ന് ജില്ലയുടെ പല ഭാഗത്തേക്കും പോകുന്നത്. കോര്പ്പറേഷന് പരിധിയിലുള്ള സ്ഥലങ്ങളിലേക്ക് വെള്ളം വാങ്ങാന് കോര്പ്പറേഷനില് മുന്കൂറായി രജിസ്റ്റർ ചെയ്ത് കോര്പ്പറേഷന് നല്കുന്ന പാസുമായി എത്തണം.
എന്നാല്, നഗരസഭകളില് നിന്നും പഞ്ചായത്തുകളില് നിന്നും വരുന്ന ടാങ്കറുകള്ക്ക് കൂപ്പണ് എടുക്കുന്ന മുറയ്ക്കാണ് വെള്ളം ലഭിക്കുന്നത്. 1,000 ലിറ്ററിന് 75.15 രൂപയാണ് ജല അതോറിറ്റി നിശ്ചയിച്ചിരിക്കുന്ന നിരക്ക്. അതോറിറ്റിയില് രജിസ്റ്റർ ചെയ്ത ടാങ്കറുകള്ക്കാണ് അരുവിക്കരയില് നിന്ന് വെള്ളം കൊണ്ടുപോകാന് സാധിക്കുക. തുരുമ്പ് പിടിക്കാതിരിക്കാനുള്ള എപ്പോക്സി പെയിൻ്റിങ് തുടങ്ങിയവ ചെയ്ത ഈ ടാങ്കറുകളുടെ വാടക വെള്ളം വാങ്ങുന്നവര് പ്രത്യേകം നല്കണം. 5,000 മുതല് ഏകദേശംi 20,000 ലിറ്ററിൻ്റെ വരെ ടാങ്കറുകളാണ് ഇവിടെ നിന്നും വെള്ളം കൊണ്ടുപോകുന്നത്.
തിരുവനന്തപുരം നഗരസഭയിലെ കുഴിവിള, സൈനിക് സ്കൂള്, ചെമ്പഴന്തി, പൗഡിക്കോണം, ഞാണ്ടൂര്കോണം, വിഴിഞ്ഞം, വെള്ളാര്, കാര്യവട്ടം, ചന്തവിള, തുടങ്ങിയ സ്ഥലങ്ങളിലാണ് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില് കുടിവെള്ള ക്ഷാമം രൂക്ഷം.
വേനല് കടുത്തതോടെ കുടിവെള്ളം പമ്പ് ചെയ്യുന്നത് ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതാണ് മേല് പറഞ്ഞ പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമാവാന് കാരണമെന്നാണ് ജല അതോറിറ്റി അധികൃതര് പറയുന്നത്. എന്നാല്, ജല അതോറിറ്റിയുടെ ഭൂഗര്ഭ കുഴലുകളിലെ ചോര്ച്ച മൂലം 1000 ലിറ്റര് വെള്ളം പമ്പ് ചെയ്താല് 400 ലിറ്ററോളം നഷ്ടമാവുന്നതാണ് നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പ്രധാന കാരണമെന്ന് തിരുവനന്തപുരം മേയര് വി വി രാജേഷ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില് ആരോപിച്ചിരുന്നു.
വെള്ളയമ്പലം ജല സംഭരണിയില് നിന്നാണ് നിലവില് തിരുവനന്തപുരം കോര്പ്പറേഷന് പരിധിയില് കുടിവെള്ള ക്ഷാമം നേരിടുന്ന സ്ഥലങ്ങളിലേക്ക് ടാങ്കറുകളില് വെള്ളം എത്തിക്കുന്നത്. കഴക്കൂട്ടം ഭാഗത്ത് 20,000 ലിറ്ററിൻ്റെ വലിയ ടാങ്കറുകളെ ചെറു ടാങ്കറുകള്ക്ക് വെള്ളം നിറയ്ക്കാനുള്ള പോയിൻ്റുകളായി നിര്ത്തിയിരിക്കുകയാണെന്ന് തിരുവനന്തപുരം കോര്പ്പറേഷന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന് എം ആര് ഗോപന് പറഞ്ഞു.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR