Enter your Email Address to subscribe to our newsletters

Thiruvananthapuram, 21 ഏപ്രില്‍ (H.S.)
കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍ കഴിയും വരെ മെറ്റീരിയല്‍ റൂം ഉള്‍പ്പെടെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്നാണ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇന്ന് രാവിലെ, പാലക്കാട് നെന്മാറ മണ്ഡലത്തിൽ വിക്ടോറിയ കോളജിലെ ഇന്ന് സ്ട്രോങ് റൂം തുറക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് ജില്ലാ കലക്ടർ അതു വേണ്ടെന്നു വച്ചിരുന്നു.
ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അതിന്റെ പേരില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുന്‍പ് മുറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഡക്‌സ് കാര്‍ഡ് തയാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാനോ മുറി തുറക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നെന്മാറയിൽ തുറക്കാനിരുന്നത് സാമഗ്രികൾ സൂക്ഷിച്ച മെറ്റീരിയൽ സ്ട്രോങ് റൂമാണെന്നും ഇവിഎം ഉള്ള സ്ട്രോങ് റൂം അല്ലെന്നും പിന്നീട് കലക്ടർ എം.എസ്.മാധവിക്കുട്ടി വിശദീകരിച്ചു. മെറ്റീരിയൽ റൂം തുറക്കുന്നതിൽ അസ്വാഭാവികതയില്ല. ഫോം 17എ എടുക്കാനാണ് റൂം തുറക്കാൻ തീരുമാനിച്ചത്. വെബ്സൈറ്റിൽ കണക്കുകൾ രേഖപ്പെടുത്താൻ വേണ്ടിയായിരുന്നു ഇത്. എന്നാൽ പിന്നീട് റൂം തുറക്കേണ്ടെന്ന് തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിർദേശപ്രകാരമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുകയെന്നും കലക്ടർ പറഞ്ഞു. പ്രിസൈഡിങ് ഓഫിസർ മറന്നുവച്ച ഡയറി എടുക്കാനാണ് നെന്മാറയിൽ റൂം തുറക്കുന്നതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.
കോഴിക്കോട്ട് വെള്ളിമാടുകുന്ന് ജെഡിടി സെന്ററിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്ട്രോങ് റൂമിനോടു ചേർന്നുള്ള മെറ്റീരിയൽ റൂം തുറന്ന് വൻ വിവാദമായിരിക്കേയാണ് നെന്മാറയിൽ സ്ട്രോങ് റൂം തുറക്കാൻ കമ്മിഷൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ്. അതേസമയം നെന്മാറയിൽ റൂം തുറക്കുന്ന വിവരം സ്ഥാനാർഥികളെ ഫോണിൽ വിളിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർഥി എ.തങ്കപ്പൻ പറഞ്ഞു. അതിൽ അസ്വാഭാവികതയുണ്ടെന്നും സ്ഥാനാർഥികളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
---------------
Hindusthan Samachar / Sreejith S