Enter your Email Address to subscribe to our newsletters

Thrissur , 21 ഏപ്രില് (H.S.)
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിന് ഗുരുതരാവസ്ഥ കൂട്ടിയത് സുരക്ഷാ വീഴ്ചകൾ. അഗ്നിശമന സേനക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലത്താണ് പടക്ക നിർമാണം നടത്തിയത്. അതിനാൽ അപകടമുണ്ടായ സ്ഥലത്ത് അഗ്നിശമനസേന ഏറെ പണിപ്പെട്ടാണ് എത്തിയത്. 110 പേരുടെ മരണത്തിനിടയാക്കിയ പരവൂർ പുറ്റിങ്ങൽ ദേവിക്ഷേത്രത്തിലെ വെടിക്കെട്ടപകടം നടന്നതും പത്തുവർഷത്തിന് മുൻപ് ഇതേപോലൊരു ഏപ്രിലിൽ മാസമായിരുന്നു. 2016 ഏപ്രിൽ 10ന് പുലർച്ചെ 3.30നായിരുന്നു പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തിനിടെ വെടിക്കെട്ട് അപകടമുണ്ടായത്.
അപകടത്തിൽ 110 പേർ മരിക്കുകയും 750 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ക്ഷേത്ര ഭാരവാഹികളും വെടിക്കെട്ട് നടത്തിയവരുമാണ് അപകടത്തിന് കാരണക്കാർ എന്നായിരുന്നു കുറ്റപത്രം. വലിയ രീതിയിലുള്ള വെടിക്കെട്ട് നടത്തരുതെന്ന നിർദേശം ഉദ്യോഗസ്ഥർ വാക്കാലും രേഖാമൂലവും നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കാൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികളോ വെടിക്കെട്ട് നടത്തിപ്പുകാരോ തയ്യാറായിട്ടില്ലെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. ദുരന്തത്തിൽ 2.75 കോടിയുടെ പൊതുമുതൽ നശിക്കുകയും നൂറുകണക്കിന് വീടുകൾക്ക് പൂർണമായും ഭാഗികമായും നാശമുണ്ടാകുകയും ചെയ്തിരുന്നു.
കാറ്റിൽ പറക്കുന്ന നിയമപരമായ നിബന്ധനകൾ
വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് ഫയർ വർക്സ് ഡിസ്പ്ലേസ് സർക്കുലർ, കേരള ഫെസ്റ്റിവൽ ഗൈഡ്ലൈൻസ്, സുപ്രീം കോടതിയുടെ നിർദേശങ്ങൾ, പരിസ്ഥിതി സംരക്ഷണ ചട്ടങ്ങൾ, ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ തുടങ്ങി നിരവധി നിയമങ്ങൾ നിലവിലുണ്ട്. 1986ലെ പരിസ്ഥിതി സംരക്ഷണ നിയമം, 2000ലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ, സുപ്രീം കോടതിയുടെ നിരവധി വിധിന്യായങ്ങൾ എന്നിവ ഉൾപ്പെടെ വ്യക്തമായ നിയമങ്ങൾ നടപ്പിലാക്കേണ്ടത് ജില്ലാ ഭരണകൂടങ്ങളാണ്.
ചട്ടപകാരം മാത്രമേ ഓരോ പ്രദേശത്തും വെടിക്കെട്ട് നടത്താൻ അനുവാദമുള്ളൂ. ചട്ടം ലംഘിച്ചാൽ കുറ്റക്കാർക്ക് പരിസ്ഥിതി സംരക്ഷണ നിയമം 1986 സെക്ഷൻ 15 പ്രകാരം അഞ്ചുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കും. എക്സ്പ്ലോസീവ് ആക്ടിൻ്റെ കാര്യത്തിലും ശിക്ഷകൾ വിഭിന്നമല്ല. ജീവപര്യന്തം തടവുശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിത്.
സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും
- പൊട്ടിത്തെറിക്കുന്ന സ്ഥലത്ത് നിന്ന് നാല് മീറ്റർ അകലത്തിൽ 125 ഡിബി (എഐ) അല്ലെങ്കിൽ 145 ഡിബി (സി) പികെയിൽ കൂടുതൽ ശബ്ദം സൃഷ്ടിക്കുന്ന പടക്കങ്ങളുടെ നിർമാണം, വിൽപ്പന അല്ലെങ്കിൽ ഉപയോഗം നിരോധിച്ചിരിക്കുന്നു.
- പൊട്ടിത്തെറിക്കാവുന്ന പ്രദേശത്തിന് ചുറ്റും ശക്തമായ ബാരിക്കേഡുകൾ സ്ഥാപിക്കുക.
- അപകട മേഖലകളിൽ പൊതുജന പ്രവേശനം കർശനമായി നിയന്ത്രിക്കുക.
- അംഗീകൃത, പരിശീലനം നേടിയ തൊഴിലാളികളാൽ മാത്രം വെടിക്കെട്ട് നടത്തുക.
- അഗ്നിശമന, മറ്റ് അടിയന്തര സേവനങ്ങൾ സ്ഥലത്ത് സജ്ജമാക്കുക.
- അഡീഷണൽ ജില്ലാ മജിസ്ട്രേറ്റിൻ്റെ ലൈസൻസ് നേടണം.
- ചീഫ് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്സിൻ്റെ അനുമതി ഉറപ്പാക്കുക
- പരിസ്ഥിതി മാനദണ്ഡങ്ങൾ കർശനമായി പാലിക്കുക.
- ശബ്ദമലിനീകരണ ചട്ട നിബന്ധനകൾ പാലിക്കുക.
- രാത്രി 10 ന് ശേഷവും രാവിലെ ആറിന് മുമ്പും നടത്തരുത്.
- ഗർഭിണികൾ, കുട്ടികൾ, അവശതയനുഭവിക്കുന്നവർ എന്നിവരെ മാറ്റിനിർത്തുക.
- കാഴ്ചക്കാർ പരവമാധി ഇയർ പ്ലഗ്ഗുകൾ ഉപയോഗിക്കുക.
- റസിഡൻഷ്യൽ ഏരിയയിൽ പൊട്ടിക്കാതിരിക്കുക.
- നിശബ്ദമേഖലകളിൽ (ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, ഗവൺമെൻ്റ് ഓഫിസുകൾ, കോടതികൾ, വന മേഖലകൾ) അതിശബ്ദം ഉണ്ടാക്കുന്ന ഉപകരണങ്ങൾ, കൂടുതൽ ശബ്ദമുള്ള പടക്കങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR