ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന യുദ്ധം നീണ്ടാൽ രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും കനത്ത തിരിച്ചടിയാകുമെന്ന് സൂചന.
Thiruvananthapuram , 21 ഏപ്രില് (H.S.) ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന യുദ്ധം നീണ്ടാൽ രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും കനത്ത തിരിച്ചടിയാകുമെന്ന് സൂചന. പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയിൽ തൊഴിൽ -ശമ്പള നഷ്ടത്തിന് കാരണമാകുമെന്നും അത് ഏറെ
WEST ASIAN CONFLICT


Thiruvananthapuram , 21 ഏപ്രില് (H.S.)

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തുന്ന യുദ്ധം നീണ്ടാൽ രാജ്യത്തിനും പ്രത്യേകിച്ച് കേരളത്തിനും കനത്ത തിരിച്ചടിയാകുമെന്ന് സൂചന. പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് മേഖലയിൽ തൊഴിൽ -ശമ്പള നഷ്ടത്തിന് കാരണമാകുമെന്നും അത് ഏറെ ബാധിക്കുക മലയാളികളെയാവുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

52 ദിവസങ്ങൾ പിന്നിടുന്ന യുദ്ധം ജിസിസി(ഗൾഫ് കോർപ്പറേഷൻ കൗൺസിൽ) രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ബാധിച്ചിട്ടുണ്ടെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം. യുദ്ധം തീർക്കാൻ പാക്കിസ്ഥൻ്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും ഇത് വരെ കൃത്യമായ ഫലപ്രാപ്തിയിൽ എത്തിച്ചേർന്നതായി സൂചനകളില്ല.

ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കുറയും

യുദ്ധം മൂലം ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക വളർച്ച കുറയുമെന്ന് പ്രമുഖ ആഗോള സാമ്പത്തിക ഉപദേശക സ്ഥാപനമായ ഓക്സ്ഫോർഡ് ഇക്കണോമിക്സ് വ്യക്തമാക്കുന്നു. ഇത് കൂടുതൽ ബാധിക്കുക ഈ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ ആയിരിക്കുമെന്നും കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളെ പറ്റി പഠനം നടത്തുന്ന റെജിമോൻ കുട്ടപ്പൻ പറഞ്ഞു. 4.6 ശതമാനത്തിൽ നിന്നും 4.4ലേക്കാകും ഇത് കൂപ്പു കുത്തുകയെന്നാണ് സാമ്പത്തിക ഉപദേശ സ്ഥാപനം വ്യക്തമാക്കുന്നത്. ഏതാണ്ട് എട്ടരലക്ഷം കോടി കോടി ഡോളറിൻ്റെ കുറവാണ് ഔട്ട്പുട്ടിൽ ഉണ്ടാവുകയെന്ന് റെജിമോൻ വ്യക്തമാക്കുന്നു.

എണ്ണ ഉത്പാദനം നിലച്ചതോടെ പ്രതിസന്ധി രൂക്ഷം

ജിസിസി രാജ്യങ്ങളിൽ എണ്ണ ഉത്പാദനം താൽക്കാലികമായി നിർത്തിവച്ചതാണ് ഇതിൻ്റെ പ്രധാന കാരണമെന്നും റെജിമോൻ ചൂണ്ടിക്കാട്ടുന്നു. എണ്ണ ഉത്പാദിപ്പിച്ച് കഴിഞ്ഞാൽ വിറ്റഴിക്കാനായില്ലെങ്കിൽ അത് സംഭരിച്ച് വയ്ക്കണം. ഹോർമുസ് കടലിടുക്ക് അടച്ചത് എണ്ണക്കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംഭരണ സംവിധാനങ്ങൾ എല്ലാം തന്നെ പൂർണമായി നിറഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. കയറ്റുമതിയും പൂർണമായും നിലച്ചു.

ഇന്ത്യയിൽ പ്രധാനമായും ഉപയോഗിക്കപ്പെടുന്ന രാസവളത്തിൽ 45 ശതമാനവും ജോർദാൻ ലബനൻ, ഇസ്രയേൽ മറ്റ് ആറ് ജിസിസി രാജ്യങ്ങൾ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ് എത്തിയിരുന്നത്. ഇത് ഇപ്പോൾ സ്തംഭിച്ചിരിക്കുന്നു. പ്രതിസന്ധി മൂലം ധനവിനിയോഗം ആഭ്യന്തര വിപണിയിൽ കുറഞ്ഞിട്ടുണ്ട്. ഈ മൂന്ന് കാര്യങ്ങളും ഉൾച്ചേർന്ന് വരുന്നതോട് കൂടി പശ്ചിമേഷ്യൻ മേഖല പൂർണമായും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നാണ് ഓക്സഫോർഡ് എക്ണോമിക്സിൻ്റെ കണ്ടെത്തലെന്നും റെജിമോൻ വിശദീകരിക്കുന്നു.

വിനോദ സഞ്ചാര, സേവന, നിർമാണ മേഖലകളിലും പ്രതിസന്ധി

എണ്ണ ഉത്പാദം നിർത്തിവച്ചതിന് പുറമേ യുദ്ധം മൂലം വിനോദ സഞ്ചാര മേഖല, സേവനമേഖല, നിർമാണ മേഖല എന്നിവിടങ്ങളിലും പ്രതിസന്ധി രൂക്ഷമായി. 60 ശതമാനത്തോളം വിമാന സർവ്വീസുകളും ഇത് വരെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ മറ്റിടങ്ങളിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് ആളുകൾ എത്തുന്നില്ല. പല ഇവൻ്റുകളും മാറ്റിവെയ്ക്കപ്പെടുകയോ റദ്ദാക്കപ്പെടുകയോ ചെയ്യുന്നുമുണ്ട്. അതുകൊണ്ട് തന്നെ ടൂറിസം മേഖല കടുത്ത മാന്ദ്യത്തിലാണുള്ളത്.

കാർഗോ കപ്പലുകൾ സർവ്വീസ് നിർത്തിവച്ചതോടെ നിർമാണ സാമഗ്രികളുടെ വരവും മന്ദഗതിയിലായി. അതുകൊണ്ട് തന്നെ നിർമാണ മേഖലയിൽ പല പ്രവർത്തികളും പൂർത്തികരിക്കേണ്ട സമയവും അധികരിക്കുകയാണ്. നിർമാണ പ്രവർത്തികൾ പൂർത്തികരിക്കേണ്ട സമയം അധികരിച്ചതോടെ ചെലവ് ഉയർന്നു. ഇതിനാൽ തന്നെ തൊഴിലാളികളുടെ പല ആനുകൂല്യങ്ങളും വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയും സംജാതമായി.

വിമാന സർവീസുകൾ കുറഞ്ഞത് സേവനമേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് നേരിട്ട് തൊഴിൽ നഷ്ടവും ശമ്പളം വെട്ടിക്കുറയ്ക്കലും നേരിടേണ്ടി വരുന്നുണ്ട്. ആശുപത്രികൾ മുതൽ ടൂറിസം വരെയുള്ള മേഖലകളെയും ഇത് സാരമായി ബാധിക്കുന്നു. ഈ മേഖലയിൽ ശമ്പള വെട്ടിക്കുറവും പിരിച്ചുവിടലുകളും ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

ബാങ്കുകളിൽ ചിലത് പൂട്ടി, ലോണുമില്ല

ജിസിസി രാജ്യങ്ങളിൽ ചിലയിടങ്ങളിൽ സിറ്റി ബാങ്ക് പേലെയുള്ള ബാങ്കുകൾ താത്ക്കാലികമായി സേവനം അവസാനിപ്പിച്ച നിലയിലാണുള്ളത്. മിക്ക ബാങ്കുകളും ലോണുകൾ നൽകുന്നതും നിർത്തിയിട്ടുണ്ട്. ഇത് ഏഷ്യൻ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും പല കമ്പനികളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാണ് ബാധിച്ചിട്ടുള്ളത്. അവരുടെ മാർച്ച് മാസത്തെ ശമ്പളം 15 ദിവസത്തേത് മാത്രമാണ് നൽകിയിട്ടുള്ളത്.

ഏപ്രിൽ മാസത്തിലും സമാന പ്രതിസന്ധി തുടരുകയാണ്. മിക്ക കമ്പനികളിലെ ജീവനക്കാരും പിരിച്ചുവിടൽ, ശമ്പളം വെട്ടിക്കുറയ്ക്കൽ ഭീഷണിയിലാണ്. പ്രമുഖ ഗ്രൂപ്പിൻ്റെ രണ്ട് മാളുകളിലേക്ക് തൊഴിലാളികളെ നൽകുന്ന മലയാളികൾ പ്രതിസന്ധിയിലാണെന്നും റെജിമോൻ സാക്ഷ്യപ്പെടുത്തുന്നു.

യുദ്ധം തുടർന്നാൽ കേരളത്തിന് കടുത്ത പ്രതിസന്ധി

ഏപ്രിൽ മാസവും യുദ്ധം പിന്നിട്ടാൽ കേരളത്തിന് കടുത്ത പ്രതിസന്ധി നേരിടേണ്ടി വരുമെന്നും റെജിമോൻ ആവർത്തിച്ചു. ജിസിസി രാജ്യങ്ങളിലെ കമ്പനി ജീവനക്കാർക്കടക്കമുള്ള ശമ്പളമടക്കമുള്ളവ ഇല്ലാതായാൽ കേരളത്തിലേക്കുള്ള പണത്തിൻ്റെ ഒഴുക്ക് കുറയുകയോ ഇല്ലാതാകുകയോ ചെയ്യും. ഏതാണ്ട് 90 ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്നത്. അതിൽ 30 ലക്ഷത്തോളം പേർ മലയാളികളാണ്. ആകെ 10 ലക്ഷത്തോളം കോടി ഗൾഫ് പണമാണ് ഇന്ത്യയിലേക്ക് എത്തുന്നത്.

അതിൽ രണ്ടര ലക്ഷത്തോളം കോടി രൂപയാണ് കേരളത്തിലെത്തുന്നത്. ഇത് സംസ്ഥാന ബജറ്റിൻ്റെ 16ശതമാനം തുകയാണ്. അതിൽ കുറവോ താമസമോ വന്നാൽ കേരളത്തിൻ്റെ സാമ്പത്തിക നില തകരാറിലാവും. ഗൾഫിൽ നിന്നും എത്തുന്ന പണമാണ് ഇവിടെ ഏറെയും ചിലവഴിക്കപ്പെടുന്നത്. ഇത് വരാതിരുന്നാൽ വിപണിയിൽ വലിയ തോതിലുള്ള നഷ്ടമുണ്ടാവും. ഇത് കോവിഡ് സമയത്തും സംഭവിച്ചു. 2014ൽ എണ്ണ വിലയിൽ ഇടിവ് വന്നപ്പോഴും 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തും ഇത് സംഭവിച്ചിട്ടുണ്ട്.

വീണ്ടും മാന്ദ്യകാലമെന്ന് ലോക ബാങ്ക് റിപ്പോർട്ട്

യുദ്ധത്തെ തുടർന്ന് 2026ൽ ആഗോള സാമ്പത്തിക രംഗത്ത് മാന്ദ്യമനുഭവപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ലോക ബാങ്ക് റിപ്പോർട്ടിനെ ഉദ്ധരിച്ച് റെജിമോൻ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക രംഗത്തിൻ്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 3.3ശതമാനത്തിൽ നിന്നും 3.1 ശതമാനമായി കുറയുമെന്നാണ് ലോക ബാങ്ക് പറയുന്നത്. വലിയ ആഘാതമാവും സാമ്പത്തിക രംഗത്ത് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

രാസവളത്തിൻ്റെ അപര്യാപ്തത കടുത്ത പ്രശ്നമായേക്കും

ഇന്ത്യയിലേക്കുള്ള രാസവള ഇറക്കുമതി കുറഞ്ഞത് കാർഷിക രംഗത്ത് വലിയ ആഘാതങ്ങളുണ്ടാക്കാം. ഒരു വശത്ത് കടമെടുത്ത് കൃഷി ചെയ്യുന്നവർക്ക് ചെലവ് വർധിക്കുമ്പോൾ വളത്തിൻ്റെ അപര്യാപ്തത ഉത്പാദനക്ഷമതയെ ബാധിക്കുകയും അതുവഴി ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഉത്പാദനം കുറഞ്ഞാൽ രാജ്യത്ത് നിലവിലിരിക്കുന്ന പൊതുവിതരണ സമ്പ്രദായത്തെ (റേഷൻ) അത് ബാധിക്കുകയും ചെയ്യും. മരുന്നു നിർമാണമടക്കം പല മേഖലകളിലും യുദ്ധം പരോക്ഷമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിസന്ധി തുടർന്നാൽ സംസ്ഥാനത്തിന് ദോഷം- അഷ്റഫ് കടയ്ക്കൽ

ഇറാൻ- അമേരിക്ക യുദ്ധത്തെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധി തുടർന്നാൽ കേരളത്തിന് കനത്ത ദോഷമുണ്ടാകുമെന്ന് കേരള സർവ്വകലാശാല ഡിപ്പാർട്ട്മെൻ്റ് ഓഫ് ഇസ്ലാമിക് ആൻഡ് വേസ്റ്റേഷ്യൻ സ്റ്റഡീസ് അസിസ്റ്റൻ്റ് പ്രൊഫസർ അഷറഫ് കടയ്ക്കൽ വ്യക്തമാക്കി. പുതുതായി കമ്പനികളിൽ ജോലിക്ക് കയറിയ ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ട്.

ജോലി ചെയ്യുന്നവരുടെ ശമ്പളം വെട്ടിക്കുറച്ചേക്കാമെന്നും അവിടെ ബിസനസിൽ നിക്ഷേപിച്ചവർക്ക് പ്രതികൂല സാഹചര്യമുണ്ടാവുകയും ചെയ്യും. ഇതിൽ നല്ലൊരു ശതമാനം മലയാളികളാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥയെ തകർക്കുന്ന സാഹചര്യത്തിലേക്ക് ഇത് പോകും. ജിസിസി രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയും ഗുണകരമാവില്ല. അമേരിക്ക എല്ലാം സംരക്ഷണവും തങ്ങൾക്ക് നൽകിയിട്ടുണ്ടെന്ന വാദത്തിന് യാതൊരു കഴമ്പുമില്ലെന്ന കാര്യം അറബ് രാജ്യങ്ങൾക്ക് ബോധ്യപ്പെട്ടെന്നും അദ്ദേഹം അറിയിച്ചു.

ഈ പ്രതിസന്ധി ഒരു നിലയ്ക്കും മുന്നോട്ട് പോകാൻ പാടില്ലെന്ന ബോധ്യവും അവർക്കുണ്ട്. അമേരിക്കയിലും ഇത് സംബന്ധിച്ച് പൊതുസമൂഹം മുറവിളി ഉയർത്തുന്നുണ്ട്. ഇറാനും ഇത് മുന്നോട്ട് കൊണ്ടുപോകുന്നതിൽ താത്പര്യമില്ലെന്നാണ് മനസിലാകുന്നത്. അതുകൊണ്ട് തന്നെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാൻ-ഇറാഖ് യുദ്ധം, റഷ്യ യുക്രെയ്ൻ യുദ്ധം എന്നിവ ആഗോള സാമ്പത്തിക രംഗത്തെ ബാധിച്ചിരുന്നില്ല. എന്നാൽ ഈ യുദ്ധ സാഹചര്യം അങ്ങനെയല്ല. യുദ്ധ സാഹചര്യത്തെ ഇറാൻ ബുദ്ധിപരമായി കൈകാര്യം ചെയ്തതാണ് ഇത്തരമൊരു സാഹചര്യം സംജാതമാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ അധികാരത്തിലേറാൻ ഇരിക്കുന്ന പുതിയ സർക്കാരിന് വിഷയം വലിയ തലവേദനയാകും സൃഷ്ടിക്കുക. 2007ൽ രൂപീകരിച്ച കേരള ഇൻ്റർനാഷണൽ സെൻ്റർ എന്ന സംഘടനയുടെ പേരിൽ പുതിയ സർക്കാരിന് നൽകാൻ നിവേദനം തയ്യാറായിട്ടുണ്ട്. ഈ മാസം 25ന് ഇത് പുറത്തിറക്കും. പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമ്പോൾ അദ്ദേഹത്തിന് സമർപ്പിക്കും.

ജിസിസിയിലുള്ള മലയാളികളുടെ കാര്യത്തിൽ ഒരു പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് യുദ്ധത്തിൽ എല്ലാ ഇന്ത്യക്കാരെയും രാജ്യം തിരിച്ചു വിളിച്ചിരുന്നു. അതിൽ ഇപ്പോഴും കുവൈറ്റിൻ്റെ അതൃപ്തി മാറിയിട്ടില്ല.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News