വെടിക്കെട്ട് നിരോധിക്കാനല്ല, രീതി മാറ്റുന്നത് ശുപാർശ ചെയ്യും: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
Thrissur,22 ഏപ്രില് (H.S.) വെടിക്കെട്ട് നിരോധിക്കാനല്ല, രീതി മാറ്റുന്നത് ശുപാർശ ചെയ്യും: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ.. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടുകളുടെ നിലവിലെ രീതികൾ മാറ്റുന്നത് സംബന്ധിച്ച ശുപാർശ സർക്കാരിന് നൽകു
വെടിക്കെട്ട് അപകടം


Thrissur,22 ഏപ്രില് (H.S.)

വെടിക്കെട്ട് നിരോധിക്കാനല്ല, രീതി മാറ്റുന്നത് ശുപാർശ ചെയ്യും: ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ.. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ടുകളുടെ നിലവിലെ രീതികൾ മാറ്റുന്നത് സംബന്ധിച്ച ശുപാർശ സർക്കാരിന് നൽകുമെന്ന് ജുഡീഷ്യൽ അന്വേഷണത്തിന് ചുമതല വഹിക്കുന്ന ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. വെടിക്കെട്ട് നിരോധിക്കണമെന്ന് പറയാനാകില്ല. പരമ്പരാഗതമായി ഈ മേഖലയിൽ ധാരാളം പേർ തൊഴിലെടുക്കുന്നുണ്ട്.

ലോകത്തിലെമ്പാടും വെടിക്കെട്ടുകൾ ഉണ്ട്. കുറച്ചുകൂടി ഭംഗിയുള്ളതും അപകട സാധ്യത കുറവുള്ളതുമാണ് ചൈനീസ് പടക്കങ്ങൾ. അവിടെ ലൈറ്റിനാണ്, ശബ്ദത്തിനല്ല പ്രാധാന്യം. കൃത്യമായ മുൻകരുതലുകൾ എടുത്തുകൊണ്ടുവേണം വെടിക്കെട്ടുകൾ നടത്തേണ്ടതെന്നും രാമചന്ദ്രൻ നായർ മാധ്യമങ്ങളോട് പറഞ്ഞു

ഏറ്റവും വലിയ ചൂടുള്ള സമയത്താണ് തൃശൂർ പൂരം നടക്കുന്നത്. വെടിമരുന്നിന് ചൂട് കൂടിയാൽ തന്നെ തീപിടിക്കാം. മുണ്ടത്തിക്കോട് അപകടമുണ്ടായ വെടിക്കെട്ടുപുരയിൽ ഇലക്ട്രിക് സ്പാർക്കോ മറ്റോ ഉണ്ടായതിന്റെ ലക്ഷണങ്ങളൊന്നുമില്ല. അപകടത്തിന്റെ വ്യാപ്തി കൂടാൻ കാരണം വെടിമരുന്നിന്റെ ഉപയോഗം കൂടുന്നതാണ്.

ഷെഡുകൾ അടുത്തടുത്ത് അല്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ ഇത്രയും വ്യാപ്തിയുള്ള അപകടം സംഭവിക്കില്ലായിരുന്നു. ഒരു ഷെഡിനകത്ത് ഇത്രയധികം ആളുകളെ അനുവദിക്കരുത്. ഇത്രമാത്രം വെടിക്കോപ്പുകൾ അവിടെ സൂക്ഷിക്കുകയും ചെയ്യരുത്. അപകടമുണ്ടായാൽ അവിടേക്ക് സഹായമെത്തിക്കാൻ സൗകര്യമുണ്ടാകണം. തൊഴിലാളികൾക്ക് കൃത്യമായ ബോധവത്കരണവും ആവശ്യമാണ്.

ചട്ടലംഘനങ്ങളും അശ്രദ്ധയും ഉണ്ടായിട്ടുണ്ട്. മുൻകരുതലുകൾ എടുക്കാത്തതിനാലാണ് ഇത്രയും വലിയ അപകടമുണ്ടായത്. സർക്കാരിന്റെ നിയന്ത്രണത്തിലല്ല, അതത് ദേവസ്വങ്ങളാണ് ഇത് ചെയ്യുന്നത്. ഇത്തരം സാധനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടവും ആവശ്യമാണ്.

മുൻപുണ്ടായ അപകടങ്ങളും അതിനെ തുടർന്നുണ്ടായ കണ്ടെത്തലുകളും പുനപരിശോധിക്കും. മറ്റ് സ്ഥലങ്ങളിൽ പൂരം നടത്തുന്നവരുമായും, വിദഗ്ധരുടെ അഭിപ്രായവും കേട്ട് എല്ലാവശങ്ങളും പരിശോധിച്ചാകും റിപ്പോർട്ട് സമർപ്പിക്കുക എന്നും രാമചന്ദ്രൻ നായർ പറഞ്ഞു.

.

ജസ്റ്റിസ് സി എന് രാമചന്ദ്രന് നായര് ഏകാംഗ ജുഡീഷ്യല് കമ്മീഷനാണ് അന്വേഷണത്തിന്റെ ചുമതല. വെടിക്കെട്ടപകടം സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു. ഇന്ന് ഓൺലൈൻ ആയി ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. വെടിക്കെട്ട് അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആണ് നിർദ്ദേശം..

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News