Enter your Email Address to subscribe to our newsletters

Kozhikode , 22 ഏപ്രില് (H.S.)
ഓൺലൈൻ ഓഹരി വ്യാപാരത്തിലൂടെ അമിതലാഭം വാഗ്ദാനം ചെയ്ത് നടത്തുന്ന സൈബർ തട്ടിപ്പിൽ കോഴിക്കോട് സ്വദേശികളായ രണ്ട് പേർക്ക് 4.23 കോടി രൂപ നഷ്ടമായി. ഒരു പ്രമുഖ വ്യാപാരിക്കും ഡോക്ടർക്കുമാണ് വലിയ തുകകൾ നഷ്ടമായത്. തട്ടിപ്പിനിരയായവർ സൈബർ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിൻ്റെ ചുരുളഴിയുന്നത്.
വ്യാപാരിക്ക് നഷ്ടമായത് 2.96 കോടി രൂപ
കോഴിക്കോട്ടെ അറിയപ്പെടുന്ന വ്യാപാരിയെ കഴിഞ്ഞ ജനുവരിയിലാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്. വാട്ട്സ്ആപ്പ് വഴിയാണ് ഇവർ ഇദ്ദേഹവുമായി ബന്ധപ്പെട്ടത്. വിശ്വാസം നേടിയെടുക്കാൻ ആദ്യ ഗഡുവായി 55 ലക്ഷം രൂപ നിക്ഷേപിപ്പിച്ചു. നിക്ഷേപിച്ച തുക മൂന്നിരട്ടിയായെന്നും ഒന്നരക്കോടിയോളം രൂപ ലാഭമുണ്ടായെന്നും തട്ടിപ്പുകാർ ഇദ്ദേഹത്തെ വിശ്വപ്പിച്ചു. ലാഭവിഹിതം പിൻവലിക്കണമെങ്കിൽ ടാക്സ് ഇനത്തിലും മറ്റുമായി വീണ്ടും 1.30 കോടി രൂപ അടയ്ക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങി പലതവണയായി 2.96 കോടി രൂപ ഇദ്ദേഹം കൈമാറി. പണം അക്കൗണ്ടിലേക്ക് വരാതായതോടെ തട്ടിപ്പ് തിരിച്ചറിയുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു.
ഡോക്ടർക്ക് നഷ്ടമായത് 1.27 കോടി രൂപ
ജനുവരി 10 മുതൽ ഏപ്രിൽ 2 വരെയുള്ള കാലയളവിലാണ് രണ്ടാമത്തെ തട്ടിപ്പ് നടന്നത്. ഒരു ഡോക്ടറാണ് ഇതിന് ഇരയായത്. 'നീലം ധവാൻ' എന്ന് പേരുള്ള വ്യക്തി അഡ്മിനായ ആക്സിസ് സെക്യൂരിറ്റീസ് എന്ന വ്യാജ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇദ്ദേഹത്തിന് സന്ദേശങ്ങൾ ലഭിച്ചത്. വിവിധ വെബ്സൈറ്റ് ലിങ്കുകൾ അയച്ചു നൽകി ഓൺലൈൻ ട്രേഡിങ് ചെയ്യാൻ സംഘം ഡോക്ടറെ നിർബന്ധിച്ചു. ഇരട്ടി ലാഭമായിരുന്നു വാഗ്ദാനം. ഡോക്ടറുടെയും ഭാര്യയുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിൽ നിന്നായി 33 തവണയായി 1,27,95,000 രൂപ കൈമാറി.
പൊലീസ് അന്വേഷണം
രണ്ട് കേസുകളിലും അന്വേഷണം ആരംഭിച്ചതായി സൈബർ ക്രൈം പൊലീസ് എസ്ഐ വിനോദ് കുമാർ അറിയിച്ചു. തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വാട്ട്സ്ആപ്പ് നമ്പറുകളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അപരിചിതമായ വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയോ ലിങ്കുകൾ വഴിയോ വരുന്ന ട്രേഡിങ് വാഗ്ദാനങ്ങളിൽ വീഴരുത്. പണം തട്ടിയെടുക്കപ്പെട്ടാൽ ആദ്യത്തെ Golden Hour-ൽ തന്നെ റിപ്പോർട്ട് ചെയ്യുന്നത് പണം തിരികെ ലഭിക്കാൻ സഹായിക്കും.
എവിടെ പരാതിപ്പെടണം?
നിങ്ങളോ നിങ്ങളുടെ പരിചിതരോ ഇത്തരത്തിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ താഴെ പറയുന്ന മാർഗങ്ങൾ സ്വീകരിക്കുക:
ടോൾ ഫ്രീ നമ്പർ: 1930 എന്ന നമ്പറിൽ ഉടൻ വിളിക്കുക.
വെബ്സൈറ്റ്: www.cybercrime.gov.in എന്ന പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യുക.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR