Enter your Email Address to subscribe to our newsletters

Thiruvananthapuram , 22 ഏപ്രില് (H.S.)
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നിലച്ചു. ഭാഭ അറ്റോമിക സെൻ്ററിൽ നിന്നുള്ള സ്വർണ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനാകൂ.
കുറ്റപത്രം നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഈ നടപടി തുടങ്ങാനാകൂ. കുറ്റപത്രം നൽകാൻ വൈകിയതോടെ അറസ്റ്റിലായ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യവും ലഭിച്ചു. ഏഴുമാസമായി അന്വേഷിച്ചിട്ടും എസ്ഐടിക്ക് കേസിൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല
അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായിട്ടും എത്ര സ്വർണമാണ് നഷ്ടമായതെന്നോ അത് എന്ത് ചെയ്തെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വർണം പൊതിഞ്ഞ പഴയ പാളികളാണോ അതോ പുതുതായി തയ്യാറാക്കിയ പാളികളാണോ ഇപ്പോൾ ശബരിമലയിൽ ഉള്ളതെന്നും വ്യക്തമല്ല. തിരുവനന്തപുരം വിഎസ്എസ്സിയിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.
ഇതേത്തുടർന്നാണ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്റിറിലേക്കയച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലുമായി 12 പേരാണ് അറസ്റ്റിലായിരുന്നത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്
പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആവശ്യ പ്രകാരം മെയ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 2025ൽ ദ്വാരകപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള നടപടി എസ്ഐടി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മുൻ ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.
കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനാണ് അവസാനം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരായി.
ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലും ഗൂഢാലോചനയിലുമാണ് ശങ്കരദാസിനെ പ്രതി ചേർത്തിരുന്നത്. 13 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR