നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷവും ഭരണകക്ഷിയും സജീവമായി ഉന്നയിച്ചിരുന്ന ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നിലച്ചു
Pathanamthitta , 22 ഏപ്രില് (H.S.) നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷവും ഭരണകക്ഷിയും സജീവമായി ഉന്നയിച്ചിരുന്ന ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നിലച്ചു. ഭാഭ അറ്റോമിക സെൻ്ററിൽ നിന്നുള്ള സ്വർണ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പ്രത്യേക അന്വേ
Sabarimala


Pathanamthitta , 22 ഏപ്രില് (H.S.)

നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് പ്രതിപക്ഷവും ഭരണകക്ഷിയും സജീവമായി ഉന്നയിച്ചിരുന്ന ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം നിലച്ചു. ഭാഭ അറ്റോമിക സെൻ്ററിൽ നിന്നുള്ള സ്വർണ സാമ്പിൾ പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനാകൂ.

കുറ്റപത്രം നൽകുന്നതിന് സർക്കാർ അനുമതി ആവശ്യമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷമേ ഈ നടപടി തുടങ്ങാനാകൂ. കുറ്റപത്രം നൽകാൻ വൈകിയതോടെ അറസ്റ്റിലായ എല്ലാ പ്രതികൾക്കും സ്വാഭാവിക ജാമ്യവും ലഭിച്ചു. ഏഴുമാസമായി അന്വേഷിച്ചിട്ടും എസ്ഐടിക്ക് കേസിൽ പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

ഇരുട്ടിൽ തപ്പി എസ്ഐടി

അന്വേഷണം തുടങ്ങിയിട്ട് മാസങ്ങളായിട്ടും എത്ര സ്വർണമാണ് നഷ്ടമായതെന്നോ അത് എന്ത് ചെയ്തെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്വർണം പൊതിഞ്ഞ പഴയ പാളികളാണോ അതോ പുതുതായി തയ്യാറാക്കിയ പാളികളാണോ ഇപ്പോൾ ശബരിമലയിൽ ഉള്ളതെന്നും വ്യക്തമല്ല. തിരുവനന്തപുരം വിഎസ്എസ്സിയിൽ ഇതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയെങ്കിലും കൃത്യമായ വിവരം ലഭിച്ചില്ല.

ഇതേത്തുടർന്നാണ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി സാമ്പിൾ ഭാഭ അറ്റോമിക് റിസർച്ച് സെൻ്റിറിലേക്കയച്ചത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലുമായി 12 പേരാണ് അറസ്റ്റിലായിരുന്നത്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഹൈക്കോടതി എസ്ഐടിക്ക് കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.

പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ആവശ്യ പ്രകാരം മെയ് 18 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. 2025ൽ ദ്വാരകപാലക ശിൽപ്പങ്ങൾ സ്വർണം പൂശാനായി കൊണ്ടുപോയ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള നടപടി എസ്ഐടി നടത്തുന്നുണ്ട്. ഇതിൻ്റെ ഭാഗമായി മുൻ ദേവസ്വം പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ എന്നിവരെ കഴിഞ്ഞ ദിവസം വീണ്ടും ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി വിട്ടയച്ചു.

ജാമ്യം നേടി എല്ലാ പ്രതികളും

കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെപി ശങ്കരദാസിനാണ് അവസാനം ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. അതോടെ കേസിലെ മുഴുവൻ പ്രതികളും ജയിൽ മോചിതരായി.

ശബരിമലയിലെ ശ്രീകോവിൽ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിലും ഗൂഢാലോചനയിലുമാണ് ശങ്കരദാസിനെ പ്രതി ചേർത്തിരുന്നത്. 13 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇതിൽ 12 പേരെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.

പ്രതിയായ എസ് ജയശ്രീക്ക് സുപ്രീം കോടതി നേരത്തെ മുൻകൂർ ജാമ്യം നൽകിയിരുന്നു. മറ്റ് ഒൻപത് പേർക്ക് റിമാൻഡ് 90 ദിവസം പൂർത്തിയായി സ്വാഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചിരുന്നു. മുരാരി ബാബു, ഡി സുധീഷ് കുമാർ, കെഎസ് ബൈജു, എ പത്മകുമാർ, എൻ വാസു, ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് പണ്ടാരി ഗോവർദ്ധൻ, എൻ വിജയകുമാർ, എസ് ശ്രീകുമാർ, തന്ത്രി കണ്ഠര് രാജീവര് എന്നിവരെയാണ് സ്വർണക്കൊള്ളക്കേസിൽ അറസ്റ്റ് ചെയ്തത്.

ഇടിച്ച് നിന്ന് ഇഡിയും

കേസിൻ്റെ ആദ്യഘട്ടത്തിൽ പ്രത്യേക താൽപര്യം പ്രകടിപ്പിച്ച ഇഡി അന്വേഷണവും ഇപ്പോൾ ഇഴയുകയാണ്. ഉണ്ണികൃഷ്ണൻ പോറ്റി, എ പത്മകുമാർ അടക്കമുള്ള പ്രധാന പ്രതികളെ ആരെയും ഇഡി വിശദമായി ചോദ്യം ചെയ്തിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥൻ്റെ സ്ഥലം മാറ്റവും കേസിനെ ബാധിച്ചു. അഡി. ഡയറക്ടർ അശുഘോയൽ അലഹബാദിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ശബരിമല സ്വർണക്കൊള്ളയിൽ ഇഡി അന്വേഷണം ആരംഭിച്ചത്. പുതിയ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ടെന്നും കേസ് ഫയൽ പഠിച്ചു കൊണ്ടിരിക്കുകയാണെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. അതിന് ശേഷം മാത്രമേ വിശദമായ അന്വേഷണത്തിലേക്ക് കടക്കൂ.

സ്വർണം സംഭാവന നൽകിയവരെ കണ്ടെത്താനായില്ല

ശബരിമലയിലെ കൊടിമര പുന:പ്രതിഷ്ഠയ്ക്ക് സ്വർണം സംഭാവന നൽകിയവരെ കണ്ടെത്താൻ സംസ്ഥാന വിജിലൻസിനോട് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നാലുപേരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. കൊടിമര പുന:പ്രതിഷ്ഠയുടെ പേരിൽ സ്വർണക്കൊള്ള നടന്നതായി സ്ഥിരീകരിക്കുന്ന മൊഴികളോ തെളിവുകളോ ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സൂചന. സ്വർണം സംഭാവന നൽകിയ 27 പേരെ കണ്ടെത്തി അവർ നൽകിയ സ്വർണം തിട്ടപ്പെടുത്തുന്ന നടപടിയുണ്ടായിരുന്നു. നടൻ മോഹൻലാലും കേന്ദ്രമന്ത്രി സുരേഷ്ഗോപിയുമടക്കം 23 പേരുടെ മൊഴിയെടുത്തിരുന്നു.

2017 ൽ കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡൻ്റും അജയ് തറയിലും സിപിഎം നേതാവ് കെ. രാഘവനും അംഗങ്ങളായ ബോർഡിൻ്റെ കാലത്തായിരുന്നു കൊടിമര പുന:പ്രതിഷ്ഠ നടന്നത്. 2019 ലെ ശബരിമല സ്വർണക്കൊള്ളയിൽ സിപിഎം പ്രതിരോധത്തിൽ നിൽക്കുന്ന ഘട്ടത്തിലാണ് കോൺഗ്രസ് നേതാവ് പ്രസിഡൻ്റായ കാലത്തെ സ്വർണകൊടിമര പ്രതിഷ്ഠയിലും ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നത്. അതോടെ കോടതി നിർദേശ പ്രകാരം ദേവസ്വം വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തി.

ഹൈക്കോടതി നിയോഗിച്ച അഡ്വക്കറ്റ് കമ്മിഷൻ്റെ മേൽനോട്ടത്തിലായിരുന്നു കൊടിമര പുന:പ്രതിഷ്ഠ നടന്നത്. കൊടിമരത്തിന് സംഭാവനയായി ലഭിച്ച സ്വർണം അഡ്വക്കറ്റ് കമ്മിഷൻ കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്നും കൃത്യമായ രസീത് പോലും നൽകിയിട്ടില്ലെന്നും ദേവസ്വം വിജിലൻസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.

തൃപ്തിയോടെ ഹൈക്കോടതി

സ്വർണക്കൊള്ളക്കേസിലെ എസ്ഐടി അന്വേഷണത്തിൽ ഹൈക്കോടതി പൂർണതൃപ്തി രേഖപ്പെടുത്തിയിരുന്നു. കേസിൻ്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് പരിഗണിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി അഭിപ്രായം വ്യക്തമാക്കിയത്. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ കോടതി തെരഞ്ഞെടുത്ത് രൂപവത്കരിച്ചതാണ് എസ്ഐടി. അവർക്ക് ഹൈക്കോടതിയോട് മാത്രമാണ് ഉത്തരവാദിത്വമുള്ളത്. കോടതിക്ക് മുന്നിൽ മാത്രമാണ് അവർ മറുപടി പറയേണ്ടത്. ഒരു ബാഹ്യ സമ്മർദവും ഉണ്ടാകാൻ പാടില്ല. അവർ സമ്മർദത്തിന് വഴങ്ങില്ലെന്നും കോടതി പറഞ്ഞിരുന്നു.

സ്വർണക്കൊള്ളയിൽ നാലുഘട്ടങ്ങളിലായി അന്വേഷണം നടത്താനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. ഒന്നാംഘട്ടത്തിൽ 1998 ൽ യൂബി ഗ്രൂപ്പ് സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളും രണ്ടാംഘട്ടത്തിൽ 2019 ൽ ശ്രീകോവിലിലെ കട്ടിളപ്പാളി അഴിച്ചെടുത്ത് സ്വർണം പൂശാൻ കൊണ്ടുപോയതും മൂന്നാംഘട്ടത്തിൽ ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ച് സ്വർണം പൂശിയതും നാലാംഘട്ടത്തിൽ 2025 ൽ ദ്വാരപാലക ശിൽപ്പങ്ങൾ വീണ്ടും സ്വർണം പൂശിയതുമാണ് അന്വേഷിക്കേണ്ടത്. ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ചെടുത്ത് സ്വർണം പൂശിയ കേസിൽ ആകെ 15 പ്രതികളുണ്ടെന്നും കട്ടിളപ്പാളി കേസിൽ 12 പ്രതികളുണ്ടെന്നും എസ്ഐടി കോടതിയെ അറിയിച്ചിരുന്നു.

അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫിസെന്ന് പ്രതിപക്ഷ നേതാവ്

ശബരിമല സ്വർണക്കൊള്ളക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഇടിവി ഭാരതിനോട് പറഞ്ഞു. സ്വർണക്കവർച്ചക്ക് പിന്നിൽ സിപിഎമ്മാണ്. എസ്ഐടിയുടെ അന്വേഷണം നിലച്ചു. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തിനാൽ പ്രധാന പ്രതികളെല്ലാം ജാമ്യത്തിലിറങ്ങി. എസ്ഐടിയിൽ സിപിഎം ഏജൻ്റുമാരുണ്ട്. കേസ് അവസാനിപ്പിക്കാനാണ് നീക്കമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News