വയനാട് മെഡിക്കൽ കോളജിൽ സി ടി സ്കാൻ സേവനം നിലച്ചിട്ട് ഒന്നരവർഷം. രോഗികൾ കടുത്ത പ്രതിസന്ധിയിൽ
Wayanad , 22 ഏപ്രില് (H.S.) മെഡിക്കൽ കോളജിൽ സി ടി സ്കാൻ സേവനം നിലച്ചിട്ട് ഒന്നരവർഷം. രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടി എത്തുന്ന വയനാട് മെഡിക്കൽ കോളജിൽ സി ടി സ്കാൻ പ്രവർത്തന രഹിതമായത് അടിയന്തര ചികിത്സകളെ തന്നെ
Wayanad medical college


Wayanad , 22 ഏപ്രില് (H.S.)

മെഡിക്കൽ കോളജിൽ സി ടി സ്കാൻ സേവനം നിലച്ചിട്ട് ഒന്നരവർഷം. രോഗികൾ കടുത്ത പ്രതിസന്ധിയിൽ. ജില്ലയിൽ ഏറ്റവും കൂടുതൽ ആളുകൾ ചികിത്സ തേടി എത്തുന്ന വയനാട് മെഡിക്കൽ കോളജിൽ സി ടി സ്കാൻ പ്രവർത്തന രഹിതമായത് അടിയന്തര ചികിത്സകളെ തന്നെ ബാധിക്കുന്ന സാഹചര്യമുണ്ടാക്കുന്നു. അപകടങ്ങൾ അടക്കമുള്ള ഗുരുതര കേസുകളിൽ സി ടി പരിശോധന നിർണായകമായിരിക്കെ രോഗികളെ കിലോമീറ്ററുകൾ അകലെയുള്ള നല്ലൂർനാട് അംബേദ്കർ ക്യാൻസർ സെൻ്ററിലേക്ക് മാറ്റി പരിശോധന നടത്തേണ്ട അവസ്ഥയാണ്.

നവകേരള സദസിൽ ഏഴ് കോടി രൂപ ചെലവിൽ പുതിയ സി ടി യൂണിറ്റ് അനുവദിച്ചെങ്കിലും വരാൻ വൈകിയതോടെ വ്യാപക വിമർശനങ്ങൾ ഉയർന്നു. കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന ഹിന്ദുസ്ഥാൻ എച്ച് സി കമ്പനിയുടെ ഐസ്ട്രീം മോഡൽ മെഷീൻ ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് ഫെബ്രുവരി 18-ന് മെഡിക്കൽ കോളജിൽ എത്തിച്ചു. കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ആദ്യമായി സ്ഥാപിക്കുന്ന ഈ മെഷീൻ 64 സ്ലൈഡുകളുള്ള അത്യാധുനിക സംവിധാനമാണ്.

പഴയ നാല് സ്ലൈഡ് യൂണിറ്റിനെക്കാൾ ഏറെ മെച്ചപ്പെട്ടതാണിത്. 3.98 കോടി രൂപ മെഷീനിനും ബാക്കി തുക അനുബന്ധ സൗകര്യങ്ങൾക്കുമാണ് ചെലവഴിച്ചത്. ഫെബ്രുവരി മാസം അവസാനം പ്രവർത്തനം ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു സേവനവും ലഭ്യമാക്കിയില്ല. ഇതിനിടെ മാർച്ച് 9-ന് അടിയന്തരമായി ഉദ്ഘാടനം നടത്തിയെങ്കിലും ഉദ്ഘാടനത്തിന് ശേഷവും പ്രവർത്തനം തുടങ്ങാത്തത് പ്രതിഷേധങ്ങൾക്ക് വഴിവച്ചു. കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ട് ഓഫിസിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.

രണ്ട് മാസക്കാലമായി ഒരു പ്രിൻ്റ് ഔട്ട് പോലും എടുക്കാൻ സാധിക്കാത്ത സി ടി സ്കാനിൻ്റെ ഉദ്ഘാടനം വെറും പ്രഹസനം മാത്രമായിരുന്നെന്ന് പൊതുപ്രവർത്തകനായ നിഷാന്ത് പറഞ്ഞു. ഇക്കാര്യം ഉത്തരവാദിത്തപ്പെട്ടവർ പൊതുസമൂഹത്തിൽ സമ്മതിക്കണം. അല്ലാത്ത പക്ഷം ഞങ്ങൾ അതിശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കും, അദ്ദേഹം പറഞ്ഞു. ഇതിനിടെ സി ടി സ്കാൻ ലഭിക്കാത്തതിനെ തുടർന്ന് നിരവധി രോഗികൾ ഇപ്പോഴും ദുരിതത്തിലായിരിക്കുകയാണ്. അത്യാധുനിക സംവിധാനങ്ങൾ എത്തിച്ചിട്ടും സേവനം വൈകുന്നതിൽ അധികൃതരുടെ അനാസ്ഥ ചോദ്യം ചെയ്യപ്പെടുകയാണ്. വേഗത്തിൽ സി ടി സ്കാൻ പ്രവർത്തനം ആരംഭിക്കണമെന്നാണ് രോഗികളുൾപ്പെടെയുള്ള ജനങ്ങളുടെ ആവശ്യം.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News