തെറ്റിദ്ധാരണ പരത്തുന്നു'; പ്രസവത്തെ കുറിച്ചുള്ള അഖില് മാരാരുടെ പ്രസ്താവനയില് പരാതി നല്കി ഡോക്ടര്
Thiruvananthapuram , 23 ഏപ്രില് (H.S.) ബിഗ് ബോസ് താരവും സംവിധായകനും തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥിയുമായ അഖില് മാരാർക്ക് എതിരെ സ്ത്രീകളുടെ പ്രസവത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരില് പരാതി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള് സാമൂഹിക മാധ്യമങ്ങളില്
Akhil Maarar


Thiruvananthapuram , 23 ഏപ്രില് (H.S.)

ബിഗ് ബോസ് താരവും സംവിധായകനും തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥിയുമായ അഖില് മാരാർക്ക് എതിരെ സ്ത്രീകളുടെ പ്രസവത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരില് പരാതി.

അദ്ദേഹത്തിന്റെ അഭിപ്രായങ്ങള് സാമൂഹിക മാധ്യമങ്ങളില് ഏറെ ചർച്ചയായതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പിലെ മെഡിക്കല് ഓഫീസർ ഡോ. കെ പ്രതിഭ, ചീഫ് സെക്രട്ടറിയെ സമീപിച്ചത്. കേരള പൊതുജനാരോഗ്യ നിയമപ്രകാരം അഖില് മാരാറിനെതിരെ നടപടി ആവശ്യപ്പെട്ടാണ് ഡോ. പ്രതിഭ പരാതി നല്കിയിരിക്കുന്നത്.

ഒരു പൊതുപരിപാടിയില് വെച്ച് അഖില് മാരാർ പറഞ്ഞത്, ഒരു കാലത്ത് സ്ത്രീകള്ക്ക് പ്രസവം വളരെ എളുപ്പമായിരുന്നു എന്നാണ്. നിലവില് ആശുപത്രികളും മാതാപിതാക്കളുമാണ് അതിനെ സങ്കീർണ്ണമാക്കിയതെന്നും അദ്ദേഹം വാദിച്ചു. ഗർഭധാരണത്തെ ഒരു മാരകരോഗം പോലെയാണ് ഇപ്പോള് അവതരിപ്പിക്കുന്നതെന്നും, മുൻപ് സ്ത്രീകള് പ്രസവിച്ച ശേഷം ഉടൻതന്നെ കഠിനമായ വീട്ടുജോലികള് ചെയ്തിരുന്നതായും മാരാർ ഓർമ്മിപ്പിച്ചിരുന്നു.

എന്നാല് അഖില് മാരാരുടെ ഈ പ്രസ്താവനകള് വസ്തുതാവിരുദ്ധമാണെന്ന് ഡോ. പ്രതിഭ തന്റെ രേഖാമൂലമുള്ള പരാതിയില് ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ നിലവിലെ ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളില് തെറ്റിദ്ധാരണ പരത്താനാണ് മാരാർ ശ്രമിച്ചതെന്ന് അവർ ആരോപിച്ചു. ഇത്തരം അഭിപ്രായങ്ങള് സാധാരണ സംസാര സ്വാതന്ത്ര്യത്തിന്റെ പരിധിയില് കൊണ്ടു വരാൻ കഴിയില്ലെന്നും, കാരണം ഇവ പൊതുജനാരോഗ്യത്തില് കാര്യമായ സ്വാധീനം ചെലുത്തുമെന്നും പരാതിക്കാരി വ്യക്തമാക്കി.

അഖില് മാരാർ ഒരു സംവിധായകനും കലാകാരനും പ്രമുഖനായ പൊതുപ്രവർത്തകനുമാണെന്ന് ഡോ. പ്രതിഭ എടുത്തുപറഞ്ഞു. അതിനാല് അദ്ദേഹത്തിന്റെ വാക്കുകള്ക്ക് വലിയ സ്വാധീനമുണ്ടാകും. അദ്ദേഹത്തിന്റെ മറുപടി ഓണ്ലൈനില് പ്രചരിച്ചതോടെ, മാതൃ-ശിശു ആരോഗ്യ സേവനങ്ങളെക്കുറിച്ച് ആശയക്കുഴപ്പങ്ങള് സൃഷ്ടിക്കുകയും, ആരോഗ്യ സ്ഥാപനങ്ങളിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയും ചെയ്തെന്ന് അവർ കൂട്ടിച്ചേർത്തു.

അഖില് മാരാരുടെ പരാമർശങ്ങള് സുരക്ഷിതമായ പ്രസവങ്ങള്ക്കും ഗർഭകാല പരിചരണത്തിനുമായി ആശുപത്രികളെ സമീപിക്കുന്നതില് നിന്ന് സ്ത്രീകളെ പിന്തിരിപ്പിച്ചേക്കുമെന്നും ഡോ. പ്രതിഭ മുന്നറിയിപ്പ് നല്കി. ഗർഭിണികളുടെ സുരക്ഷയ്ക്കായി കേന്ദ്ര-സംസ്ഥാന സർക്കാരുകള് നിരവധി പദ്ധതികള് നടപ്പാക്കുന്നുണ്ടെന്നും അവർ ഊന്നിപ്പറഞ്ഞു. ഇന്നത്തെ സ്ത്രീകളെ അമ്പത് വർഷം മുൻപുള്ളവരുമായി താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നും അവർ വാദിച്ചു.

സുരക്ഷിതമായ പ്രസവവും ആരോഗ്യമുള്ള അമ്മയും കുഞ്ഞുമെന്ന ലക്ഷ്യം മുന്നില് കണ്ട് കേരള സർക്കാർ നിലവില് സൗജന്യ ചികിത്സയും പരിചരണവും ഉറപ്പാക്കുന്നുണ്ട്. ഇതൊക്കെ അറിഞ്ഞിട്ടും പ്രസവത്തെ സങ്കീർണ്ണമാക്കിയത് ആശുപത്രികളാണെന്ന് അഖില് മാരാർ ആരോപിച്ചുവെന്നും പരാതിയില് പറയുന്നു. കേരള പൊതുജനാരോഗ്യ നിയമപ്രകാരം മാരാറിനെതിരെ ആവശ്യമായ നടപടികള് സ്വീകരിക്കാൻ ഡോ. പ്രതിഭ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഈ വിവാദങ്ങള്ക്കിടെ അഖില് മാരാർ തന്റെ നിലപാടിനെ ന്യായീകരിച്ചിരുന്നു. പുരോഗമനവാദികളും ഫെമിനിസ്റ്റുകളും തന്റെ വാക്കുകള് വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഗർഭധാരണത്തിന്റെ വാണിജ്യവല്ക്കരണവും കേരളത്തിലെ സിസേറിയൻ നിരക്കിലെ വർധനവുമാണ് യഥാർത്ഥ പ്രശ്നമെന്നും, ഇത് സ്വകാര്യ ആശുപത്രികളുമായി ബന്ധപ്പെട്ടതാണെന്നും അഖില് മാരാർ വാദിച്ചു. മാത്രമല്ല തനിക്കെതിരായ ഭൂരിഭാഗം വിമർശനങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞു.

തന്റെ ഭാര്യക്ക് അഞ്ച് കുട്ടികളെ വേണമെന്ന ആഗ്രഹമുണ്ടെന്നും, അതിനെ പിന്തുണയ്ക്കുകയാണ് താൻ ചെയ്തതെന്നും അഖില് മാരാർ കൂട്ടിച്ചേർത്തു. എന്നാല് അഖില് മാരാരുടെ നിലപാട് സാമൂഹിക മാധ്യമങ്ങളില്, പ്രത്യേകിച്ച് കേരളത്തിലെ യുവാക്കളില് നിന്ന് തന്നെ വിമർശനം നേരിടുന്നുണ്ട്. അതിനിടയിലാണ് അഖില് മാരാർ ന്യായീകരണവുമായി രംഗത്ത് വരുന്നത്. ഇതോടെ വീണ്ടും സോഷ്യല് മീഡിയയില് മാരാർക്ക് എതിരെ രൂക്ഷമായ വിമർശനം ഉയരുന്നുണ്ട്.

---------------

Hindusthan Samachar / CHANDHU CHANDRASEKHAR


Latest News