Enter your Email Address to subscribe to our newsletters

Ernakulam , 23 ഏപ്രില് (H.S.)
ഭൂട്ടാൻ വാഹനകള്ളക്കടത്ത് തടയുന്നതിന് കർമ്മ പദ്ധതി. ഇരു രാജ്യങ്ങളുടെയും കസ്റ്റംസ് സഹകരണം ചർച്ച ചെയ്യാൻ ഇന്ത്യയിലെയും ഭൂട്ടാനിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർ പങ്കെടുത്ത സംയുക്ത യോഗം ഇന്ന് സമാപിക്കും.
മൂന്നാറിൽ നാല് ദിവസം നീണ്ടു നിന്ന സംയുക്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തതെന്ന് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ ഡോ ടിജു ഇടിവി ഭാരതിനോട് പറഞ്ഞു. എന്നാൽ നയതന്ത്ര പ്രാധ്യാന്യമുള്ള തീരുമാനങ്ങളുടെ വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെയും ഭൂട്ടാനിലെയും പ്രധാനപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥരാണ് നാല് ദിവസത്തെ യോഗത്തിൽ മുഴുവൻ സമയം പങ്കെടുത്തത്.
ഭൂട്ടാനിൽ നിന്നുള്ള അനധികൃത വാഹനക്കടത്ത് തടയാൻ കസ്റ്റംസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നടത്തിയ ഓപ്പറേഷൻ നുംഖൂറിൻ്റെ തുടർച്ചയായാണ് ഇന്ത്യ ഭൂട്ടാൻ കസ്റ്റംസ് സംയുക്ത യോഗം നടന്നത്. കസ്റ്റംസ് രംഗത്തെ സുപ്രധാന വിഷയങ്ങൾ ചർച്ചയായ സംയുക്ത യോഗത്തിൽ ഓപ്പറേഷൻ നുംഖൂർ തന്നെയായിരുന്നു പ്രധാന ചർച്ചാ വിഷയം.
ഭൂട്ടാനിൽ നിന്നുള്ള വാഹനങ്ങളുടെ കടത്ത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും സംയുക്ത യോഗത്തിൽ ചർച്ചകൾ നടന്നു. ഭൂട്ടാനിൽ നിന്നുള്ള 10 കസ്റ്റംസ് ഉദ്യോഗസ്ഥരും ഇന്ത്യയിലുള്ള 15 കസ്റ്റംസ് ഉദ്യോഗസ്ഥരുമാണ് സംയുക്ത യോഗത്തിൽ പങ്കെടുത്തത്. ഓപ്പറേഷൻ നുംഖൂറിൻ്റെ ഭാഗമായി കേരളത്തിൽ 30 ഇടങ്ങളിൽ ഒരേസമയം പരിശോധന നടത്തുകയും ഭൂട്ടാനിൽ നിന്ന് അനധികൃതമായി കടത്തിയ 50ലധികം വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
സിനിമാതാരങ്ങൾ ഉൾപ്പെടെ നിരവധി പ്രമുഖരുടെ വീടുകളിലും കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി അസമിലെ ബോംഗായ്ഗാവ് ഡിസ്ട്രിക്ട് ട്രാൻസ്പോർട്ട് ഓഫീസറായിരുന്ന ദീപക് പട്ടോവാരിയുടെ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഏപ്രിൽ 14-ന് തള്ളിയിരുന്നു. ഇയാൾ വ്യാജരേഖകൾ ഉപയോഗിച്ച് 460-ലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
പശ്ചിമ ബംഗാൾ സ്വദേശിയായ ബിശ്വാദീപ് ദാസ് ആണ് കേസിലെ പ്രധാന സൂത്രധാരനെന്ന് കസ്റ്റംസ് കരുതുന്നത്. ഇയാളെക്കൂടാതെ അസം സ്വദേശികളായ അയൂബ് അലി, മുസ്തഫ അഹമ്മദ് (റിങ്കു), ജലാൽ മണ്ഡൽ എന്നിവരെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത 43 വാഹനങ്ങളിൽ 33 എണ്ണം ഉടമകൾക്ക് താൽക്കാലികമായി വിട്ടുനൽകിയിട്ടുണ്ട്. സെക്ഷൻ 110എ പ്രകാരം ബാങ്ക് ഗ്യാരണ്ടി നൽകിയാലാണ് ഇവ വിട്ടുനൽകുന്നത്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ചതുൾപ്പടെയുള്ള വാഹനങ്ങൾ ടൂറിസ്റ്റ് വാഹനങ്ങൾ എന്ന വ്യാജേനെയാണ് ഇന്ത്യയിലേക്ക് കടത്തിയിരുന്നത്. തുടർന്ന് വ്യാജ രേഖകൾ ചമച്ച് ഹിമാചൽ പ്രദേശ്, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്താണ് കേരളമുൾപ്പടെയുളള സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്. ഇതുവഴി വലിയ തോതിലുള്ള നികുതി വെട്ടിപ്പ് നടന്നതായാണ് കസ്റ്റംസ് കണ്ടെത്തിയത്.
---------------
Hindusthan Samachar / CHANDHU CHANDRASEKHAR